കലാപ ശ്രമം അമിത് ഷായുടെ തന്ത്രം; ആക്രമണങ്ങള്‍ ആസൂത്രിതം; ഫസല്‍ വധക്കേസ് പുനരന്വേഷിക്കണം: കോടിയേരി

തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനേയും എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് ജിനേഷിനേയും നേരിട്ട് ആക്രമിച്ചത് ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്.

സിപിഐ എം നേതാക്കളേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നുള്ളത് ആര്‍എസ്എസിന്റെ യോഗം എടുത്തിട്ടുള്ള തീരുമാനമാണ്. സിപിഐ എം നേതാക്കളെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മറ്റും ഭീഷണിപെടുത്തുന്നത് ഇതിന്റെ ഭാഗമാണ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്ന് പോയതിന് ശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കയാണ്. അമിത് ഷാ ചോദിച്ചത് ‘ഇവിടെഭരണം പിടിക്കാന്‍ ഒരു സൂത്രവിദ്യയുണ്ട്. അത് നടപ്പാക്കാന്‍ ഇവിടത്തെ ബിജെപി നേതാക്കള്‍ക്ക് കഴിയുമോ’ എന്നാണ്. ആ സൂത്രവിദ്യ ഇതാണ്. സിപിഐ എമ്മിന്റെ നേതാക്കളെ കയറി ആക്രമിക്കുക. അപ്പോള്‍ സ്വാഭാവികമായും ചെറുത്ത് നില്‍പ്പ് വരും. അങ്ങിനെ വരുമ്പോള്‍ കേരളത്തെ കലാപകേന്ദ്രമാക്കിമാറ്റാം. അതിനാണ് സംഘപരിവാറിന്റെ ശ്രമം.

സിപിഐ എം ജില്ലാസെക്രട്ടറിയെ കൊലപ്പെടുത്താനാണ് ഇന്നലെ ബോംബെറിഞ്ഞത്. അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ തുടര്‍ച്ചയായ അക്രമങ്ങള്‍ ആണെന്നും ക്രമസമാധാനം തകര്‍ന്നും എന്നും വരുത്തണം. അതിനാല്‍ തന്നെ സിപിഐ എം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം. ആര്‍എസ്എസിന്റെ പ്രകോപനങ്ങളില്‍ പെട്ടുപോകരുത്.

മറ്റ് പാര്‍ടികളുടെ ഓഫീസുകളോ മറ്റോ ആക്രമിക്കുന്നതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഭാഗവാക്കാകരുത്. സംഘപരിവാര്‍ ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി എല്‍ഡിഎഫ് 12ന് വൈകിട്ട് നാലുമുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ നടത്തും.

തലശ്ശേരി ഫസല്‍ വധക്കേസില്‍ പുതിയ മൊഴികള്‍ പുറത്തുവന്നിരിക്കയാണ്. ഇനിയെങ്കിലും സിബിഐ നിലപാട് തിരുത്തണം. കേസില്‍ സിപിഐ എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും പ്രതികളാക്കിയത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ആ കൊലപാതകത്തിന് പിന്നിലും ആര്‍എസ്എസുകാര്‍ തന്നെയാണെന്നാണ് പുതിയ വെളിപെടുത്തല്‍ വന്നിട്ടുള്ളത്. മൊഴി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍എസ്എസുകാരനായ സുബീഷ് വ്യക്തമായി പറയുന്നത് തങ്ങള്‍തന്നെയാണ് ഫസലിനെ കൊന്നതെന്നാണ്.

കേസില്‍ സിപിഐ എം നേതാക്കളെ ഗൂഢാലോചന കുറ്റം ചുമത്തി 3 വര്‍ഷമാണ് തടവിലിട്ടത്. ജാമ്യം ലഭിച്ചെങ്കിലും എറണാകുളം വിട്ടുപോകാനുള്ള അനുമതിയില്ല. പൌരാവകാശങ്ങള്‍പോലും ലംഘിക്കപ്പെട്ടാണ് അവര്‍ കഴിയുന്നത്. ഇനിയെങ്കിലും സിബിഐ യഥാര്‍ത്ഥ പ്രതികളെ പിടികൂടണം. അല്ലാതെ തങ്ങള്‍ക്കുസംഭവിച്ച തെറ്റ് ന്യായീകരിക്കുന്നത് നീതിന്യായവ്യവസ്ഥക്ക് തന്നെ കളങ്കമാകും. ഫസല്‍ വധക്കേസ് പുനരന്വേഷിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here