സുബീഷ് മൊഴി നിഷേധിച്ചത് ആര്‍എസ്എസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി്; സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് പരിശോധിക്കണമെന്നു പി ജയരാജന്‍

തിരുവനന്തപുരം: ഫസല്‍ വധവുമായി ബന്ധപെട്ട കുറ്റസമ്മത മൊഴി സുബീഷ് നിഷേധിച്ച സാഹചര്യത്തില്‍ സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സിബിഐ സോണോഗ്രാഫിക് പരിശോധന നടത്തണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപെട്ടു.

സുബീഷ് പൊലീസിന് നല്‍കിയ മൊഴി ആര്‍എസ്എസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിഷേധിക്കുന്ന സാഹചര്യത്തില്‍, രണ്ടുവര്‍ഷം മുമ്പ് സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സിബിഐ സോണോഗ്രാഫിക് പരിശോധന നടത്തണം. സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് ഇത്തരമൊരു ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുന്നതാണെന്നും പി ജയരാജന്‍ പറഞ്ഞു.

പൊലീസിലെ കുറ്റസമ്മത മൊഴിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് സംഘപരിവാര നേതാക്കളുടെ വാദം. എന്നാല്‍ പൊലീസിലെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞ, ഫസല്‍ വധത്തിലെ തന്റെ പങ്കാളിത്തം തന്നെയാണ് ഫോണ്‍ സംഭാഷണത്തിലും ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മാത്രവുമല്ല, പൊലീസിലെ കുറ്റസമ്മത മൊഴിയില്‍ ഫസല്‍ കൊലപാതക സംഭവത്തില്‍ പങ്കാളിയാണെന്ന് പറയുന്ന ഷിനോജിന്റെ ഫോണ്‍ സംഭാഷണവും കൂടി പുറത്തുവന്നിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് ഷിനോജിനെ തിരുവനന്തപുരം ആറ്റിങ്ങലിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ഒളിവില്‍ പാര്‍പ്പിക്കവേ ഫസല്‍ സംഭവത്തിലെ തന്റെ പങ്കാളിത്തം തന്നോട് വെളിപ്പെടുത്തിയതായി മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു വഞ്ചിയൂര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും സിബിഐ പരിശോധിക്കണമെന്നും പി ജയരാജന്‍ ആവശ്യപെട്ടു.

സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ ഫസല്‍ വധത്തിലെ പങ്കാളിത്തം മാത്രമല്ല ചിറ്റാരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും, സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജി പവിത്രന്റെ വധത്തിലും താന്‍ പങ്കാളിയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരിയില്‍ നിന്നും ഒരു ജീപ്പില്‍ താന്‍ സ്വയം ഡ്രൈവ് ചെയ്താണ് 25 കിലോമീറ്ററിലധികം ദൂരമുള്ള തൊടീക്കളത്ത് പോയി സംഭവം നടത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ട്. കോടിയേരി നങ്ങാറത്ത്പീടികയിലെ സിപിഐ എം പ്രവര്‍ത്തകനായ ജിജേഷിന്റെ കൊലപാതകത്തിലെ പങ്കാളിത്തവും സമ്മതിക്കുന്നുണ്ട്.

കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ജി പവിത്രന്‍ കേസില്‍ കേരളാ പോലീസ് തുടരന്വേഷണത്തിനുളള അനുമതിക്കായി വിചാരണ കോടതിയെ സമീപിച്ചത്. കോടതി അനുമതിയോടെ പവിത്രന്‍ കേസില്‍ കേരളാ പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.

അതേ മൊഴി അനുസരിച്ചാണ് ഫസല്‍ വധത്തെക്കുറിച്ചും തുടരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സത്യം പുറത്തുവരണമെങ്കില്‍ സിബിഐ അത്തരമൊരു അന്വേഷണത്തിന് കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എന്നാല്‍ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഫസലിന്റെ രക്തബന്ധമുളള സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട കേസില്‍, അന്വേഷണമേ ഇല്ലെന്ന നിലപാടാണ് സി.ബിഐ കൈക്കൊണ്ടിട്ടുള്ളത്.

പോലീസിന് ലഭിച്ച കുറ്റസമ്മത മൊഴിയുടെ ഒരുഭാഗം കണക്കിലെടുത്ത് ഒരു അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുമ്പോള്‍ തന്നെ അന്വേഷണമേ ഇല്ലെന്ന മുന്‍വിധിയോടെയുള്ള സി.ബി.ഐ നിലപാട് തിരുത്തുക തന്നെ വേണം. കേന്ദ്ര’ഭരണകക്ഷിയുടെ കൂട്ടിലിട്ട തത്തയായി സിബിഐ മാറരുത്.

ആര്‍എസ്എസ് നടത്തിയ കൊലപാതക കേസിലാണ് കാരായി രാജന്‍ ഉള്‍പ്പെടെയുളള സി.പി ഐ എം നേതാക്കള്‍ പ്രതികളായിട്ടുള്ളത്. നാലരവര്‍ഷത്തിലധികമായി നാട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് അവര്‍. അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള സമീപനം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന തെളിവുകളാണ് പുറത്തുവന്നിട്ടുളളത്. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കണമെങ്കില്‍ അന്വേഷണ ഏജന്‍സി ശരിയായ നിലപാട് കൈക്കൊള്ളണം. വര്‍ഗീയ കലാപങ്ങളും കൊലകളും ആസൂത്രണം ചെയ്യുകയും, അത് മറ്റുള്ളവരുടെ ചുമലിലിട്ട് രക്ഷപ്പെടാനുമുള്ള ആര്‍.എസ്.എസ് തന്ത്രമാണ് അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചുകൊണ്ട് ഫസല്‍ കേസില്‍ നടത്തുന്നത്.

അജ്മീര്‍ദര്‍ഗ സ്‌ഫോടന കേസിലും ഹൈദരാബാദിലെ മെക്കാ മസ്ജിദ് എന്നിവിടങ്ങളിലെ സ്‌ഫോടന കേസുകളില്‍ മുസ്‌ളീം യുവാക്കളെ പ്രതിചേര്‍ക്കുകയും പിന്നീട് ഇതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തുകയും ചെയ്തിരുന്നു. അതിന് സമാനമായ കേസാണ് ഫസല്‍ കേസ്.

അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ നിയമത്തിനു മുന്നില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളും അന്വേഷണ ഏജന്‍സിയുടെ നിലപാട് തിരുത്തിക്കുന്നതിനു വേണ്ടി ശബ്ദമുയര്‍ത്തണം. ഇക്കാര്യത്തില്‍ ഫസലിന്റെ പ്രസ്ഥാനമായ പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച് ശരിയായ നിലപാട് കൈക്കൊള്ളണമെന്നും പി ജയരാജന്‍ ആവശ്യപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News