അങ്ങ് മേഘാലയയിലും ബീഫ് ഫെസ്റ്റ്; അതും ബീഫിന്റെ പേരില്‍ ബിജെപി വിട്ടിറങ്ങിയവര്‍; കാണേണ്ടവര്‍ കാണുന്നുണ്ടല്ലൊ

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കശാപ്പ് നിരോധനത്തിന്റെ പേരില്‍ ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇരമ്പിയത്. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് മുതല്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ.

ബി.ജെ.പി നേതാക്കളുടെ രാജിയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മേഘാലയയിലെ 50,000 ത്തോളം ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു.
തങ്ങളുടെ സംസ്‌കാരത്തിനെതിരായി ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പാര്‍ട്ടി ശ്രമത്തെ തുടര്‍ന്നാണ് താന്‍ ബി.ജെ.പി വിട്ടതെന്ന് ബി.ജെ.പിയുടെ മുന്‍ പശ്ചിമ ഗാരോ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

ബീഫ് കഴിക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. തങ്ങളുടെ സംസ്‌കാരത്തിന് കന്നുകാലി മാംസവുമായി എത്രത്തോളം ബന്ധമുണ്ടെന്ന ബീഫ് ഫെസ്റ്റ് നടത്തി ഉറക്കെ പറയാനാണ് ഉദ്ദേശിക്കുന്നത്.

സര്‍ക്കാര്‍ കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ തന്നെ മേഘാലയില്‍ പ്രതിഷേധം ശക്തമായിരുന്നു. പാര്‍ട്ടിയില്‍ നിന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെക്കുന്നതിനിടയില്‍ തന്നെയാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ബീഫ് ഫെസ്റ്റ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here