നിത്യജീവിതത്തിലെ നിതാന്ത സത്യങ്ങളുടെ കഥ; അശോകന്‍ ചരുവിലിന്റെ കല്‍പ്പണിക്കാരനെക്കുറിച്ച് ഒരു കുറിപ്പ്

നിത്യജീവിതത്തിലെ നിതാന്ത സത്യങ്ങളുടെ കഥകള്‍ അശോകന്‍ ചരുവിലിന്റെ പുതിയ പുസ്തകമായ കല്‍പ്പണിക്കാരനെക്കുറിച്ച് ഒരു കുറിപ്പ്. സമൂഹത്തിലെ എല്ലാത്തരക്കാരായ ആളുകളുടെയും ജീവതാന്തരീക്ഷത്തിലൂടെയാണ് കല്‍പ്പണിക്കാരനിലെ ഓരോകഥയും കടന്നുപോകുന്നത് എന്ന് അഭിപ്രായപ്പെടുന്നു സാംസ്‌കാരിക പ്രവര്‍ത്തകനായ ഡി. ശ്രീധരന്‍ നായര്‍.
നിത്യജീവിതത്തിലെ നിതാന്ത സത്യങ്ങളുടെ കഥ

kalppanikkaran മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതയ്ക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖസ്ഥാനീയനാണ് അശോകന്‍ ചരുവില്‍. ടി.വി. കൊച്ചുബാവ, അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ ഉത്തരാധുനികത വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം… കാലികപ്രസക്തിയുള്ളതും നിത്യജീവിതത്തിലെ നിതാന്തസത്യങ്ങളുമാണ് ഇവരുടെ കഥകള്‍ക്കാധാരം. മുനുഷ്യനായിരിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ നിതാന്തസത്യമെന്നും അതുപേക്ഷിച്ചുകൊണ്ടുള്ള മനവികത വെറും യാന്ത്രികാനുഭവങ്ങളുടെ ആവര്‍ത്തനവിധിമാത്രമായിരിക്കുമെന്നും ഉദ്‌ഘോഷിക്കുന്ന കഥകളാണ് സമീപകാലത്ത് അശോകന്‍ ചരുവില്‍ എഴുതിയിട്ടുള്ളത്. അവയെല്ലാം ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന ആ കഥകള്‍ സമാഹരിച്ച് കല്‍പ്പണിക്കാരന്‍ എന്നപേരില്‍ പ്രസിദ്ധീകിച്ചിരിക്കുകയാണിപ്പോള്‍.

ആത്മകഥയ്ക്ക് ഒരാമുഖം, നോക്കുകൂലി, കാട്ടൂര്‍ക്കടവിലെ കല്‍പ്പണിക്കാരന്‍, മദ്യമുക്തമായ പുളിക്കടവ്, വെള്ളിലംകുന്നിലെ ഒരുരാത്രി, നിലാവിന്റെ തേര്‍വാഴ്ച, നിറഭേദങ്ങള്‍; ഒരു പഴയനോവല്‍, സുരക്ഷിതം എന്നിങ്ങനെ സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട എട്ട് കഥകളാണ് കല്‍പ്പണിക്കാരന്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഞാന്‍ എന്ന വ്യക്തിയിലൂടെ..സമൂഹത്തെ കാണാനാണ് അശോകന്‍ ചരുവില്‍ ഈ കഥകളിലൂടെയെല്ലാം ശ്രമിക്കുന്നത്. എന്നിരുന്നാലും സമൂഹത്തിലെ എല്ലാത്തരക്കാരായ ആളുകളുടെയും ജീവതാന്തരീക്ഷത്തിലൂടെയാണ് കല്‍പ്പണിക്കാരനിലെ ഓരോകഥയും കടന്നുപോകുന്നത്.
kalppanikaran സാഹിത്യത്തില്‍ ഇമ്പം തോന്നിയ ഒരുവന്‍ ഇത്രയും കാലം ജീവിച്ചതിന്റെ അനുഭവങ്ങള്‍ശേഖരിച്ച് ഒരു ആത്മകഥയെഴുതിയാലോ എന്ന് ചിന്തിക്കുന്നതും, എഴുത്തിന്റെ ശൈലിയും തുടക്കവും എങ്ങനെ വേണമെന്ന് ചിന്തിക്കുകയും ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് സ്‌കൂള്‍തലത്തിലേക്കും വാര്യരുമാഷിലേക്കും കടന്നുചെല്ലുന്നതുമായ കഥയാണ് ‘ആത്മകഥയ്ക്ക് ഒരാമുഖം’. എന്നാല്‍ ഒലിവ് ഗ്രീന്‍ ഗര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ ശവസംസ്‌കാരച്ചടങ്ങിന് പങ്കെടുത്തു മടങ്ങുന്ന കോളനി അസോസിയേഷന്‍ ഭാരവാഹികളുടെ സംഭാഷണത്തിലൂടെ വികസിക്കുന്ന കഥയാണ് ‘സുരക്ഷിതം’. അവരുടെ സംഭാഷണത്തിലൂടെ അപ്പാര്‍ട്ട്‌മെന്റിലെ ജീവിതവും സാധാണക്കാരുടെ ജീവിതവും ഒക്കെ കടന്നുവരുന്നു.കാട്ടൂര്‍ക്കടവിലെത്തിയ കല്‍പ്പണിക്കാരന്റെ ജീവിതവും അവിടുത്തുകാരുടെ ജീവിതാവസ്ഥകളും കടന്നുവരുന്ന കഥായാണ് ‘കല്‍പ്പണിക്കാരന്‍’.

ചെറുകാട് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ക്ക് അര്‍ഹായ അശോകന്‍ ചരുവിലിന്റെ കങ്കാരു നൃത്തം, കറപ്പന്‍, മരിച്ചവരുടെ കടല്‍, സൂര്യകാന്തികളുടെ നഗരം, തിരഞ്ഞെടുത്ത കഥകള്‍, ദൈവം കഥവായിക്കുന്നുണ്ട് തുടങ്ങിയ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here