ഓഫീസില്‍ വൈകിയെത്തിയ സര്‍ക്കാര്‍ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം; വീഡിയോ പുറത്ത്

ബംഗളൂരു: ഓഫീസില്‍ വൈകിയെത്തിയ സര്‍ക്കാര്‍ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ ചവിട്ടുന്ന ദ്യശ്യങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക റെയ്ച്ചൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ജീവനക്കാരിയെ ഓഫീസിനകത്ത് വച്ച് ജീവനക്കാരന്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കരാര്‍ ജീവനക്കാരനായ ശരണപ്പയെ പൊലീസ് അറസ്റ്റു ചെയ്തു. സിദ്ധാനൂര്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലിലെ ജീവനക്കാരി നസ്രീനയെയാണ് ശരണപ്പ മര്‍ദിച്ചത്.

ഓഫീസില്‍ വൈകിയെത്തിയതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ചവിട്ടാനായി സീറ്റില്‍ നിന്നെഴുന്നേറ്റ് വരുന്ന യുവാവിനേയും ഭയചകിതയായ ജീവനക്കാരിയേയും ദൃശ്യങ്ങളില്‍ കാണാം. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ മര്‍ദ്ദനത്തിനിരയായ നസ്രീനും ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശനിയാഴ്ച ഓഫീസിന് അവധിയായിരുന്നെങ്കിലും പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള ജോലികള്‍ ചെയ്യാന്‍ നസ്രീനെയും ശരണപ്പയെയും ഏല്‍പ്പിക്കുകയായിരുന്നുവെന്നും കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ശരണപ്പയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ സര്‍വ്വീസില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായാണ് ഇയാളെ നിയമിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here