അടിവസ്ത്രമിട്ട് വരുമോയെന്ന് ചോദിച്ച മതനേതാവിന്റെ വായടപ്പിച്ച് ന്യൂസ് റീഡര്‍; വീഡിയോ വൈറല്‍

ദേശീയ തലത്തില്‍ ശ്രദ്ധേയമായ മിറര്‍ നൗ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ദംഗല്‍ നടി ഫാത്തിമ സനയുടെ ബിക്കിനി ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതുമായി ബന്ധപ്പെട്ടുള്ള ലിംഗ സമത്വ ചര്‍ച്ചയിലായിരുന്നു മുസ്ലീം മതനേതാവ് മൗലാന അബ്ബാസ് സഭ്യത വിട്ട് പെരുമാറിയത്.

ഫോട്ടോഷൂട്ടിന് ബിക്കിനി ധരിച്ച് എത്തിയ സന ഫാത്തിമ ചെയ്തതില്‍ തെറ്റെന്താണെന്നായിരുന്നു അവതാരക ചോദിച്ചത്. ആര്‍ക്കും ബിക്കിനി ധരിക്കാനുള്ള അവകാശമുണ്ടെന്നും അവതാരക ഫായെ ഡി സൂസ പറഞ്ഞുവെച്ചു.

എന്നാല്‍ ഇതില്‍ രോഷം പൂണ്ട മൗലാന ‘നിങ്ങള്‍ നിങ്ങളുടെ ജോലിസ്ഥലത്ത് അടിവസ്ത്രം ധരിച്ച് വരണം, തുല്യതയെക്കുറിച്ച് അതിന് ശേഷം ആലോചിക്കാം’ എന്നായിരുന്നു പറഞ്ഞത്. ഏവരും ഒരു നിമിഷം സ്തബ്ധരായെങ്കിലും അവതാരക പെട്ടന്നു തന്നെ തിരിച്ചടിച്ചു.

അടിവസ്ത്രം എന്ന് പറഞ്ഞ് എന്നെയടക്കമുള്ള സ്ത്രീകളെ പ്രകോപിപ്പിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതിക്കാണും. നിങ്ങളുടെ പ്രകോപനത്തിന് മുന്നില്‍ ഞാന്‍ എന്റെ ജോലി മറന്ന് പ്രതികരിക്കുമെന്നും കരുതിക്കാണം. പക്ഷെ നിങ്ങള്‍ക്ക് തെറ്റിപ്പോയി. നിങ്ങള്‍ക്കെന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല. നിങ്ങള്‍ പ്രയോഗിക്കുന്നത് വളരെ മോശമായ ഭാഷയാണ്. ജോലി ചെയ്യുന്ന സ്ത്രീകളെ ഇത്തരം മ്ലേച്ഛമായ ഭാഷയിലൂടെ അപമാനിച്ചാല്‍ അടുക്കളയിലേക്ക് ഓടിപോകുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് പിഴച്ചുപോയി.

ഇത്തരം വാക്കുകള്‍ക്ക് മുന്നില്‍ പതറി ഞങ്ങള്‍ ഒരിടത്തേയ്ക്കും പോകില്ല. ഇവിടെ തന്നെയുണ്ടാകുമെന്നും ഇത്തരം മനസ്സുകളെ നന്നായി നേരിടുമെന്നും ഫായെ ഡിസുസ മുന്നറിയിപ്പും നല്‍കി. എന്തായാലും ഫായുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണെന്ന അഭിപ്രായമാണ് ഏവരും പങ്കുവെയ്ക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here