കഥ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.അതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കല, ഭക്ഷണം എന്നിവയെക്കുറിച്ചൊക്കെയുള്ള കൗതുകകരമായ കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജിയുടെ അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം.

ചെന്നൈയിലെ സ്റ്റോറിട്രെയില്‍സ് എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനായ വിജയ് പ്രഭാത് കമലാകാരയാണ് ആര്‍ട്ട് ഓഫ് സ്റ്റോറി ടെല്ലിംഗ് എന്ന വിഷയത്തില്‍ സംസാരിച്ചത്. ഓര്‍മയില്‍ നില്‍ക്കുന്ന അനുഭവങ്ങളും സംഭവങ്ങളുമാണ് യാത്രയ്ക്ക് മനോഹാരിത നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള കഥാവിവരണങ്ങള്‍ അവിടത്തെ യാത്രാനുഭവങ്ങളെ സമ്പന്നമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അനുഭവസ്ഥരായ എഴുത്തുകാരുടെ യാത്രാനുഭവങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണെന്ന് അറ്റോയി പ്രസിഡന്റ് അനീഷ്‌കുമാര്‍ പി കെ ചൂണ്ടിക്കാട്ടി. ഇത്തരം കഥകളെ വിപണനത്തിനുപയോഗിക്കാന്‍ ടൂറിസം വ്യവസായത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ സ്‌റ്റോറികളെക്കുറിച്ചാണ് ജോര്‍ജിയ സ്വദേശി ലോറന്‍ക്ലീലാന്റ് പറഞ്ഞത്. വിഡിയോ കഥകളിലൂടെ ടൂറിസം വ്യവസായം കരുപ്പിടിപ്പിച്ച ഉദാഹരണങ്ങളും അവര്‍ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു.

പതിനായിരം വാക്കുകളാണ് ഒരു ചിത്രത്തില്‍ പ്രതിധ്വനിക്കുന്നതെങ്കില്‍ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു വാക്കുകളെയാണ് പ്രതിനിധീകരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് എന്താണ് വാഗ്ദാനം ചെയ്യാനുള്ളതെന്ന് തത്സമയ വീഡിയോയിലൂടെ പറയുന്നതിലൂടെ വിശ്വാസ്യത വര്‍ധിക്കുന്നുവെന്ന് ക്ലീലാന്റ് പറയുന്നു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, കേരള ടൂറിസം, ഇന്ത്യ ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചിയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.