അസ്തമിച്ചുവെന്ന് വിധിയെഴുതിയവര്‍ക്കു മുന്നിലേക്ക്മുന്നിലേക്ക് രാജകീയമായി കളിമണ്ണിലെ ഇതിഹാസം തിരിച്ചെത്തിയിരിക്കുന്നു

രാജകീയമായി കളിമണ്ണിലെ ഇതിഹാസം തിരിച്ചെത്തിയിരിക്കുന്നു. റൊളാങ്ഗാരോയിലെ ചുവന്ന മണ്ണില്‍ റാഫേല്‍ നദാല്‍ ഒരിക്കല്‍ക്കൂടി ജ്വലിച്ചുയര്‍ന്നപ്പോല്‍ കാളക്കുറ്റന്റെ കരുത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്നന്നത് റൊളാംഗ് ഗാരോസിലെ മണല്‍ത്തരികള്‍ മാത്രമായിരുന്നില്ല ടെന്നീസ് ലോകത്തെ ചരിത്രങ്ങള്‍ കൂടിയായിരുന്നു. നദാലെന്ന കൊടുമുടിക്കുമുന്നില്‍ സ്വിസുകാരന്‍ സ്റ്റാന്‍ വാവ്‌റിങ്ക തളര്‍ന്നുവീണു (6-2, 6-3, 6-1).

ദി മസ്‌കീറ്റേഴ്‌സ് കപ്പില്‍’പത്താമതും നദാല്‍ മുത്തമിട്ടു. റൊളാങ്ഗാരോയില്‍ ഇനി നദാലിനുശേഷമാണ് മറ്റൊരു യുഗം. പരിക്കില്‍വലഞ്ഞ് അസ്തമിച്ചുവെന്ന് വിധിയെഴുതിയവര്‍ക്കു മുന്നിലാണ് നദാലിന്റെ തിരിച്ചുവരവ്. ആധുനിക ടെന്നീസില്‍ ഒരു ഗ്രാന്‍ഡ്‌സ്‌ളാമില്‍ 10 കിരീടങ്ങള്‍ നേടിയ മറ്റൊരു കളിക്കാരനില്ല.

ആകെ 15 ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളുമായി പീറ്റ് സംപ്രാസിനെ മറികടന്നു നദാല്‍.മുന്നില്‍ ഇനി റോജര്‍ ഫെഡറര്‍ (18) മാത്രം. മത്സരശേഷം, മുന്‍തവണത്തെപ്പോലെ നദാല്‍ അതേ പുഞ്ചിരിയോടെ സംസാരിച്ചു, കൈയടിച്ചു. ഇക്കുറി അല്‍പ്പംകൂടി വികാരാധീനനായി. ആ കണ്ണുകള്‍ നിറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷമായി ടെന്നീസ് കോര്‍ട്ടിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ ആയിരുന്നു റാഫയുടെ റാക്കറ്റ്. 10 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ സെമിപോലും കാണാത്ത രണ്ടരവര്‍ഷം. പുറംവേദനയും കൈക്കുഴയുടെ പരിക്കും തളര്‍ത്തിക്കളഞ്ഞു നദാലിനെ. കഴിഞ്ഞവര്‍ഷം പാരീസില്‍ മൂന്നാംറൌണ്ടില്‍ തോറ്റപ്പോള്‍ നദാലിന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശകര്‍ വിധിയെഴുതി.

ഈവര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് റാഫ തിരിച്ചുവരവിന്റെ യഥാര്‍ഥ സൂചനകള്‍ നല്‍കിയത്. ഫൈനല്‍ വരെ മുന്നേറി. അവിടെവച്ച് റോജര്‍ ഫെഡറര്‍ക്കുമുന്നില്‍ കീഴടങ്ങി.

കളിമണ്ണില്‍ തന്റെ ആധിപത്യം വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു നദാല്‍. രണ്ടു മാസ്റ്റേഴ്‌സ് കിരീടങ്ങള്‍ നേടി. മോണ്ടെ കാര്‍ലോയിലും ബാഴ്‌സലോണയിലും ഫ്രഞ്ച് ഓപ്പണിന്റെ റിഹേഴ്‌സലുകള്‍ ആയിരുന്നു. പാരിസില്‍ എത്തുമ്പോഴേക്കും ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു നദാലില്‍.

ഫൈനല്‍വരെയുള്ള മുന്നേറ്റത്തില്‍ ആകെ വഴങ്ങിയത് 29 ഗെയിമുകള്‍ മാത്രമായിരുന്നു. വാവ്‌റിങ്കയെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഫൈനലില്‍ നദാലിന്റേത്. റൊളാംഗ് ഗാരോസില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് റാഫ. ഈഫല്‍ ഗോപുരത്തിന്റെ തലയെടുപ്പോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News