ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ ജയകുമാര്‍; ശശികലയുടെ അനുയായികള്‍ ദീപയെ തടഞ്ഞു; ചെന്നൈയില്‍ സംഘര്‍ഷാവസ്ഥ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിറുത്തി അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യാഗസ്ഥരും ടിടിവി ദിനകരന്റെ അനുയായികളും തടഞ്ഞു. തുടര്‍ന്നു ദീപ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. ദീപയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആദ്യമായിട്ടാണ് ദീപ പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു.

എന്നാല്‍ വീട്ടില്‍ ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോയസ് ഗാര്‍ഡനില്‍നിന്നു ദീപ മടങ്ങിപ്പോകണം ആവശ്യവുമായി ടിടിവി ദിനകരന്റെ അനുയായികള്‍ രംഗത്തെത്തി. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തനിക്കാണ് ഇവിടെ അവകാശമെന്നും ദീപ വാദിച്ചു. സുരക്ഷാ ഉദ്യാഗസ്ഥരുമായി കടുത്ത വാദപ്രതിവാദങ്ങളും ദീപ നടത്തി. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു.

രണ്ടരമണിക്കൂര്‍ സ്ഥലത്ത് ചിലവഴിച്ച ശേഷമാണ് ദീപ മടങ്ങിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു പൊലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.നിലവില്‍, പോയസ് ഗാര്‍ഡന്‍ ആരുടെ നിയന്ത്രണത്തിലാണെന്നു വ്യക്തമല്ല. ഇതിനാലാണ് അവകാശമുന്നയിച്ചു ദീപ രംഗത്തുവരാന്‍ കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here