തിരുവനന്തപുരം: പുതിയ മദ്യനയത്തോടെ സംസ്ഥാനത്ത് മദ്യമൊഴുകുമെന്ന വാദം നിലനില്‍ക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടഞ്ഞു കിടക്കുന്നതില്‍ 94 ബാറുകള്‍ക്കു മാത്രമാണ് ലൈസന്‍സ് ലഭിക്കുക. നിലവില്‍ നക്ഷത്ര പദവിയുള്ള 58 ഫോര്‍ സ്റ്റാര്‍ ബാറുകളും, 36 ത്രീ സ്റ്റാറുകള്‍ക്കും മാത്രമാണ് പുതുതായി പ്രവര്‍ത്തനാനുമതി ലഭിക്കുക.
ഇപ്പോള്‍ 23 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതു കൂടി കൂട്ടിയാല്‍ ആകെ 117 ബാറുകള്‍ക്കായിരിക്കും പ്രവര്‍ത്തനാനുമതി. പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യ ഉപഭോഗം കൂടില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നതും ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. നേരത്തെ നക്ഷത്ര പദവിയില്ലെങ്കിലും , മതിയായ സൗകര്യമുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.
എന്നാല്‍ പുതിയ മദ്യ നയമനുസരിച്ച് നക്ഷത്ര പദവിയുണ്ടെങ്കില്‍ മാത്രമാണ് ബാര്‍ ലൈസന്‍സ് ലഭിക്കുക. കര്‍ശനമായ ഈ വ്യവസ്ഥ മദ്യനയത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബാറുകളുടെ എണ്ണത്തിന്‍ മേല്‍ നിയന്ത്രണമുറപ്പാക്കുന്നത്. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 815 ബിയര്‍ പാര്‍ലറുകളില്‍ 474 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ദേശീയ പാതയോരക്കരികിലെ ബാര്‍ നിരോധിച്ചുള്ള സുപ്രീം കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ 315 എണ്ണം അടച്ചു പൂട്ടി. റോഡില്‍ നിന്നും 500 മീറ്റര്‍ മാറി പുതിയ സൗകര്യം കണ്ടെത്തിയാല്‍ മാത്രമേ ഈ പാര്‍ലറുകള്‍ക്കും അനുമതി ലഭിക്കൂ. അടച്ചു പൂട്ടുന്ന സമയത്ത് 750 ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. മദ്യമൊഴുക്കെന്ന പ്രതിപക്ഷ വാദം ഇതോടെ തീര്‍ത്തും അപ്രസക്തമാകുകയാണ്
Get real time update about this post categories directly on your device, subscribe now.