പശുനയം പിരിഞ്ഞ പാലുപോലെ; ബി.ജെ.പി വിട്ട് ആയിരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനം ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. പാര്‍ട്ടിയുടെ ഭക്ഷണക്രമനിയന്ത്രണത്തിലും പശുരാഷ്ട്രീയത്തിലും പ്രതിഷേധിച്ച് മേഘാലയില്‍ അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ ബിജെപി വിട്ടു. ആദിവാസി ഗോത്രവിഭാഗങ്ങളില്‍ ഹിന്ദുത്വ ആശയം അടിച്ചേല്‍പിക്കുകയാണ് എന്ന ആരോപണവും ശക്തമാകുകയാണ്.

ബീഫ് കഴിക്കുന്ന ഗോത്രവിഭാഗങ്ങളെ ബിജെപി അടിച്ചമര്‍ത്തുകയാണെന്ന് രാജിവെച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം ഡാന്‍ഗോ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ ക്യാമ്പെയ്ന്‍ നല്ല രീതിയിലല്ല നടക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ബാഷെയ്ലാങ് കോങ്വീര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണിതെന്നും ബിജെപി നേതാവ് ആരോപിച്ചു. മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖ്യചുമതലയുള്ള നേതാവ് നളിന്‍ കോഹ്ലി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ഹിന്ദുത്വം അടിച്ചേല്‍പിക്കുകയാണെന്നാരോപിച്ച് ബിജെപി നേതാവ് ബെര്‍ണാഡ് മാറക് രാജിവെച്ചിരുന്നു. ബീഫ് വിഷയത്തില്‍ ബിജെപി ജനങ്ങളുടെ വികാരത്തെ മുറിവേല്‍പിക്കുകയാണെന്നും ഗോത്രസമൂഹത്തിന് അവരുടേതായ രീതിയുണ്ടെന്നും ബെര്‍ണാഡ് പ്രതികരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി മുമ്പ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like