പെണ്‍കുട്ടികളെ വലിച്ചിഴച്ചു; പൊലീസ് വിശദീകരണം നല്‍കണം

ചെന്നൈ: മദ്രാസ് ഐഐടിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളെ വലിച്ചിഴച്ച നടപടിയില്‍ പൊലീസ് വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കുനേരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്.

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗ് പിഎച്ച്ഡി വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ച എബിവിപി അക്രമികളെ ക്യാമ്പസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. പാകം ചെയ്ത ബീഫ് ഭക്ഷണവുമായി 75ല്‍ ഏറെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് വലിച്ചിഴച്ചാണ് നീക്കം ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ചെന്നൈയിലെ മദ്രാസ് ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതില്‍ പങ്കെടുത്ത സൂരജിനെയാണ് എബിവിപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. സൂരജിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു.

ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. 80ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here