വഴക്ക് കൈകാര്യം ചെയ്യുന്നതിലുളള കഴിവുകേടാണ് പ്രശ്‌നം; ഗൂഗിള്‍ സിഇഒ സുന്ദര്‍ലാല്‍ പിച്ചെയുടെ കഥ വൈറലാകുന്നു

ജിവിതത്തെ കുറിച്ച് ഒരു ചെറിയ പാഠം,ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞ കഥ കേള്‍ക്കുക

ഗൂഗിളിന്റെ സിഇഒ യായി സുന്ദര്‍ പിച്ചെ നിയമിതനായതു മുതല്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ കുറിച്ചും വളര്‍ന്ന സാഹചര്യത്തെ കുറിച്ചും ധാരാളം കഥകള്‍ നമ്മള്‍ കേട്ടു. കഥ പറയുന്നതില്‍ സുന്ദര്‍ പിച്ചെ മിടുക്കനാണു താനും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം പാറ്റയെ കുറിച്ച് സുന്ദര്‍ പിച്ചെ പറഞ്ഞ ഒരു കഥയാണ്.

‘ഒരു റസ്റ്റോറന്റ്. എവിടെ നിന്നോ പറന്നു വന്ന പാറ്റ ഒരു സ്ത്രീയുടെ ദേഹത്തിരുന്നു. സ്ത്രീ പേടി കൊണ്ട് അലറിക്കരഞ്ഞു.ഇരുന്നിരുന്ന കസേരയില്‍ നിന്ന് എടുത്തു ചാടി. പാറ്റയെ തട്ടി മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു.സ്ത്രീയുടെ ഭയചകിതയായുളള പ്രതികരണം ഒപ്പമുളളവരിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. ഒരു വിധം സ്ത്രീ പാറ്റയെ തന്റെ ദേഹത്ത് നിന്ന് തട്ടിയെറിഞ്ഞു.

പക്ഷെ പാറ്റ ചെന്ന് വീണത് മറ്റൊരു സ്ത്രീയുടെ ദേഹത്ത്. അവിടേയും നിലവിളി, പിന്നെ കൂട്ടനിലവിളി. റസ്റ്റോറന്റിലെ കൂട്ട ബഹളം കേട്ട് റോഡില്‍ പോലും ആള്‍ക്കൂട്ടമായി.ഇതു കണ്ട വെയ്റ്റര്‍ സംഭവസ്ഥലത്തേക്ക് ഓടി വന്നു. ബഹളത്തിനിടിയില്‍ പാറ്റ വെയിറ്ററുടെ ദേഹത്തായി. അയാള്‍ അനങ്ങാതെ നിന്നു. തന്റെ ദേഹത്ത് കൂടിയുളള പാറ്റയുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. മെല്ലെ അതിനെ പിടികൂടി റസ്റ്റോറന്റിന്റെ പുറത്തേക്കെറിഞ്ഞു.

ഇതെല്ലാം കണ്ട് ചായ കുടിച്ചിരിക്കുകയായിരുന്ന എന്റെ ചിന്ത ഈ സംഭവത്തിന് പിന്നാലെയായി.
ഈ റസ്റ്റോറന്റിനെ മൊത്തം ബഹളമയമാക്കാന്‍ കാരണക്കാര്‍ ആരാണ്?പാറ്റയാണെങ്കില്‍ വെയിറ്ററെ അത് ബാധിക്കാത്തത് എന്താണ്?എത്ര ശാന്തതയോടെയാണ് വെയിറ്റര്‍ ഈ സംഭവത്തെ കൈകാര്യം ചെയ്തത്. അപ്പോള്‍ പാറ്റയല്ല പ്രശ്‌നം.സംഭവം കൈകാര്യം ചെയ്ത സ്ത്രീകളാണ് സംഭവത്തിന് കാരണക്കാര്‍.

പാറ്റയല്ല,പാറ്റയുണ്ടാക്കിയ ശല്യം മന:സ്ഥൈര്യത്തോടെ കൈകാര്യം ചെയ്യാനാകാത്ത സ്ത്രീകളുടെ മനോഭാവമാണ് പ്രശ്‌നം.എന്റെ അച്ഛനും ഭാര്യയും മക്കളുമുണ്ടാക്കുന്ന വഴക്ക് അല്ല എന്റെ പ്രശ്‌നം. ആ വഴക്ക് കൈകാര്യം ചെയ്യുന്നതിലുളള എന്റെ കഴിവുകേടാണ് പ്രശ്‌നം.റോഡിലെ ട്രാഫിക് ജാം അല്ല പ്രശ്‌നം,ആ ട്രാഫിക് ജാമിനെ ശാന്തതയില്‍ കൈകാര്യം ചെയ്യാനാകാത്തതാണ് എന്റെ പ്രശ്‌നം.
പ്രശ്‌നത്തേക്കാള്‍ എന്റെ ജീവിതത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് പ്രശ്‌നം ഞാന്‍ കൈകാര്യം ചെയ്യുന്ന രീതിയാണ്.ഈ കഥയില്‍ നിന്നുളള ഗുണപാഠം ഇതാണ് –
പ്രതികരണം പൊടുന്നനെയുളളതാണ്.എന്നാല്‍ അല്‍പമൊന്ന് മനസിരുത്തിയാല്‍ സംഭവങ്ങള്‍ നമ്മുടെ കൈവിട്ടു പോകാതെ നോക്കാനാകും.

സ്ത്രീ ബഹളം കൂട്ടി പാറ്റയെ തട്ടി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ റസ്റ്റോറന്റ് ബഹളമയമായി. വെയിറ്റര്‍ പാറ്റയെ ശാന്തതയോടെ പിടിച്ചപ്പോള്‍ റസ്റ്റോറന്റ് ശാന്തമായി. ജീവിതത്തെ ഇതിലും മനോഹരമായി മനസിലാക്കാന്‍ വേറെ ഒരു കഥ വേണോ? എത്ര സുന്ദരമാണ് ജീവിതം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel