വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിഎം സുധീരന്‍; കരാറിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സുധീരന്‍; വാദത്തെ തള്ളി കെ.മുരളീധരനും രംഗത്ത്

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ടിനെച്ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിഎം സുധീരന്‍. കരാറിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വിഎം സുധീരന്‍ ആരോപിച്ചു.

കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് വില കല്‍പ്പിക്കാതെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ മുന്നോട്ട് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

യോഗത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറയാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ പറഞ്ഞു. വിഴിഞ്ഞം കരാര്‍ ഏറ്റവും മികച്ചതാണെന്നും ഹസ്സന്‍ പറഞ്ഞു. പദ്ധതിയില്‍ അഴിമതി ഉണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം. എന്നാല്‍ കരാര്‍ ഒപ്പിട്ട സമയത്ത് പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീരന്റെ വിമര്‍ശനങ്ങളോട് ഹസ്സന്‍ പ്രതികരിച്ചില്ല.

അതേസമയം, സുധീരന്റെ വാദത്തെ എതിര്‍ത്ത് കെ.മുരളീധരന്‍ രംഗത്തെത്തി. കരാറില്‍ ഏകോപന സമിതി കൂടുകയും തീരുമാനമെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News