മത്സ്യത്തൊഴിലാളികളുടെ മരണം; ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സികുട്ടിയമ്മ; കുറ്റമറ്റ നടപടിയെന്ന് ADGP തച്ചങ്കരി

തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ കപ്പല്‍ ഉടന്‍ കൊച്ചി തീരതെത്തിക്കും. അപകടമുണ്ടാക്കിയ ശേഷം കപ്പല്‍ രക്ഷപെട്ട് പോകാനാണ് ശ്രമിച്ചത്. അവര്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായില്ല. ഇത് അത്യന്തം ഗൌരവതരമായ കാര്യമാണ്. ഇവര്‍ക്കെതിരെ നിയമപരമായി ചെയ്യാവുന്ന എല്ലാവിധ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.

എന്റിക്ക ലെക്‌സി നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച കൊന്ന സാഹചര്യത്തിലും കേരള സര്‍ക്കാര്‍ ശക്തമായ നടപടിയായിരുന്നു സ്വീകരിച്ചത്.തന്‍മൂലം അപകടത്തില്‍പെട്ടവര്‍ക്ക് ദുരിതാശ്വാസം ഉറപ്പാക്കാന്‍ സാധിച്ചത്. എന്നാല്‍ അവര്‍ക്കെതിരെ കൊലക്കുറ്റം ചര്‍ത്തിയതില്‍ നയതന്ത്ര ഇടപെടലാണ് നടക്കുന്നത്. അത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കേരളത്തിലെ ബോട്ടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നത് വ്യാപകമാകുന്നുണ്ട്. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് നീന്തല്‍ അടക്കമുള്ള കാര്യങ്ങള്‍ അറിയില്ല. ഇന്ന് അപകടത്തില്‍പെട്ടവരും ഇത്തരത്തിലുള്ള പാവങ്ങളാണ്. ഇത് വലിയപ്രയാസമാണ് സൃഷ്ടിക്കുന്നത്. നേവിയുമായി സഹകരിച്ച് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക്ക് കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കും. ഇത് കടലില്‍പോകുന്നവരുടെ വിവരശേഖരണം എളുപ്പമാക്കും. നീന്തല്‍ അറിയാന്‍ മേലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ബോട്ടുകളില്‍ ജോലിചെയ്യിപ്പിക്കുന്നതില്‍ നിന്നു ബോട്ടുടമകളും പിന്‍മാറണം. അപകടത്തില്‍പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കുറ്റമറ്റ നടപടിയുണ്ടാകുമെന്ന് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും വ്യക്തമാക്കി. വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel