അന്നേ പറഞ്ഞില്ലെ ചെന്നിത്തലയാണെന്ന്; മാണിയെ കുടുക്കിയ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും പണികിട്ടേണ്ടതായിരുന്നെന്നും പാര്‍ട്ടി കണ്ടെത്തല്‍

ബാര്‍ കോഴ ആരോപണകാലത്ത് തന്നെ വിവാദങ്ങള്‍ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് ആരോപണമുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കേരള കോണ്‍ഗ്രസ് എം ഇക്കാര്യം ഉന്നയിച്ചിട്ടുമുണ്ട്. അക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുന്ന കണ്ടെത്തലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നടത്തിയത്.

കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വെല്ലുവിളിയായ ബാര്‍കോഴ വിവാദങ്ങള്‍ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാര്‍ കോഴ ആരോപണത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി നിയോഗിച്ച സിഎഫ് തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെയാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനും ചെന്നിത്തല ശ്രമിച്ചിരുന്നുവെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്.

ചെന്നിത്തലയ്‌ക്കൊപ്പം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനും നിര്‍ണായക പങ്കുണ്ടായിരുന്നു. അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്കൊപ്പം അന്ന് പാര്‍ട്ടിയ്‌ക്കൊപ്പമായിരുന്ന പിസി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്നും കണ്ടെത്തലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് സംഭവത്തില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. മുണ്ടക്കയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഗൂഢാലോചന നടന്നതെന്നും സിഎഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. ആര്‍ ബാലകൃഷ്ണപിള്ളയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി ശകുനിയെന്നും വിജിലന്‍സ് എസ് പി സുകേശന്‍ യുത്ത് കോണ്‍ഗ്രസുകാരനായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

എല്ലാം ചെന്നിത്തലയുടെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ ആര്‍ത്തിയാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസുമായി ഇനിയൊരിക്കലും ബന്ധം പാടില്ലെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News