എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതി; ചലച്ചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍

ചലച്ചിത്ര അക്കാദമിയുടെ പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി കുറെ നാളുകളായി ഇന്ത്യന്‍ ജനതയുടെ പിറകെയുണ്ട്.

സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരാണ് കലാകാരന്‍മാര്‍. സ്വതന്ത്ര ചിന്തകരെയും അഭിപ്രായം തുറന്നുപറയുന്നവരെയും കൊലപ്പെടുത്തുന്ന രീതിയാണ് അടുത്തകാലത്തായി രാജ്യം കാണുന്നത്.

ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തില്‍ സിനിമകള്‍ വിലക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇത്തരം സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലന്നും ,മുഴുവന്‍ കലാ-സാംസ്‌കാരിക-സിനിമാ പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരണമെന്നും എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here