മോദി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസ്

ദില്ലി: കേന്ദ്ര സര്‍ക്കാറിന്റെ മുഖം രക്ഷിക്കാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസ്. ഗോരക്ഷാ പ്രവര്‍ത്തര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും കശാപ്പിനായുള്ള കന്നുകാലി കച്ചവടം നിരോധിച്ചതിവെതിരെയും രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസിന്റെ ഇടപെടല്‍.

ഗോരക്ഷക്കാരുടെ ആക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ പാഞ്ചജന്യത്തിലെ ലേഖനത്തില്‍ പറയുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷമാണ് രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും ശക്തിപ്രാപിച്ചത്. ബിജെപി അധികാരത്തിലെത്തി അധികനാള്‍ കഴിയും മുന്‍പ് ഗോമാസം സൂക്ഷിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ അടിച്ചു കൊന്നത് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഗോരക്ഷാ സേനയുടെ ആക്രമണങ്ങള്‍ ശക്തമായി. ഗോരക്ഷാ സേനക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ആര്‍എസ്എസ് ജനരോഷം തണുപ്പിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുമാണ് ഇപ്പോള്‍ മുഖ പത്രത്തിലൂടെ ഗോരക്ഷാ സേനക്കാരെ തള്ളിപ്പറയുന്നത്. ഗോരക്ഷാ സേനക്കാരുടെ അക്രമങ്ങള്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നാണ് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യത്തില്‍ വിലയിരുത്തല്‍.

ഗോരക്ഷാ സേനക്കാര്‍ നടത്തുന്നതു പോലുള്ള ആക്രമണങ്ങളെ ആര്‍എസ്എസെന്നും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖപത്രത്തില്‍ പറയുന്നു. പശുക്കളെയും ക്ഷേത്രങ്ങളെയും ഹിന്ദുകള്‍ കൈകാര്യം ചെയ്യുന്നത് നിരുത്തരവാദപരമാണ്. പശുക്കളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഹിന്ദു സമൂഹത്തിലെ കുറ്റക്കാരെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കശാപ്പിനായുള്ള വ്യാപാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മേഘാലയയിലെ എംഎല്‍എ ഉള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചതും തിരിച്ചടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here