
ബിര്‍മിങ്ഹാം: ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ അടിപതറി. സെമി പോലും കാണാനാകാതെ ലോക ക്രിക്കറ്റിലെ വന്‍ ശക്തികള്‍ പുറത്തായി. നിര്‍ണായകമായ മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അടിപതറിയതാണ് കംഗാരുക്കള്‍ക്ക് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇംഗ്ലണ്ടിനൊപ്പം ബംഗ്ലാദേശും സെമിയിലേക്ക് മുന്നേറി.
മൂന്ന് കളിയും ജയിച്ച ഇംഗ്ലണ്ടിന് ആറ് പോയിന്റാണ്. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ബംഗ്ലാദേശ് മൂന്ന് പോയിന്റോടെയാണ് സെമിയിലെത്തിയത്. ഓസീസിന് രണ്ട് പോയിന്റേയുള്ളൂ. അവരുടെ ആദ്യ രണ്ട് കളിയും മഴമൂലം ഉപേക്ഷിച്ചിരുന്നു. നിര്‍ണായക മത്സരത്തില്‍ ഓസീസ് നിരാശപ്പെടുത്തി. ഡക്വര്‍ത് ലൂയിസ് നിയമപ്രകാരം 40 റണ്ണിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓസീസ് 278 റണ്‍ ലക്ഷ്യം വച്ചപ്പോള്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ നാലിന് 240 റണ്ണെടുത്തുനില്‍ക്കെ മഴയെത്തി. മഴനിയമപ്രകാരം ഇംഗ്ലണ്ട് 40 റണ്‍ മുന്നില്‍. ഇതോടെ ഓസീസിന് തല കുനിച്ച് മടങ്ങേണ്ടിവന്നു
ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. സ്റ്റോക്‌സ് 109 പന്തില്‍ 102 റണ്ണുമായി പുറത്താകാതെനിന്നു. ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനും (81 പന്തില്‍ 87) തിളങ്ങി. 3 വിക്കറ്റിന് 35 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് മോര്‍ഗനും സ്റ്റോക്‌സും ചേര്‍ന്ന് ഇംഗ്ലിഷ് പടയെ കരകയറ്റിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്ണെടുത്തത്.
മികച്ച തുടക്കമാണ് ഓസീസിനു ലഭിച്ചത്. പക്ഷേ, അവസാനഘട്ടത്തില്‍ മികച്ച സ്‌കോര്‍ നേടുന്നതില്‍ ഓസീസ് പരാജയപ്പെട്ടു. 64 പന്തില്‍ 71 റണ്ണുമായി പുറത്താകാതെനിന്ന ട്രാവിസ് ഹെഡാണ് ഓസീസിനെ 250 കടത്തിയത്. ആരോണ്‍ ഫിഞ്ച് (64 പന്തില്‍ 68), സ്റ്റീവന്‍ സ്മിത്ത് (77 പന്തില്‍ 56) എന്നിവരും പൊരുതി. ഇംഗ്‌ളണ്ടിനായി മാര്‍ക് വുഡും ആദില്‍ റഷീദും നാലുവീതം വിക്കറ്റെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here