കൊച്ചി: മല്‍സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊച്ചി പുറംകടലിലുണ്ടായ അപകടത്തില്‍ കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാതാ ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്ന് രണ്ട് പേരാണ് മരണപ്പെട്ടത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച തമിഴ്നാട് സ്വദേശി തമ്പിദുരൈ എന്ന ആന്റണിജോണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടു പോയ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
മരിച്ച അസം സ്വദേശി രാഹുല്‍ ദാസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10.30-ന് ഉള്ള ഇന്‍ഡിഗോ എയര്‍ഫ്ളൈറ്റില്‍ അസമിലെ ഗുവാഹട്ടി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.
14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെ രക്ഷപ്പെടുത്തിയിരുന്നു. അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ തുടരുന്നത്. നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചിലിനുള്ള പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
ആംബര്‍ എല്‍ കപ്പല്‍ ബോട്ടിലിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പാനമ കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നുമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നല്‍കിയിരുക്കുന്ന നിര്‍ദേശം. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടമുണ്ടായത്.
Get real time update about this post categories directly on your device, subscribe now.