സെക്‌സും മാംസവും വേണ്ടെന്ന് മോദിസര്‍ക്കാര്‍; കശാപ്പ് നിരോധനത്തിന് പിന്നാലെ കേന്ദ്രം ഗര്‍ഭിണികള്‍ക്ക് പിന്നാലെ

ദില്ലി: ഗര്‍ഭിണികള്‍ മാംസം കഴിക്കരുത്, ഗര്‍ഭ കാലയളവില്‍ ശാരീരിക ബന്ധവും പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉപദേശം. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രി ശ്രീപാദ് നായിക് ആണ് ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തത്.

ആരോഗ്യമുള്ള കുട്ടിയെ കിട്ടാന്‍ ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക, ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങിയ നിര്‍ദേശങ്ങളും ഗര്‍ഭിണികള്‍ക്കായുള്ള സര്‍ക്കാര്‍ ബുക്ക്‌ലെറ്റിലുണ്ട്.

മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ വായിക്കണമെന്നും ശാന്തരായി ഇരിക്കണമെന്നും സര്‍ക്കാരിന്റെ ലഘുലേഖ ഗര്‍ഭിണികളെ ഉപദേശിക്കുന്നു.

കശാപ്പ് നിരോധന ഉത്തരവിന് പിന്നാലെയാണ് ഗര്‍ഭിണികള്‍ക്കുള്ള വിവാദ വിചിത്ര നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് മുന്നോട്ടുവരുന്നത്. കശാപ്പ് നിരോധന ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയ ദിവസം തന്നെയാണ് വിവാദ നിര്‍ദേശങ്ങളുമായി ആയുഷ് മന്ത്രാലയം രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News