വായമൂടിക്കെട്ടാനുള്ള മോദിയുടെ ശ്രമങ്ങളെ ചെറുക്കണം; എട്ട് നിര്‍ദേശങ്ങളുമായി അരുണ്‍ഷൂരി

ദില്ലി: രാജ്യം സവിശേഷമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോളാണ് മോദിയുടെ ജനാധിപത്യ വിരുദ്ധ ശ്രമങ്ങളെ ചെറുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി രംഗത്തെത്തിയത്.
മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പോരാട്ടത്തില്‍ കേന്ദ്രമന്ത്രിമാരെ ബഹിഷ്‌കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

വിമര്‍ശകരുടെ വായ മുടിക്കെട്ടാനുള്ള മോദിസര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അനിവാര്യതയാണ്. മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനായി മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും അരുണ്‍ഷൂരി മുന്നോട്ടുവെച്ചു.
1. ഐക്യമത്യം മഹാബലം
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പരസ്പരം കുറ്റപ്പെടുത്താതെ മുന്നോട്ട് പോകണം. വികലമായ നയങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെയും ഒന്നിച്ച് എതിര്‍ക്കണം. ഭരണകൂടം ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ കൈകാര്യം ചെയ്ത് അവരുടെ ഉപകരണമായി മാറാതിരിക്കണമെന്നും അരുണ്‍ ഷൂരി ഓര്‍മ്മിപ്പിച്ചു

2. കപട നിഷ്പക്ഷതയെ കരുതിയിരിക്കണം
സത്യം അന്വേഷിക്കാതെ കേന്ദ്രത്തിന്റെയും കേന്ദ്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുടെയും അഭിപ്രായങ്ങള്‍ ഒരു പോലെ കൊടുക്കുന്നത് കപട നിഷ്പക്ഷതയാണ്. ഉദാഹരണമായി എന്‍ ഡി ടി വി വിഷയം അദ്ദേഹം എടുത്തുകാട്ടി. പ്രണോയ് റോയിയുടെ അടുത്ത് പോയി ‘സര്‍ എന്താണ് വസ്തുത?’ എന്നു ചോദിക്കും. പിന്നാലെ സി.ബി.ഐയുടെ അടുത്ത് പോയി ‘ എന്താണ് വസ്തുത?’ എന്ന് ചോദിക്കും. ഇതാണ് കപട നിഷ്പക്ഷതയുടെ രീതിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

3.സോഷ്യല്‍ മീഡിയയും വിദേശമാധ്യമങ്ങളും ഉപയോഗിക്കുക

രാജ്യത്ത് ഭയം വിതയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിദേശ മാധ്യമങ്ങളിലൂടെയും തുറന്ന് കാട്ടാന്‍ സാധിക്കണം. സമ്മര്‍ദ്ദങ്ങളെ ഇതിലൂടെ അതിജീവിക്കണം

4.വിവരാവകാശ നിയമം

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു തരത്തിലും അനുവദിക്കരുത്. ഭരണകൂടത്തിന്റെ അഴിമതി തുറന്ന് കാട്ടാന്‍ പറ്റുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമായ വിവരാവകാശ നിയമം പരമാവധി ഉപയോഗിക്കണം.

5.പ്രീതിപ്പെടുത്താന്‍ ശ്രമിക്കരുത്

സര്‍ക്കാറിനെ പ്രീതിപ്പെടുത്തുന്ന പ്രവണതകള്‍ അവസാനിപ്പിക്കണം. ഇത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്ലതല്ല

6. ബഹിഷ്‌കരണമെന്ന തന്ത്രം

മാധ്യമസ്വാതന്ത്യം അനുവദിച്ചില്ലെങ്കില്‍ ഭരണാധികാരികളെ ബഹിഷ്‌കരിക്കാന്‍ തയ്യാറാകണം

7. സത്യം പുറത്തുകൊണ്ടുവരണം

സര്‍ക്കാറിനെ അലോസരപ്പെടുത്തുന്ന വാര്‍ത്തകളില്‍ ശ്രദ്ധയൂന്നി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം

8 നിയന്ത്രണത്തെയും സെന്‍സര്‍ഷിപ്പിനെയും എങ്ങനെ മറികടക്കണമെന്ന് തിരിച്ചറിയുക

ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണത്തേയും സെന്‍സര്‍ഷിപ്പ് ഭീഷണികളെയും ബുദ്ധിപൂര്‍വ്വം മറികടക്കണമെന്നും അരുണ്‍ഷൂരി വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here