കൊച്ചിയില്‍ മത്സ്യതൊഴിലാളികളുടെ മരണത്തിനിടയാക്കിയ വിദേശ കപ്പല്‍ പിടിച്ചെടുത്തു; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്; ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍

കൊച്ചി:മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ചു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കടലില്‍ വീണ ഒരാളെ കാണിനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശി രാഹുല്‍ എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. വിദേശ കപ്പലാണ് മത്സ്യതൊഴിലാളുകളുടെ ബോട്ടില്‍ ഇടിച്ചത്. പനാമയില്‍ നിന്നുള്ള ചരക്ക് കപ്പലായ ആംബെര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെ അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലുകള്‍ കടുന്നു പോകുന്ന വഴിയില്‍ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

അപകടമുണ്ടായപ്പോള്‍ മറ്റൊരു ബോട്ട് ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മല്‍സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കപ്പല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നടപടി. പക്ഷെ കരയ്ക്കടുപ്പിക്കാന്‍ സാധിച്ചിട്ടില്ല. വലിപ്പക്കൂടുതല്‍ കൊണ്ടാണ് കപ്പല്‍ കരയ്ക്കടുപ്പിക്കാനാകാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം കപ്പലിലെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും. കോസ്റ്റല്‍ പോലീസ് എഡിജിപി ടോമിന്‍ തച്ചങ്കിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുക. കൊച്ചിയിലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News