രക്തമൂറ്റുന്ന ഹിജാമചികിത്സ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍

ഹിജാമ ചികിത്സയിലെ അശാസ്ത്രീയതയെപ്പറ്റി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കില്‍ വന്ന ലേഖനത്തിനു മറുപടിയായി യുനാനി ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് …ഡോ. അബ്ദുള്‍ വഹാബ് എഴുതുന്നു

രാജ്യത്ത് മോഡേണ്‍ മെഡിസിനു പുറമെ അംഗീകാരം ലഭിച്ചിട്ടുള്ള ചികിത്സകളാണ് യുനാനി, ആയുവ്വേദം, ഹോമിയോ, പ്രകൃതി ചികിത്സ, സിദ്ധ, സോവ റിഗ്പ എന്നിവ.മോഡേന്‍ മെഡിസിനും മറ്റു ബദല്‍ ചികിത്സകളും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തെത് എവിഡന്‍സ് ബേസ്ഡ് ആണ് അതായത് ശാസ്ത്രീയമാണ് എന്നതാണ്. എന്നാല്‍ ബദല്‍ ചികിത്സകള്‍ ഓരോന്നും അവ രൂപപ്പെട്ട കാലത്തെ സിദ്ധാന്തങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലാണ് ഫങ്ങ്ഷന്‍ ചെയ്യുന്നത്.അതിനാല്‍ മേഡേണ്‍ മെഡിസിന്റെ അളവുകോലു വെച്ച് ഇതര വൈദ്യശാസ്ത്ര മേഖലകളെ വിലയിരുത്തുന്നത് മണ്ടത്തരമാണ്.

എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കനുസരിച്ച് അവയുടെ സാധ്യമായ മേഖലകള്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ഹിജാമയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ അബദ്ധം എന്താണെന്നു വെച്ചാല്‍ അത് ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകൊണ്ട് നോക്കുക മാത്രമല്ല, ഹിജാമയെ കുറിച്ച് ഇല്ലാത്ത വാദങ്ങള്‍ ഉണ്ടെന്നു വരുത്തി അതിനെ വിമര്‍ശിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും ഉപയോഗിച്ചത്.

ഹിജാമ = അശുദ്ധ രക്തം ഒഴുക്കല്‍

ഹിജാമ എന്നാല്‍ അശുദ്ധ രക്തം ഒഴുക്കിക്കളയുന്ന പരിപാടിയാണെന്ന വാദമുഖം സൃഷ്ടിച്ചെടുത്താണ് ദീര്‍ഘമായ വിമര്‍ശന പോസ്റ്റ് തയ്യാറാക്കായിരിക്കുന്നത്. ഹിജാമയെ കുറിച്ച് അങ്ങനെ ഏത് ആധികാരിക ഗ്രന്ഥത്തിലാണ് നിങ്ങള്‍ വായിച്ചത്?

പാരസെറ്റമോള്‍ കുഷ്ഠത്തിന് മരുന്നാണെന്നു പറഞ്ഞ് ആരെങ്കിലും കച്ചവടം ചെയ്താല്‍ അലോപ്പതി വിരുദ്ധര്‍ ഒന്നാകെ അലോപ്പതിയുടെ ചൂഷണം കണ്ടില്ലേ എന്നും പറഞ്ഞ് പാരസെറ്റമോളിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ച് അത് ഒരു നിലക്കും കുഷ്ഠത്തിന് ഫലപ്രദമെല്ലെന്ന് സമര്‍ത്ഥിക്കുകയും ഇത്തരം തട്ടിപ്പുകള്‍ പ്രചരിപ്പിക്കുന്ന മോഡേണ്‍ മെഡിസിന്‍ ശുദ്ധ തട്ടിപ്പാണെന്നും പറഞ്ഞാല്‍ എങ്ങനെയുണ്ടാകും?

എന്താണ് ഹിജാമ?

യുനാനി ചികിത്സയിലെ Regimenal therapy വിഭാഗത്തില്‍പ്പെട്ട ഒരു ചികിത്സ എന്ന നിലയിലാണ് ഹിജാമയെക്കുറിച്ച് നിലവിലുള്ള അംഗീകരിക്കപ്പെ ട്ട വൈദ്യശാസ്ത്ര സിലബസ്സില്‍ പഠിക്കാനുള്ളത്. അപ്രകാരം ഹിജാമ നിരവധി രോഗങ്ങളില്‍ പ്രയോഗിക്കാവുന്ന ഒരു തെറാപ്പ്യൂട്ടിക് പ്രൊസീജറാണ്. യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഒന്നായ അല്‍ഖാനൂന്‍ ഫിത്തിബ് (Cannon of Medicine by Avicenna) ല്‍ 37 തരം രോഗങ്ങള്‍ക്ക് ഹിജാമ ഫലപ്രദമാണ് എന്ന് വിശദീകരിക്കുന്നുണ്ട്.

ഹിജാമ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?

യുനാനിയിലെ രോഗ ചികിത്സ തത്വങ്ങളിലൊന്നായ Estefrag & Imala എന്ന ആവശ്യത്തിനാണ് യുനാനിയില്‍ ഹിജാമ ഉപയോഗിക്കുന്നത്. ഇത് യുനാനി പാത്തോളജിയിലൂടെ മാത്രം വിശദീകരിക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് (യുനാനി ചികിത്സ യുനാനി സിദ്ധാന്തങ്ങള്‍ വച്ച് കൊണ്ടാണല്ലോ വിശദീകരിക്കേണ്ടത്).
അശുദ്ധ രക്തം?

അശുദ്ധ രക്തം കളയുകയല്ല ഹിജാമയുടെ പര്‍പ്പസ് എന്ന് പറഞ്ഞു . അപ്പോള്‍ അശുദ്ധ രക്തത്തെ കുറിച്ച് യുനാനിയില്‍ പരാമര്‍ശമില്ലേ?
ഉണ്ട്. ചതുര്‍ദോഷങ്ങളായ വാതം, പിത്തം, കഫം, രക്തം എന്നിവയുടെ kaifiyyath & kammiyath എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ രോഗത്തിന് കാരണമാകുന്നു എന്നാണ് യുനാനിയിലെ രോഗ നിദാന ശാസ്ത്രം എന്ന് പറയുന്നത്. ഇതിനെ ദോഷങ്ങള്‍ ദുഷിക്കുക എന്നാണ് പറയുക. അപ്രകാരം ‘യുനാനി വൈദ്യശാസ്ത്രമനുസരിച്ചുള്ള’ Qualtiy & Quanttiy യിലുള്ള മാറ്റങ്ങള്‍ ‘യുനാനി വൈദ്യശാസ്ത്രം പറയുന്ന’ നാല് ദോഷങ്ങള്‍ക്കുണ്ടാകുമ്പോളാണ് ‘യുനാനി വൈദ്യശാസ്ത്രം പറയുന്ന’ ‘അശുദ്ധി’ ഉണ്ടാവുന്നതെന്ന്. അല്ലാതെ നിങ്ങള്‍ പറയുന്ന ഓക്‌സിജനേറ്റഡ് / ഡിഓക്‌സിജറ്റേഡ് അര്‍ത്ഥത്തിലല്ല യുനാനിയിലെ ശുദ്ധവും അശുദ്ധവും.

കഫം?

‘കഫം’ എന്ന ദോഷം യുനാനി സിദ്ധാന്തമനുസരിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നതും ശരീരത്തിന്റെ പോഷണത്തിനും ഊര്‍ജോല്‍പ്പാദനത്തിനും ശരീര സൗന്ദര്യത്തിനും വഴക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട Humours ല്‍ ഒന്നാണ്. എന്നാല്‍ കഫത്തിന് യുനാനി വൈദ്യശാസ്ത്രം നല്‍കുന്ന നിര്‍വചനം പഠിക്കാതെ കഫം എന്ന് പറഞ്ഞാല്‍ ‘Sputum’ എന്ന് മനസ്സിലാക്കി അലോപ്പതിക്കാരന്‍ വിമര്‍ശിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെ ഉണ്ടാകും?
ഹിജാമ ശാസ്ത്രീയമാണോ?

മറ്റേതൊരു മേഖലയേയും പൊലെ തന്നെ യുനാനി വൈദ്യശാസ്ത്രത്തിന്റെ മേഖലയിലും വിപുലമായ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ ആധുനിക ലോകത്ത് ബദല്‍ ചികിത്സാ രീതികള്‍ക്ക് സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.
ഹിജാമയെ കുറിച്ചു നടന്ന പഠനങ്ങ്ങളില്‍ ചിലതിന്റെ വിവരങ്ങളാണ് ചുവടെ.

1) Michalsen A, Bock S എന്നിവരുടെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ നടന്ന പഠനത്തില്‍ carpal tunnel Syndrom നു ഹിജാമ ഫലപ്രദമാണെന്ന് കണ്ടെത്തുകയുണ്ടായി.

2) Dr Farhadi യുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇറാനില്‍ നടന്ന പഠനത്തില്‍ Low Back Pain നു ഫലപ്രദമാണെന്ന് കണ്ടെത്തി.

3) 2006ല്‍ Lüdtke R1, Albrecht U, Stange R, Uehleke B. എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ Brachialgia paraesthetica nocturna എന്ന രോഗാവസ്ഥയില്‍ ഹിജാമ ഫലപ്രദമായിക്കണ്ടു.

4) ഇറാനില്‍ നടന്ന മറ്റൊരു പഠനത്തില്‍ (2007) Low Denstiy Lipid ന്റെ അളവു കുറക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഹിജാമ ചെയ്യുന്നത് ഫലപ്രദമാണ് എന്ന് കണ്ടെത്തുകയുണ്ടായി.

5) 2005 ല്‍ ഈജിപ്തില്‍ Dr. S.M Ahmedന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ റുമറ്റോയിഡ് ആര്‍ത്രൈറ്റിസില്‍ നീരും വേദനയും കുറക്കാന്‍ ഹിജാമ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.

6) 2013 ല്‍ ഇന്ത്യയില്‍ നടന്ന Dr. Sheikh Nikhat ന്റെ പഠനം പ്രമേഹാനുബന്ധ രോഗങ്ങളില്‍ ഹിജാമ യുടെ ഫലപ്രാപ്തി തെളിയിക്കുകയുണ്ടായി.

7) ബാംഗ്ലൂര്‍ NIUM ല്‍ Dr Arshiya Sultana യും പഠനം ഹിജാമ Dysmenorrhoea ക്കു ഫലപ്രദമാണെന്ന് കണ്ടെത്തി .

8) ബാംഗ്ലൂര്‍ nium ല്‍ തന്നെ 2013 ല്‍ Dr Muhammed Sheeraz ന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍
ഷിയാറ്റിക്ക വേദന കുറക്കാന്‍ ഹിജാമ സഹായിക്കുന്നുവെന്നു കണ്ടെത്തി.

ഇങ്ങനെ ഇനിയും RCT വഴിയും CCT വഴിയുമൊക്കെ തെളിയിക്കപ്പെടേണ്ട ഹിജാമയുടെ ഫലപ്രാപ്തി നിരവധിയാണ്.

ഹിജാമ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഹിജാമയെ കുറിച്ച് നടന്ന പഠനങ്ങളില്‍ അത് നിരവധി രോഗാവസ്ഥയില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അത് എങ്ങനെയാണ് രോഗശമനം നല്‍കുന്നത് എന്ന് വിശദീകരിക്കാന്‍ കഴിയുമോ എന്നാണ് മറ്റൊരു ചോദ്യം. കഴിയും, യുനാനി ചികിത്സ രീതിയായ ഹിജാമയുടെ പ്രവര്‍ത്തനത്തെ കുറിച്ച് യുനാനി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ കഴിയും.

ശരീര നിര്‍മ്മാണത്തിലെ സുപ്രധാന ഘടകങ്ങളായ ചതുര്‍ദോഷങ്ങളുടെ ഗുണത്തിലും അളവിലും വരുന്ന മാറ്റങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാവുന്നു എന്ന് പറഞ്ഞല്ലോ. അത് കറക്റ്റ് ചെയ്യുകയാണ് യുനാനിയുടെ ചികിത്സാ സമീപനം. അതിനായി നിരവധി സങ്കേതങ്ങള്‍ യുനാനിയിലുണ്ട്. ‘തദ്ബീര്‍’ അതില്‍ പെട്ട ഒന്നാണ്. അതിന്റെ ഭാഗമാണ് ഹിജാമയിലൂടെയും സാധ്യമാകുന്ന Isthifragh & Imal ഇത് സാധ്യമാകുന്ന വേറെയും സങ്കേതങ്ങള്‍ യുനാനിയിലുണ്ട്. നുസജ്, ഇസ്ഹാല്‍, ഖൈ, ഫസദ്, ഹമാം തുടങ്ങിയവ ഉദാഹരണം.
ഹിജാമയുടെ ശാസ്ത്രം

ഹിജാമയുടെ പ്രവര്‍ത്തന രീതി മുഴുവന്‍ വിശദീകരിക്കാന്‍ ശാസ്ത്രം വളര്‍ന്നിട്ടില്ലെങ്കിലും ചില അവസ്ഥകളില്‍ ഹിജാമ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഹിജാമയുടെ വകഭേദമായ ഹിജാമ ബിലാ ശുര്‍ത്ത് മസ്‌കുലാര്‍ ടെന്‍ഷന്‍ കുറയ്ക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാം.

ഹിജാമയിലൂടെ സൃഷ്ടിക്കപ്പെടുന്ന Negative Suction pressure മൂലം interstitial space കളിലെ fluid ന്റെ collection വര്‍ധിപ്പിക്കുകയും ചര്‍മ്മം വലിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ Capillaries ന് ചുറ്റുമുള്ള സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഇത് Capillaries ല്‍ നിന്നുള്ള fitlration ന്റെ തോത് വര്‍ധിപ്പിക്കുകയും അത് Inflammatory mediators ന്റെ dilution കാരണമാവുകയും അങ്ങനെ പേശി സങ്കോചത്തിനും വേദനക്കും അയവ് വരികയും ചെയ്യും.

ഇതേ മെക്കാനിസം ഹിജാമ ബിശ്ശുര്‍ത്തിലും നടക്കുന്നു. അവിടെ localised fluids ന്റെ റിമൂവല്‍ മൂലം Interstitial HTN താഴുകയും അതുവഴി ഉയര്‍ന്ന Interstitial HTN ഉണ്ടാക്കുന്ന വേദനയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാന്‍സ്മിറ്ററുകളായ P Substance പോലുള്ളവയുടെ സാന്നിദ്ധ്യം കുറക്കുകയും വേദനക്ക് കുറവുണ്ടാകുകയും ചെയ്യുന്നു.

സങ്കീര്‍ണ്ണമായ യുനാനി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രയോഗിക്കപ്പെടുന്ന ഹിജാമയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ശാസ്ത്രീയമായി വിശദീകരിക്കാന്‍ (മറ്റു ചികിത്സകളായ വമനം, നസ്യം, ശിരോധാര, വസ്തി തുടങ്ങിയവ ഒക്കെയും സാധ്യമാവാത്ത പോലെ തന്നെ) ശാസ്ത്രം വളര്‍ന്നിട്ടില്ല. വളരുന്നതിനനുസരിച്ച് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് ഭാവിയില്‍ അത് കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ശാസ്ത്രീയമല്ലാത്തത് എങ്ങനെ പിന്തുടരും?

ശാസ്ത്രത്തിനപ്പുറം ഒരു ലോകമുണ്ട് എന്ന് അംഗീകരിക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്. അത് കൊണ്ടാണ് ബദല്‍ വൈദ്യശാസ്ത്ര ശാഖകള്‍ ഇവിടെ നിലനില്‍ക്കുന്നതും ലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ ഗുണഭോക്താക്കളാകുന്നതും.

നിങ്ങളൊരു കടുത്ത ശാസ്ത്ര വിശ്വാസിയും ശാസ്ത്രീയമല്ലാതത് ഒന്നും പിന്തുടരുകയില്ല എന്ന് തീരുമാനിച്ച വ്യക്തിയുമാണെങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവസാനിക്കുന്നത് സാധ്യതകളുടെ ഒരു വലിയ ലോകമാണ്.

ബദല്‍ ചികിത്സകള്‍ക്ക് അംഗീകാരമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് മോഡേണ്‍ മെഡിസിന്‍ ചികിത്സ നടത്തിയിട്ടും പരാജയപ്പെട്ട രോഗികള്‍ ഇന്ത്യയിലേക്ക് വരുന്നതും ഇവിടെ ചികിത്സ തേടി സൗഖ്യമായി മടങ്ങുന്നതും അവര്‍ ആ സാധ്യതയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്.

കപട ശാസ്ത്രമെന്ന് ആധുനികര്‍ വിധിയെഴുതിയ ഹോമിയോ മെഡിസിന് ഇവിടെ സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ ഹോമിയോ വഴി വന്ധ്യതാ ചികിത്സ നടത്തി ജനിച്ച മുപ്പതോളം കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തത്. അവര്‍ ആധുനിക ശാസ്ത്രം നടത്തി പരാജയപ്പെട്ടവരായിരുന്നു. ഇത് കാണുമ്പോള്‍ മി. ശാസ്ത്രന് അത്ഭുതം തോന്നാം. ഒരു കപട ശാസ്ത്രത്തിലെ വന്ധ്യതാ ചികിത്സ വിജയിക്കുകയോ?

എന്നാല്‍ ഒരു ഹോമിയോപ്പതിന് ഇതില്‍ ഒരത്ഭുതവും ഇല്ല. മോഡേണ്‍ മെഡിസിന് ഇനിയും വിശദീകരിക്കാന്‍ സാധിക്കാത്ത, അവരുടെ സ്വന്തം ഹോമിയോ സിദ്ധാന്തങ്ങള്‍ വച്ചാണ് അവര്‍ ചികിത്സിച്ചത്.

ഹിജാമയുടെ അപകടങ്ങള്‍?

ഹിജാമ കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് പോസ്റ്റില്‍ പറയുന്നുണ്ട്.അവക്കുള്ള മറുപടി അക്കമിട്ടു തന്നെ നിരത്താം.

1) ഗൗരവമുള്ള രോഗങ്ങളുമായി ചെല്ലുന്നവരെ വെറുതെ ഹിജാമ ചെയ്ത് വിടുകയല്ല ഡോക്ടര്‍ ചെയ്യുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമെങ്കില്‍ മറ്റു ചികിത്സകളുടെ ഭാഗമായി ഹിജാമയും നല്‍കും റഫര്‍ ചെയ്യേണ്ടത് റഫര്‍ ചെയ്യും.

2) ബ്ലീഡിംഗ് ഡിസോഡേഴ്‌സ് അടക്കമുള്ള ഹിജാമ ചെയ്യാന്‍ പാടില്ലാത്ത അവസ്ഥകള്‍ എന്താണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഞങ്ങളുടെ ഗുരുനാഥന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ കാവലപ്പെടാത്.

3) ഹിജാമ സെപ്റ്റിക് പ്രിക്കോഷനോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണെന്ന് പഠിപ്പിച്ചത് കൊണ്ട് ഞങ്ങള്‍ അങ്ങനെയേ ചെയ്യാറുള്ളൂ. അതിനാല്‍ മുറിവുകള്‍ പഴുക്കുകയോ സങ്കീര്‍ണമാവുകയോ ചെയ്യുന്ന അവസ്ഥകള്‍ ഉണ്ടാവാറില്ല.

4) നിങ്ങളായിട്ട് യുനാനി ഡോക്ടര്‍മാര്‍ക്ക് അനാട്ടമി പഠിപ്പിക്കേണ്ട. പഠനകാലയളവില്‍ ആദ്യത്തെ ഒന്നര വര്‍ഷം അനാട്ടമി തലകുത്തി നിന്ന് പഠിച്ചിട്ടുണ്ടേ. അതിനാല്‍ എവിടെ കുത്തണം കുത്തണ്ട എന്നൊക്കെ നന്നായി അറിയാം.

മൈക്കല്‍ ഫെല്‍പ്‌സ് ഹിജാമ ചെയ്‌തോ?

മൈക്കല്‍ ഫെല്‍പ്‌സ് ഹിജാമ ചെയ്തതിനെ കുറിച്ച് പരാമര്‍ശമുണ്ട് പോസ്റ്റില്‍. ഫെല്‍പ്‌സ് ചെയ്തത് രക്തമെടുക്കുന്ന ഹിജമായല്ല. ഹിജാമയുടെ തന്നെ മറ്റൊരു വകഭേദമായ ഹിജാമ ബിലാ ശുര്‍ത്ത് ആണ്. അത് വെറും അനുഭവ സാക്ഷ്യമായി ഒക്കെ തള്ളി വിടുന്നുണ്ട് പോസ്റ്റില്‍. എന്നാല്‍ അത്‌ലറ്റുകള്‍ ഹിജാമ ചെയ്യുന്നത് മസ്‌കുലാര്‍ സ്പാസവും വേദനയും കുറക്കാന്‍ വേണ്ടിയാണ്. അതേങ്ങനെയാണെന്ന് നേരത്തെ വിശദീകരിച്ചിട്ടുമുണ്ട്.
ഫെല്പ്‌സ് മാത്രമല്ല യൂറോപ്പിലേയും ഏഷ്യയിലെയുമൊക്കെ നിരവധി സ്‌പോര്‍ട്‌സ് താരങ്ങള്‍ ഹിജാമയുടെ ഗുണഭോക്താക്കളാണ്.

ഹിജാമക്ക് ഫലസിദ്ധി ഇല്ലേ?

പോസ്റ്റില്‍ ഹിജാമക്ക് ഫലസിദ്ധി ഇല്ലെന്നുകൂടി അവകാശപ്പെടുന്നുണ്ട് . ഹിജാമ ഇന്റിക്കേറ്റഡ് ആയിട്ടുള്ള ഏതൊക്കെ കണ്ടീഷനുകളില്‍ നിങ്ങള്‍ പഠനം നടത്തിയാണ് അത് ഫലപ്രദമല്ലെന്ന് തെളിഞ്ഞത്?

പറയുമ്പോള്‍ എല്ലാം ശാസ്ത്രീയമാവണമല്ലോ, ഏത്….!

ഇന്‍ഫോക്ലിനിക് പ്രവര്‍ത്തകരോട്

സോഷ്യല്‍ മീഡിയയിലൂടെ പറപറക്കുന്ന ഹെല്‍ത്ത് ഹോക്‌സുകളുടെ കാലത്ത് പൊതുജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശാസ്ത്രീയമായ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ സുഹൃത്തുകളടക്കമുള്ള യുവ ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങി തുടങ്ങിയ ഇന്‍ഫോക്ലിനിക്കെന്ന സംരംഭം വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാന്‍.

നിങ്ങള്‍ ചില മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടിയിരിക്കന്നു. ചൂഷണത്തിനെതിരെ സത്യത്തിന്റെയും നീതിയുടെയും നാമായി മാറേണ്ടതുണ്ട്.
മോഡേണ്‍ മെഡിസിന്‍ രംഗത്ത് അടക്കമുള്ള ചികിത്സാ മേഖലകളിലെ ചൂഷണത്തെ തുറന്നു കാട്ടുക തന്നെ വേണം.

എന്നാല്‍ നമ്മുടെ നിലനില്‍ക്കുന്ന സിസ്റ്റത്തെ മാനിക്കാതെ ശാസ്ത്രീയമല്ലെന്നാരോപിച്ച് എന്തിനെയൊക്കെ നിങ്ങള്‍ക്ക് തള്ളിപ്പറഞ്ഞ് പോസ്റ്റിടേണ്ടി വരും? ഹോമിയോ? ആയുര്‍വ്വേദം? യുനാനി? യോഗ? നചുറോപതി? സിദ്ധ?
ഈ ചികിത്സാ രീതിയിലൊക്കെയുണ്ട് ഹിജാമ പോലെയുള്ള നൂറുകണക്കിന് തെറാപ്യൂട്ടിക് രീതികള്‍?

ആരോഗ്യ രംഗത്തു സ്ഥിരമായ ഒരു കോണ്‍ഫ്‌ലിക്റ്റിന് മാത്രമേ അത് കാരണമാകൂ.മേല്‍ പറഞ്ഞ അഞ്ച് ചികിത്സ രീതികള്‍ക്കും ഇന്ത്യയില്‍ അംഗീകാരമുണ്ട്, സര്‍ക്കാര്‍ തലത്തില്‍ തന്നെ പഠനസൗകര്യമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ചികിത്സയുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളയാളുകള്‍ ഈ ചികിത്സ തേടി ഇവിടെയെത്തി സൗഖ്യമായി മടങ്ങുന്നുമുണ്ട്

രോഗത്തിന് ശമനം നല്കുന്നതാവണം ചികിത്സ. കേവലം ശാസ്ത്രം പറഞ്ഞിരുന്നാല്‍ രോഗം മാറാത്തതു കൊണ്ടാണല്ലോ ആധുനിക വൈദ്യം പഠിച്ച പലരും ചില ഘട്ടങ്ങളില്‍ തനിക്കും തനിക്ക് വേണ്ടപ്പെട്ടവര്‍ക്കും ബദല്‍ ചികിത്സ സ്വീകരിക്കുന്നത്. അപ്പോള്‍ ‘പ്ലാസിബോ’ എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്ലാസിബോ എങ്കില്‍ പ്ലാസിബോ, ഞങ്ങള്‍ക്ക് രോഗം മാറിയാല്‍ മതി എന്നാണ് രോഗത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍ മനസ്സിലാക്കുക.

ഡോ അബ്ദുള്‍ വഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്‍ഫോ ക്ലിനിക്ക് ലേഖനം ചുവടെ

ഹിജാമ: രക്തം ഊറ്റുന്ന ഈ ചികിത്സയുടെ സത്യാവസ്ഥ ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News