ആരാണ് കേന്ദ്രത്തിന്റെ ശത്രു; മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടതുപക്ഷത്തിനും എതിരാണെന്ന പ്രഖ്യാപനം

രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രോഹിത് വെമുലയെക്കുറിച്ചുള്ള ‘അണ്‍ ബെയറബിള്‍ ബീയിങ്ങ് ഓഫ് ലൈറ്റ്‌നെസ്സ്, കാശ്മീരിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ആര്‍ട്ടിസ്റ്റുകളുടെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ ‘, ജെ.എന്‍.യു പ്രക്ഷോഭത്തെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ‘ എന്നിവയ്ക്കായിരുന്നു അനുമതി നിഷേധിച്ചത്. വിഷയത്തില്‍ പ്രതിഷേധവും നിലപാടും വ്യക്തമാക്കി പ്രമുഖ മാധ്യമപ്രവര്‍ത്തക മനില സി മോഹനും രംഗത്തെത്തി.

ഡോക്യുമെന്റികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ കേന്ദ്രം അവരുടെ കൃത്യമായ നിലപാട് വ്യക്തമാക്കുകയായിരുന്നെന്നാണ് മനിലയുടെ നിരീക്ഷണം. രാജ്യത്തെ ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടതുപക്ഷത്തിനും എതിരാണ് കേന്ദ്രമെന്ന പ്രഖ്യാപനമായിരുന്നു ഡോക്യുമെന്റിക്ക് പ്രദര്‍ശനം നിഷേധിച്ച സംഭവം മുന്‍ നിര്‍ത്തി മനില തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മൂന്ന് ഡോക്യുമെന്ററികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത്.
1) രോഹിത് വെമുലയെക്കുറിച്ചുള്ള ‘അണ്‍ ബെയറബിള്‍ ബീയിങ്ങ് ഓഫ് ലൈറ്റ്‌നെസ്സ് ‘
2) കാശ്മീരിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ആര്‍ട്ടിസ്റ്റുകളുടെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ ‘
3) ജെ.എന്‍.യു പ്രക്ഷോഭത്തെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ‘.
മൂന്നിനും പൊതുവായി ചിലതുണ്ട്.
അവ യൂണിവേഴ്‌സിറ്റികളെക്കുറിച്ചാണ് സംസാരിക്കുന്നത്.
യുവാക്കളുടെ രാഷ്ട്രീയം, സമരം, നിലപാടുകള്‍ , കല എന്നിവയെക്കുറിച്ച്.
സ്വാഭാവികം… കേന്ദ്ര സര്‍ക്കാര്‍ ഭയക്കും.
രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ വരികളെ,
കശ്മീരിലെ ഖബറുകളുടെ ഫോട്ടോഗ്രാഫുകളെ,
ജെ.എന്‍.യുവില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ,
സംഘപരിവാറിന്റെ ചരടുകളില്‍ പാവകളി നടത്തുന്ന കേന്ദ്ര സര്‍ക്കാരിന് ഭയന്നല്ലേ പറ്റൂ?
കലയെന്നാല്‍ രാമാനന്ദ സാഗറിന്റെ രാമായണം / മഹാഭാരതം സീരിയലാണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം ഡോക്യുമെന്ററികള്‍ നടുക്കമുണ്ടാക്കും.
ജനങ്ങളത് കാണരുത് എന്നവര്‍ ശഠിക്കും.
ഈ മൂന്ന് ഡോക്യുമെന്ററികളിലും
സവര്‍ണ്ണഹൈന്ദവതയുടെ അപരങ്ങളെ കാണുന്നത് കൊണ്ട് തന്നെയാണ്
ഇവ മൂന്നും തടയപ്പെട്ടത്.
രോഹിത് വെമുലയിലെ ദളിതത്വം,
കാശ്മീരിലെ ഇസ്ലാം,
ജെ.എന്‍.യുവിലെ ഇടത് പക്ഷം,
കൃത്യമാണ് ശത്രുക്കള്‍.
പരസ്യമായി കൊല്ലാന്‍ കഴിയാത്തതുകൊണ്ട് നിരോധിക്കുന്നു എന്ന്.
ബഹുസ്വരതയുടെ എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കിക്കൊണ്ട്
ഇനിയൊരുവേള, പതഞ്ജലി ഡോക്യുമെന്ററികള്‍ പോലും
നിര്‍മിക്കാന്‍ മടിക്കില്ല കേന്ദ്ര സര്‍ക്കാര്‍.
പക്ഷേ അധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട, നിരോധിക്കപ്പെട്ട, ചുട്ടെരിക്കപ്പെട്ട കലാവിഷ്‌കാരങ്ങള്‍ കാലാതീതമായി നിലനിന്നതിന്റെയാണ് ലോക ചരിത്രം. അവ നിരന്തരം ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിന്റെ വലിയ തമാശയും ഒപ്പമുണ്ട്. ഡോക്യുമെന്ററികള്‍ക്ക് അധികാരത്തിന്റെ പേരില്‍ ഒരു വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News