കുട്ടികള്‍ക്ക് ഇഡ്ഡലി വിളമ്പാന്‍ മന്ത്രി; ആഹ്ലാദത്തിന് അതിരില്ലാതെ കുട്ടികളും അധ്യാപകരും

ഉദ്ഘാടനങ്ങളുടെ പതിവു രീതികള്‍ വിട്ട് ഇഡ്ഡലി വിളമ്പാന്‍ മന്ത്രി എത്തിയപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആഹ്ലാദം. വനം മന്ത്രി കെ. രാജുവിനു പിന്നാലെ മേയറും എം പിയും ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളും അഞ്ചാലുംമൂട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പി. കൊല്ലം കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതി പ്രകാരം കോര്‍പ്പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പരിപാടി അമ്മമനസിന്റെ ഉദ്ഘാടനമായിരുന്നു ചടങ്ങ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി ആര്‍ സന്തോഷ്, എം സത്താര്‍, എസ് ജയന്‍, ചിന്ത എല്‍ സജിത്ത്, ഷീബ ആന്റണി, കൗണ്‍സിലര്‍ എം എസ് ഗോപകുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശോഭനാ ദേവി, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് ഗിരിജ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മനോജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി കെ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രഭാത ഭക്ഷണം 201617 വര്‍ഷം സൗജന്യമായി നല്‍കിയ പ്രകാശന്‍ പിള്ളയെ ചടങ്ങില്‍ ആദരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here