ന്യൂഡല്‍ഹി :കയര്‍, കശുവണ്ടി, സിനിമാ ടിക്കറ്റ്, ഇന്‍സുലിന്‍ തുടങ്ങി 66 ഓളം ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കയറിന്റെയും കശുവണ്ടിപ്പരിപ്പിന്റെയും നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കണമെന്ന ആവശ്യം നേടിയെടുക്കാനായത് കേരളത്തിന്റെ നേട്ടമായി. അതേസമയം, പ്‌ളൈവുഡിന്റെ നികുതി 28 ശതമാനമായി ഉയര്‍ത്തി.
100 രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതി ചുമത്തും. അനുമാന നികുതിയുടെ വിറ്റുവരവ് പരിധി 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തിയത് ചെറുകിട വ്യാപാരികള്‍ക്കും ഉല്‍പ്പാദകര്‍ക്കും ഹോട്ടലുടമകള്‍ക്കും സഹായകമാകും. അതേസമയം, എ സി ഇല്ലാത്ത ചെറുഭക്ഷണശാലകളെ അഞ്ചു ശതമാനം അനുമാന നികുതി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തിരിച്ചടിയാകും.
ഇന്‍സുലിന്‍, ഐസ്, അഗര്‍ബത്തി എന്നിവയുടെ നികുതി 12ല്‍നിന്ന് 5 ശതമാനമാക്കി. കംപ്യൂട്ടര്‍ പ്രിന്റര്‍, സ്‌കൂള്‍ ബാഗ്, ടാര്‍പ്പായ, കണ്‍മഷി- 18 ശതമാനം, അച്ചാര്‍, സോസ്, സാനിറ്ററി നാപ്കിന്‍- 12 ശതമാനം തുടങ്ങി ആകെ ശുപാര്‍ശ ചെയ്യപ്പെട്ട 133 ഉല്‍പ്പന്നങ്ങളില്‍ 66 എണ്ണത്തിന്റെയും നികുതി പരിഷ്‌കരിക്കാന്‍ ധാരണയായതായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അറിയിച്ചു. ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല. ചരക്കുലോറികളിലെ ഇന്‍വോയ്‌സ് ഓണ്‍ലൈന്‍ വഴി പരിശോധിക്കുന്ന ഇ-വേ ബില്ലിന്റെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്.
പ്രാദേശിക സിനിമകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകള്‍ക്ക് രണ്ടു തരത്തിലുള്ള നികുതി ചുമത്താന്‍ നിശ്ചയിച്ചത്. നേരത്തെ 250 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതി ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ സംഘടനകള്‍ രംഗത്തെത്തി. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ 28 മുതല്‍ 110 ശതമാനംവരെ വിനോദനികുതി പിരിക്കുന്നുണ്ട്.
ചില സംസ്ഥാനങ്ങള്‍ പ്രാദേശിക ഭാഷകളിലുള്ള സിനിമകള്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്. ഇളവ് അനുവദിക്കുന്ന സംസ്ഥാനങ്ങള്‍ ജിഎസ്ടി തുക കേന്ദ്രത്തിലേക്ക് തിരിച്ചടയ്ക്കണം. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചെറുകിട വ്യവസായ, ഉല്‍പ്പാദനമേഖലകള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന പരാതി ശക്തമായതോടെയാണ് അനുമാന നികുതിയുടെ വിറ്റുവരവ് പരിധി 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തിയത്.
ഒന്ന്, രണ്ട്, അഞ്ച് എന്നിങ്ങനെ മൂന്ന് സ്‌ളാബില്‍ അനുമാന നികുതി പിരിക്കും. നിലവില്‍ അരശതമാനം സേവന നികുതി നല്‍കുന്ന ചെറിയ റെസ്റ്റോറന്റുകളെ അഞ്ചു ശതമാനം സ്‌ളാബിലേക്ക് മാറ്റുന്നത് വലിയ തിരിച്ചടിയാകുമെന്ന് കേരളം വാദിച്ചെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. കശുവണ്ടിപരിപ്പിനും കയറിനും നികുതി കുറയ്ക്കണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.