രാഷ്ട്രീയ വിശകലനമോ വിദ്വേഷാധിഷ്ഠിത അപവാദ പ്രചാരണമോ? ; എംജി രാധാകൃഷ്ണന് പിപി അബൂബക്കറിന്റെ മറുപടി

ബിജെപിയുടെ വര്‍ഗീയ ഫാസിസം പത്തിവിടര്‍ത്തിയാടുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതിനെതിരെ ഏറ്റവും ധീരമായ നിലപാട് എടുക്കുന്ന മുഖ്യമന്ത്രിയെ അപഹസിക്കാനുള്ള ശ്രമം ബിജെപിയോടുള്ള മൃദുസമീപനമായി കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

 എം ജി രാധാകൃഷ്ണന്‍റെ ലേഖനത്തിന് പി പി അബൂബക്കർ ദേശാഭിമാനിയിൽ എഴുതിയ മറുപടി മറുപടി.

‘സര്‍ക്കാരിന്‍റെ ദയനീയ പ്രകടനവും ഭാവിയെക്കുറിച്ച് പ്രതീക്ഷിക്കാന്‍ അത് വക തരുന്നില്ലെന്നതും ബിജെപിയുടെ വളര്‍ച്ചയും സൂചിപ്പിക്കുന്നത് കേരളത്തിലും ഇടതുപക്ഷത്തിന് ചിത ഒരുങ്ങുന്നു എന്നാണ്’.

‘ഏതെങ്കിലും ഒരു മുന്നണിയെ മാറിമാറി വരിക്കാന്‍ വിധിക്കപ്പെട്ട കേരള ജനതക്ക് മുമ്പിലാകട്ടെ മൂന്നാമതൊരു സാധ്യതയുണ്ട്. രാജ്യമാകെ വ്യാപിക്കുന്ന ബിജെപി, കേരളത്തെ പ്രത്യേകം ലാക്കാക്കി തന്ത്രങ്ങള്‍ മെനയുകയാണ്. നേമം എന്ന ആദ്യപടിയില്‍നിന്ന് ഇനി ഏതൊക്കെ എന്ന കണക്കുകൂട്ടലിലാണവര്‍’.

‘കടുത്ത അഗ്നിശമന പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ അഞ്ചുവര്‍ഷം ഈ സര്‍ക്കാരിനെ ജനം സഹിക്കുമോ എന്ന് സംശയം. കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ എന്ന് പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്ന ഇടതുപക്ഷം, തങ്ങള്‍ക്ക് അധികാരം കിട്ടിയ ഇടങ്ങളില്‍ എന്ത് കുന്തമാണ് ചെയ്തതെന്ന ചോദ്യത്തിന് ഇളിഭ്യരായി നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ’.

കേരളത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍നിന്നാണ് മേല്‍ ഉദ്ധരണികള്‍. മാതൃഭൂമിയിലെ ലേഖനം വായിക്കാത്തവരെ സംബന്ധിച്ച് കടുത്ത സിപിഐ എം വിരുദ്ധരായ കോണ്‍ഗ്രസ്സുകാരുടെയോ ബിജെപിക്കാരുടെയോ നിലവാരമില്ലാത്ത ഏതോ പ്രസംഗത്തില്‍നിന്ന് എടുത്തതാണ് മുകളില്‍ കൊടുത്ത വാചകങ്ങള്‍ എന്നു തോന്നാം.

കാരണം, ഇത്രയും അടിസ്ഥാനരഹിതവും യുക്തിരഹിതവും വെറുപ്പില്‍ അധിഷ്ഠിതവുമായ വിലയിരുത്തല്‍ നടത്താന്‍ അങ്ങനെയുള്ളവര്‍ക്കേ ധൈര്യം വരൂ. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ ലേഖനം എഴുതിയത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചീഫ് എഡിറ്ററുമായ എം ജി രാധാകൃഷ്ണനാണ്. മാധ്യമ നിരീക്ഷകനെന്നുകൂടി അറിയപ്പെടുന്ന രാധാകൃഷ്ണന്‍ എന്തുകൊണ്ടാണ് തന്നോടുപോലും സത്യസന്ധത പുലര്‍ത്താതെ ഇങ്ങനെ പിണറായി വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ വധത്തിന് ഇറങ്ങിയതെന്ന് അന്വേഷിക്കാന്‍ ഈ കുറിപ്പില്‍ മുതിരുന്നില്ല.
അതേസമയം, ‘പിണറായിയുടേത് ബുദ്ധദേവ് മാര്‍ഗം, നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം’ എന്ന ലേഖനത്തിലെ കടുത്ത മുന്‍വിധികളും സത്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനവും ചൂണ്ടിക്കാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ സര്‍ക്കാരിനെ വിലയിരുത്താന്‍ തുനിഞ്ഞപ്പോള്‍ സത്യസന്ധതയും യുക്തിയും ലേഖന കര്‍ത്താവിന് നഷ്ടമായി, വസ്തുതകളെ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. ബിജെപിയുടെ വര്‍ഗീയ ഫാസിസം പത്തിവിടര്‍ത്തി ആടുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതിനെതിരെ ഏറ്റവും ധീരമായ നിലപാട് എടുക്കുന്ന മുഖ്യമന്ത്രിയെ അപഹസിക്കാനുള്ള ശ്രമം ബിജെപിയോടുള്ള മൃദുസമീപനമായി കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.രാഷ്ട്രീയ നിരീക്ഷണം എന്ന മട്ടില്‍ രാധാകൃഷ്ണന്‍ എഴുതിപ്പിടിപ്പിച്ച കാര്യങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന് കുറ്റബോധം തോന്നാതിരിക്കില്ല എന്നാണ് എന്‍റെ വിശ്വാസം. ലേഖനത്തിലെ ആരോപണങ്ങള്‍ എന്താണെന്ന് ചുരുക്കി സൂചിപ്പിക്കാതെ അതേക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമാവില്ല.

‘പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തോന്നുന്നത് കേരളവും ബംഗാളിന്‍റെ വഴിക്കാണെന്നാണ്. സര്‍ക്കാരിന്‍റെ ദയനീയ പ്രകടനവും ബിജെപിയുടെ വളര്‍ച്ചയും സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷത്തിന് ചിത ഒരുങ്ങുന്നു എന്നതാണ്. മുമ്പൊക്കെ സര്‍ക്കാരിന് അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഭരണവിരുദ്ധ വികാരം രൂക്ഷമാകുന്നതെങ്കില്‍, ഇക്കുറി ആദ്യമേ അങ്ങനെയാണ്. ഭരണരംഗത്ത് ഇത്ര വേഗം, ഇത്ര പരാജയമായ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.’

ബംഗാളില്‍ സിപിഐ എമ്മിന് നേരിട്ട തിരിച്ചടിയെക്കുറിച്ച് പാര്‍ടി സത്യസന്ധവും വസ്തുനിഷ്ഠവുമായി വിലയിരുത്തുകയും അത് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ എമ്മിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അത് ആര്‍ക്കും ലഭിക്കും. കേരളം ബംഗാളിന്‍റെ വഴിക്കാണെന്ന തന്‍റെ നിഗമനം സാധൂകരിക്കാവുന്ന ഒരു വസ്തുതയും രാധാകൃഷ്ണന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബിജെപിക്കാര്‍ പോലും വച്ചുപുലര്‍ത്താത്ത അതിരുകവിഞ്ഞ ആഗ്രഹ പ്രകടനമായിപ്പോയി. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളര്‍ച്ചയുണ്ടായിട്ടുണ്ട് എന്നത് ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ബദലായി ബിജെപി വളരുന്നു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്-14.21 ശതമാനം. കേന്ദ്രത്തിലെ ബിജെപി ഭരണം, അതിന്‍റെ തണലില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തനവും അക്രമവും, എസ്എന്‍ഡിപി നേതാവായ വെള്ളാപ്പള്ളി നടേശന്‍ രൂപീകരിച്ച ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് ഇതെല്ലാം കാരണമാണ് ബിജെപിക്ക് 14.2 ശതമാനം വോട്ട് ലഭിച്ചതെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് അറിയാം.

അതിനുശേഷം പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്‍റെയും ഫലം പരിശോധിച്ചാല്‍ ബിജെപിയുടെ വളര്‍ച്ച താഴേക്കാണെന്ന് കാണാന്‍ കഴിയും.  2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്‍റെ രഹസ്യസഹായം കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തില്‍ 140 സീറ്റുകളിലും മത്സരിച്ച യുഡിഎഫിന് ഒരിടത്ത് മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെട്ടത്. അത് നേമത്തായിരുന്നു. അത്തരത്തിലുള്ള രഹസ്യബാന്ധവം വ്യാപകമായി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പരസ്യമായ ബന്ധം കേരളം അംഗീകരിക്കാനും പോകുന്നില്ല. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വടകര ലോക്സഭയും ബേപ്പൂര്‍ നിയമസഭാ മണ്ഡലവും ഉദാഹരണം.

ബിജെപിക്ക് കേരളം പിടിക്കുന്നതിന് ഏക തടസ്സം മതപരമായ സവിശേഷതകളാണെന്ന് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് രാധാകൃഷ്ണന്‍ വാദിക്കുന്നുണ്ട്. അത് കടന്ന കൈയായിപ്പോയി. മതപരമായ സവിശേഷതകള്‍ എന്നതിനര്‍ഥം, ഇവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ 45 ശതമാനത്തോളം ഉണ്ടെന്നും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമാണ്. ഈ വാദത്തിന് മറ്റൊരു ആപത്കരമായ മറുവശമുണ്ട്. ഹിന്ദുമത വിശ്വാസികള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുക എന്ന നിഗമനം. കേരളത്തെ സംബന്ധിച്ചെങ്കിലും ഇത് തീര്‍ത്തും അസംബന്ധമായ വിലയിരുത്തലല്ലേ. ഇവിടെ ഹിന്ദുമത വിശ്വാസികളില്‍ ഭൂരിപക്ഷം മറ്റു പാര്‍ടികളിലല്ലേ അണിനിരന്നിട്ടുള്ളത്. അതിന് ഒരു മാറ്റവും വരുത്താന്‍ ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതിന് ഏറ്റവും അടുത്ത നാളില്‍ കിട്ടിയ തെളിവല്ലേ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുഫലം. രാധാകൃഷ്ണന്‍റെ ഭാഷയില്‍ മലപ്പുറത്തിന് ‘മതപരമായ സവിശേഷത’കളുള്ളതിനാല്‍ ബിജെപിക്ക് അവിടെ ഏഴ് ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂ എന്നത് പ്രസക്തമായി കാണേണ്ടതില്ല. എന്നാല്‍, 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും അവിടെ ബിജെപിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 82,000 വോട്ട് ഇത്തവണ മലപ്പുറത്ത് കൂടുതലായി പോള്‍ ചെയ്തിരുന്നു. എന്നിട്ടും ബിജെപി വോട്ട് കൂടിയില്ല. 2016-ല്‍ ലോക്സഭയുടെ പരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് ബിജെപിക്ക് 73,000 വോട്ട് ലഭിച്ചിരുന്നു. 2017 ആയപ്പോള്‍ അത് 65,600 ആയി കുറഞ്ഞു. വസ്തുതകള്‍ തെളിയിക്കുന്നത്, കേരളത്തില്‍ മൂന്നാം ശക്തിയായി ബിജെപിക്ക് വളരാമെന്നത് ചില മാധ്യമ പ്രവര്‍ത്തകരുടെ സിപിഐഎം വിരോധത്തില്‍ അധിഷ്ഠിതമായ വ്യാമോഹം മാത്രമാണെന്നാണ്.

സാധാരണ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയെന്നും ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ടുതന്നെ ഭരണവിരുദ്ധ വികാരം രൂക്ഷമായി എന്നും വാദിക്കുന്നതിന് എന്താണ് അടിസ്ഥാനം? ടിവി ചാനലുകളുടെയും സിപിഐ എം വിരുദ്ധ പത്രങ്ങളുടെയും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കാവുന്നതാണോ ഭരണവിരുദ്ധ വികാരത്തിന്‍റെ തോത്? കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന പ്രാദേശിക സ്ഥാപന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് നേട്ടമുണ്ടാക്കിയത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ വികാരം അളക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയല്ലെന്ന് പറയാന്‍ കഴിയുമോ?  മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്‍റെ സ്റ്റാര്‍ സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചിട്ടും എല്‍ഡിഎഫ് 2014-നെ അപേക്ഷിച്ച് ഒരു ലക്ഷം വോട്ടുകള്‍ അധികം നേടി. യുഡിഎഫിന് കൂടിയത് 77,600 വോട്ട് മാത്രമാണ്. ഒരു വര്‍ഷം കൊണ്ട് ഇവിടെ ഭരണവിരുദ്ധ വികാരമുണ്ടാവുകയല്ല, ഭരണത്തിനുള്ള ജനപിന്തുണ കൂടുകയാണ് ചെയ്തത്. കടുത്ത മുന്‍വിധി കാരണം ഈ വസ്തുതകളിലേക്ക് പോകാന്‍ രാധാകൃഷ്ണനെന്ന മാധ്യമ നിരീക്ഷകന് കഴിഞ്ഞില്ല.

‘അധികാരത്തില്‍ വന്ന് ഇത്രവേഗം വ്യാപകമായ നിശിതവിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതിന് അധികം ഉദാഹരണങ്ങളില്ല.  മാത്രമല്ല, കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരുകളില്‍ ഒന്നായിരുന്ന കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണം ഇതിലും ഭേദമായിരുന്നു എന്നുപോലും അഭിപ്രായങ്ങള്‍ ഉയരുന്നു’. മറ്റൊരു ഭാഗത്ത്: ‘മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് പ്രാപ്യനായിരുന്നു, സാധാരണക്കാര്‍ക്കും’.

ഒരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്‍റെ അല്ലെങ്കില്‍ സ്വതന്ത്ര നിലപാടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ വിലയിരുത്തല്‍ എന്ന നിലയില്‍ രാധാകൃഷ്ണന്‍റെ ലേഖനം വായിക്കാന്‍ കഴിയില്ലെന്ന് ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകും. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെയായിരുന്നു ഉമ്മന്‍ചാണ്ടി നയിച്ചിരുന്നതെന്ന് സമ്മതിക്കുന്ന ലേഖകന്‍, ഒരു വര്‍ഷംകൊണ്ട് ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ പക്ഷത്തായി എന്ന് വാദിക്കുന്നത് അഴിമതിയെ വെറുക്കുന്ന കേരളത്തിലെ ജനങ്ങളെ അപഹസിക്കലാണ്. ഈ വാദത്തിനര്‍ഥം, അഴിമതിയോട് ജനങ്ങള്‍ ഒത്തുപോകും എന്നാണ്. മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ തിരുത്തിക്കൊണ്ട് 140-ല്‍ 91 സീറ്റ് നേടി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഇടയാക്കിയ പ്രധാന ഘടകങ്ങളില്‍ ഒന്ന് അഴിമതിയില്‍ ജനങ്ങള്‍ സഹികെട്ടിരുന്നു എന്നതുതന്നെയാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന എല്‍ഡിഎഫ് വാഗ്ദാനം അല്ലെങ്കില്‍ പ്രഖ്യാപനം അനുസരിച്ചുതന്നെയാണ് പിണറായി സര്‍ക്കാര്‍ നീങ്ങുന്നത്. അധികാരമേറ്റ ദിവസം തൊട്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍പോലും അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ വിരല്‍ചൂണ്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല. രണ്ട് സര്‍ക്കാരുകളും തമ്മിലുള്ള പ്രധാന മാറ്റം അഴിമതിയുടെ കാര്യത്തില്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടി ഭരണം പിണറായി വിജയന്‍ സര്‍ക്കാരിനെക്കാള്‍ ഭേദമായിരുന്നു എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് സിപിഐ എം വിരോധം കാരണം കണ്ണുകാണാതായി എന്ന് മാത്രമേ പറയാന്‍ കഴിയൂ. വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ഗവണ്‍മെന്‍റ ് സെക്രട്ടറിയറ്റില്‍ വന്നുപോകുന്ന സാധാരണക്കാര്‍ക്കും അല്ലാത്തവര്‍ക്കും മാറ്റം ബോധ്യപ്പെടും. ഒരു തട്ടില്‍ അഴിമതി പൂര്‍ണമായും ഇല്ലാതായി എന്ന് മുഖ്യമന്ത്രി ആര്‍ജവത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടുത്തു പറഞ്ഞില്ലെങ്കിലും ആ തട്ട് മന്ത്രിമാരുടെതാണെന്ന് നമുക്കറിയാം. താഴേത്തട്ടിലേക്കും ഈ മാറ്റം വരേണ്ടതുണ്ട്. ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ സമയമെടുക്കും.

ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയ അധോലോക ബന്ധങ്ങളെക്കുറിച്ച് പറയുന്ന ലേഖകന്‍ മറ്റൊരിടത്ത് ‘മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും മാധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പ്രാപ്യനായിരുന്നു അന്നത്തെ മുഖ്യമന്ത്രി’ എന്നും വാദിക്കുന്നു. ഈ വൈരുധ്യത്തിന്‍റെ അര്‍ഥമെന്താണ്? അന്ന് നടന്നതൊക്കെ മാധ്യമപ്രവര്‍ത്തകരും ഇഷ്ടപ്പെട്ടിരുന്നു എന്നാണോ?  അതോ അധോലോക ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഉമ്മന്‍ചാണ്ടി സാധാരണക്കാരെയും മാധ്യമങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്തിരുന്നു എന്നാണോ? ‘മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് പ്രാപ്യനായിരുന്നു’ എന്ന പരാമര്‍ശത്തില്‍ മാധ്യമങ്ങളുമായി തോളില്‍ കയ്യിടുന്നവര്‍ക്ക് മറ്റെന്ത് കുഴപ്പമുണ്ടെങ്കിലും സഹിക്കാം എന്ന ധ്വനിയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഐ എമ്മോ ഈ വിലയിരുത്തല്‍ അംഗീകരിക്കില്ലെന്ന് എടുത്തു പറയേണ്ടതില്ല.

‘പാര്‍ടി സെക്രട്ടറി പദത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദം കടുത്ത ആക്രമണത്തിന് തങ്ങള്‍ ഇരയാക്കിയ പിണറായിയോട് മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയായ ശേഷം ആദ്യനാളുകളില്‍ ഹ്രസ്വമായ മധുവിധു കാലമുണ്ടായിരുന്നു’. മധുവിധു എന്നാല്‍ സദ്ഗുണങ്ങളല്ലാതെ ദോഷങ്ങളൊന്നും പരസ്പരം കാണാത്ത കാലം എന്ന് ലേഖകന്‍റെ തന്നെ നിര്‍വചനം.

നേരത്തെ ഒരുപാട് ആക്രമിച്ചതുകൊണ്ട് മുഖ്യമന്ത്രിയായി വന്നപ്പോള്‍ മാധ്യമങ്ങള്‍ പിണറായിയോട് മൃദുസമീപനം എടുത്തുവെന്നും ദോഷങ്ങളൊന്നും പറഞ്ഞില്ലെന്നുമാണ് ഇതിനര്‍ഥം. അടിസ്ഥാനമില്ലാത്ത നിഗമനങ്ങളുടെ കൂട്ടത്തില്‍ മറ്റൊന്നു കൂടി. പിണറായി സര്‍ക്കാരുമായി അങ്ങനെയൊരു മധുവിധുകാലം മാധ്യമങ്ങള്‍ക്കോ തിരിച്ചോ ഉണ്ടായിരുന്നില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനോ കുറ്റപ്പെടുത്താനോ വിമര്‍ശിക്കാനോ കിട്ടിയ ഏത് അവസരമാണ് തങ്ങളുടെ പഴയ ഇരയല്ലേ തലപ്പത്ത് ഇരിക്കുന്നതെന്ന പരിഗണനയില്‍ മാധ്യമങ്ങള്‍ വേണ്ടെന്നുവച്ചത്? നിവൃത്തിയില്ലാത്തതുകൊണ്ട് അവര്‍ കുറച്ചുനേരം മിണ്ടാതിരുന്നുകാണും. അതിലപ്പുറമൊന്നുമില്ല.

‘കേരളപ്പിറവി മുതല്‍ ഓരോ ഇടതു സര്‍ക്കാരിനും സംസ്ഥാനത്തെ പുതുക്കിപ്പണിത നാഴികക്കല്ലുകള്‍ അവകാശപ്പെടാനുണ്ടായിരുന്നു. ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, ജില്ലാ കൗണ്‍സില്‍ രൂപീകരണം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിവ. എന്നാല്‍ 1996-2001-ലെ നായനാര്‍ സര്‍ക്കാരിനുശേഷം ഒരു എല്‍ഡിഎഫ് സര്‍ക്കാരിനും സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു ആശയമോ മുദ്രാവാക്യംപോലുമോ ഉണ്ടായിട്ടില്ല’.

കേരളത്തെ സമഗ്രമായി പുതുക്കിപ്പണിയാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ച കര്‍മപദ്ധതിയാണ് നവകേരളം. ഈ പദ്ധതിക്ക് കീഴില്‍ ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിതകേരളം എന്നീ നാലു മിഷനുകള്‍. ആഗോളതലത്തില്‍ ശ്രദ്ധേയമായതാണ് കേരളത്തിന്‍റെ വികസനമാതൃകയെങ്കിലും വികസനം ലക്ഷ്യം കൈവരിച്ചിട്ടില്ല. വികസന പരിപാടികളില്‍നിന്ന് പലരും വിട്ടുപോയിട്ടുണ്ട്. ഭൂപരിഷ്കരണം, സാക്ഷരത, ആരോഗ്യ-വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയുടെ ഇന്നത്തെ നില വിലയിരുത്തിയാല്‍ പോരായ്മകളുണ്ട്. അതു പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയാണ് നവകേരളം. ഇത് കേരളത്തിന്‍റെ വികസനയാത്രയില്‍ നാഴികക്കല്ലാകുമോ എന്ന് വരുംകാലം വിലയിരുത്തും. എന്നാല്‍ സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയാണ് നീങ്ങുന്നത്.

വീടില്ലാത്തവരോ വാസയോഗ്യമായ വീടില്ലാത്തവരോ ആയ അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് എന്നതാണ് ലൈഫ് മിഷന്‍റെ ലക്ഷ്യം. തീരെ ദരിദ്രരായവര്‍ക്ക് ജീവിതോപാധിക്കുള്ള വഴിയും സര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. ഇതൊന്നും പ്രഖ്യാപനങ്ങളല്ല, പദ്ധതിക്ക് സ്ഥലം കണ്ടെത്താനുള്ള ശ്രമം മുമ്പോട്ടുപോകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഫലമായി വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അധ്യയന നിലവാരം ഉയര്‍ത്തുന്ന പദ്ധതിയാണിത്. മൂന്നോ നാലോ വര്‍ഷംകൊണ്ട് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹരിതകേരളം മിഷന്‍റെ ഭാഗമായി നമ്മുടെ ജലസമൃദ്ധിയും പ്രകൃതിയും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ സംസ്ഥാനമെങ്ങും പരിപാടികള്‍ നടക്കുകയാണ്. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ ഒരു കോടിയോളം വൃക്ഷത്തൈകളാണ് കേരളത്തില്‍ നട്ടത്. ഒരു ദിവസം നട്ട മരങ്ങളുടെ എണ്ണമെടുത്താല്‍ ഇതൊരു ലോക റെക്കോഡായിരിക്കും. ആശുപത്രികള്‍ ജനസൗഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതിയും നടപ്പായിത്തുടങ്ങി.

ഇത്തരം പദ്ധതികളെയും ജനങ്ങള്‍ വലിയതോതില്‍ സ്വീകരിച്ച പരിപാടികളെയും കണ്ടില്ലെന്ന് നടിച്ചും അവഗണിച്ചുമാണ് നല്ലതെന്തെങ്കിലും പറയാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നുണ്ടോ എന്ന ചോദ്യം. എന്നാല്‍ ഈ ചോദ്യം ഉന്നയിക്കുന്ന ലേഖകന്‍ മറ്റൊരിടത്ത് പറയുന്നത് നോക്കൂ: ‘വാസ്തവത്തില്‍ ചില നല്ല കാര്യങ്ങളൊക്കെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് എന്നിവയുടെ തടസ്സങ്ങള്‍ നീക്കുക, അങ്കണവാടി അധ്യാപികമാരുടെ ശമ്പള വര്‍ധന, ഹരിതകേരളം, ആര്‍ദ്ര കേരളം, പാവപ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാസഹായം തുടങ്ങിയവ. പക്ഷേ, അവയൊക്കെ മോശമായ വാര്‍ത്തകളുടെ പ്രളയത്തില്‍ മുങ്ങിപ്പോയി’.

ഒന്നും ചെയ്തിട്ടില്ലെന്നും ചിലതൊക്കെ ചെയ്തിട്ടുണ്ടെന്നും ഒരേ ശ്വാസത്തില്‍ പറയേണ്ടിവരുന്നത് എന്തുകൊണ്ടാവാം? പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അപഹസിക്കാനും തീരുമാനിച്ചശേഷം അതിനൊപ്പിച്ച് തിരക്കഥ രചിക്കേണ്ടി വന്നതുകൊണ്ട് വന്നുപെട്ട വൈരുധ്യമാണിത്.  സംസ്ഥാന സര്‍ക്കാരുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രോഗ്രസ് കാര്‍ഡുമായാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളെ സമീപിച്ചത്. എന്തായിരുന്നു വാഗ്ദാനം, എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്തില്ല എന്ന രേഖ. ഇങ്ങനെ സ്വന്തം പ്രവര്‍ത്തനത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് ഉണ്ടാക്കി ജനങ്ങളുടെ മുമ്പില്‍ പോകാന്‍ ഒരു സര്‍ക്കാര്‍ ആര്‍ജവം കാണിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയും അവരോടുള്ള വിശ്വാസവുമുണ്ട്. പ്രകടനപത്രിക എന്നത് വോട്ട് തട്ടാനുള്ള വാഗ്ദാന പട്ടികയായി പൊതുവെ അംഗീകരിക്കപ്പെട്ട കാലത്ത്, ആ പട്ടികയില്‍ പറഞ്ഞതുമായി വീണ്ടും ജനങ്ങളുടെ അടുത്തേക്ക് ഒരു മുഖ്യമന്ത്രി പോകുന്നുണ്ടെങ്കില്‍ ആ ജനപക്ഷ രാഷ്ട്രീയസംസ്കാരത്തെ അംഗീകരിക്കാതെ ഇവിടെ ഇതാ ഇടതുപക്ഷത്തിന്‍റെ ചിത എരിഞ്ഞുതുടങ്ങി എന്ന് വിളിച്ചുപറയുന്നത് സ്വതന്ത്രചിന്തയോ സ്വതന്ത്ര പത്രപ്രവര്‍ത്തനമോ അല്ല. കേരളത്തിലെ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് സംസ്ഥാനത്തെ പുതുക്കിപ്പണിത നാഴിക്കല്ലുകള്‍ ഉണ്ടായിരുന്നു എന്ന് ഒരിടത്ത് പറയുന്ന ലേഖകന്‍ തന്നെയാണ് മറ്റൊരിടത്ത് എല്‍ഡിഎഫിന് അധികാരം കിട്ടിയ ഇടങ്ങളില്‍ എന്ത് കുന്തം ചെയ്തു എന്ന് ചോദിക്കുന്നത്. പരസ്പര വിരുദ്ധമായ വിലയിരുത്തലുകളുടെ സമാഹാരം എന്ന് ഈ ലേഖനത്തെ വിശേഷിപ്പിച്ചാല്‍ അധികമാകില്ല. അവയില്‍ ചിലതു മാത്രമേ ഇവിടെ എടുത്തുപറയുന്നുള്ളു.

മറ്റൊന്ന്, നല്ല കാര്യങ്ങള്‍ ‘മോശമായ വാര്‍ത്തകളുടെ പ്രളയത്തില്‍’ മുങ്ങിപ്പോയി എന്ന പരാമര്‍ശം. അതെങ്ങനെ സംഭവിക്കുന്നു? നല്ല കാര്യങ്ങള്‍ മുക്കുന്ന രീതിയില്‍ ഇവിടെ ഒരു മാധ്യമപ്രചാരണം നടക്കുന്നുണ്ട് എന്ന സത്യമാണ് തുറന്നുപറയേണ്ടിയിരുന്നത്. മോശമായ വാര്‍ത്തകള്‍ മോശമായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഉല്‍പ്പന്നമല്ലേ?

കേന്ദ്ര സര്‍ക്കാരിന്‍റെ തണലില്‍ സംഘപരിവാര്‍ രാജ്യവ്യാപകമായി ആക്രമണമഴിച്ചുവിടുകയാണ്. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. തീവ്രഹിന്ദുത്വ പദ്ധതിയെ ചോദ്യം ചെയ്യുന്നവരെയും അംഗീകരിക്കാത്തവരെയും ശാരീരികമായി വകവരുത്തുന്നു. എന്ത് ഭക്ഷിക്കണം, എന്ത് വസ്ത്രം ധരിക്കണം, വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ എന്തുചെയ്യരുത് എന്നെല്ലാം സംഘപരിവാര്‍ കല്‍പ്പിക്കുന്ന കാലത്ത് കേരളത്തില്‍ അതൊന്നും നടപ്പില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും ഗവണ്‍മെന്‍റും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന, സമാധാനവും സ്വൈരജീവിതവും ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് രക്ഷയാണ്. ഇരുള്‍ മൂടുന്ന ഇന്നത്തെ കാലത്ത് അതല്ലേ ഒരു ഇടതുപക്ഷ സര്‍ക്കാരിന്‍റെ വലിയ പ്രസക്തി. ഇതിലൊന്നും മാധ്യമങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ മറ്റൊന്നുകൂടി പറയാം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കുറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന്  പ്രഖ്യാപിക്കാന്‍ ഇന്ത്യയില്‍ എത്ര മുഖ്യമന്ത്രിമാരുണ്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നിരുന്നില്ലെങ്കില്‍ കേരളത്തിന്‍റെ സ്ഥിതി എന്താകുമായിരുന്നു എന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ വീഴ്ചകളുടെ പട്ടിക ഒരു ഭാഗത്ത് കൊടുത്തിട്ടുണ്ട്. അവ നോക്കാം: ‘കുപ്രസിദ്ധമായ അഴിമതിക്കേസുകളില്‍പ്പോലും സര്‍ക്കാരിനെതിരെ ഹാജരാകുന്ന ആളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കുന്നു. വലതുപക്ഷക്കാരിയെന്ന് അറിയപ്പെടുന്ന ആള്‍ സാമ്പത്തിക വിദഗ്ധ, മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയും മുഖ്യമന്ത്രിയുടെ ന്യായീകരണവും, അഭിഭാഷക-മാധ്യമ തര്‍ക്കത്തിലെ ഉദാസീനത, ലോകോളേജ്-നെഹ്റുകോളേജ് സമരങ്ങളോടുള്ള അഴകൊഴമ്പന്‍ നയം, വിവരാവകാശത്തില്‍ കൊണ്ടുവന്ന വിലക്ക്, രാഷ്ട്രീയ കൊലപാതകങ്ങളിലെ വര്‍ധന (എട്ട്), മഹിജയോടുള്ള മനുഷ്യത്വരഹിതമായ സമീപനം, സെന്‍കുമാര്‍ പ്രശ്നം, ജേക്കബ് തോമസിന്‍റെ നടപടികളെച്ചൊല്ലി ഐഎഎസ്-ഐപിഎസ് വിഭാഗങ്ങളിലെ അതൃപ്തി, രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്ടാവാക്കിയത്, ടോമിന്‍ തച്ചങ്കരിക്ക് നല്‍കിയ സ്ഥാനം, മൂന്നാറില്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍, കെ എം മാണിയുമായുള്ള നീക്കുപോക്കുകള്‍..’

ടിവി ചാനലുകള്‍ക്ക് കുറച്ചുനേരത്തെ ചര്‍ച്ചക്ക് വക കിട്ടിയ വിഷയങ്ങള്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും മേല്‍പ്പറഞ്ഞ ലിസ്റ്റിനില്ല. ഈ വിഷയങ്ങളാകട്ടെ മാധ്യമങ്ങള്‍ക്കുപോലും മുമ്പോട്ടുകൊണ്ടുപോകാനാകാത്ത സോപ്പുകുമിളകളായിരുന്നു. ഇതിലൊരു തമാശയുമുണ്ട്. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വലിയ വീഴ്ചയായി ലേഖനമെഴുതിയ എം ജി രാധാകൃഷ്ണന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ധനതത്വശാസ്ത്രം പ്രൊഫസറായ അവരെ പുകഴ്ത്തി കുറച്ചുനാള്‍ മുമ്പ് എഴുതിയത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വെബ് പോര്‍ട്ടലില്‍ കിടക്കുന്നുണ്ട്. ‘ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി കിട്ടുന്നത് ഏതു രാഷ്ട്രത്തിനും അഭിമാനമായിരിക്കും. അക്കാദമിക് തലത്തില്‍ ഇത്രത്തോളം ഉയര്‍ന്ന ഒരു മലയാളിയില്ല’. ഇത്രയും പറഞ്ഞശേഷം രാധാകൃഷ്ണന്‍ ചോദിക്കുന്നു: ‘സാമ്പത്തിക ശാസ്ത്രത്തിലും അന്താരാഷ്ട്ര ധനകാര്യത്തിലും ആഗോളതലത്തില്‍ പ്രശസ്തയായ കേരളത്തിന്‍റെ ഒരു പുത്രിക്കല്ലാതെ  ഇന്നത്തെ സാമ്പത്തിക ചുറ്റുപാടില്‍ വേറെ ആര്‍ക്കാണ് നമ്മുടെ നല്ല ഒരു ഉപദേഷ്ടാവാവാന്‍ കഴിയുക’. ഇതാണ് ആദ്യം പറഞ്ഞത്, ലേഖകന്‍ തന്നോടുതന്നെയും സത്യസന്ധത പുലര്‍ത്തിയില്ല എന്ന്.

നേരത്തെ പറഞ്ഞ ലിസ്റ്റിലെ പല കാര്യങ്ങളും വിശദീകരണമോ മറുപടിയോ അര്‍ഹിക്കുന്നില്ല. മാധ്യമരംഗത്ത് തന്‍റെ പ്രവര്‍ത്തനത്തിലൂടെ സ്വന്തമായി ഒരു ഇടം നേടിയ രാധാകൃഷ്ണന്‍ ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ഈ പിണറായി-എല്‍ഡിഎഫ് വേട്ടയ്ക്ക് മുതിര്‍ന്നത് എന്നതിന് ഒരുപാട് തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. വീഴ്ചകളുടെ ലിസ്റ്റില്‍ ലേഖകന്‍ പറയുന്നത് വിവരാവകാശത്തില്‍ കൊണ്ടുവന്ന വിലക്ക് എന്നാണ്. വിവരാവകാശ നിയമപ്രകാരം പൗരډാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ ഇതുസംബന്ധമായ പ്രസ്താവനകളാവാം പരിശോധനയില്ലാതെ രാധാകൃഷ്ണന്‍ തന്‍റെ നിരീക്ഷണത്തിന് അടിസ്ഥാനമാക്കിയതെന്ന് സംശയിക്കാം. കാരണം, കാനത്തിന്‍റെ പ്രസ്താവനകളെക്കുറിച്ച് ലേഖനത്തില്‍ പറയുന്നുണ്ട്.

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും ഇടയാക്കിയത് മുഖ്യ വിവരാവകാശ കമീഷണറുടെ ഒരു ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ്.  2016 മാര്‍ച്ച് 12ന് പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു അപേക്ഷ ലഭിച്ചു. 2016 ജനുവരി 1 മുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനുട്സ് എന്നിവയും മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും ഉദ്യോഗസ്ഥര്‍ ഒപ്പുവയ്ക്കാത്തതുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപേക്ഷ. വിവരാവകാശ നിയമത്തിലെ 8 (1) (ഐ) വകുപ്പുപ്രകാരം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ വിവരങ്ങള്‍ നല്‍കാന്‍ പറ്റൂ എന്ന് അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ അതത് വകുപ്പിന് നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ തുടര്‍നടപടികളുടെ കാര്യം ബന്ധപ്പെട്ട വകുപ്പിനേ അറിയാന്‍ കഴിയൂ എന്നും അപേക്ഷകനെ സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ അപേക്ഷകന്‍ സംസ്ഥാന വിവരാവകാശ കമീഷന് അപ്പീല്‍ നല്‍കി. പൊതുഭരണ വകുപ്പില്‍നിന്ന് തന്നെ എല്ലാം ലഭ്യമാക്കണമെന്നായിരുന്നു മുഖ്യ കമീഷണറുടെ ഉത്തരവ്. പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ പ്രായോഗികമായി കഴിയില്ല. ഇക്കാര്യം സ്ഥാപിച്ചുകിട്ടാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒരു നിയമം എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് തര്‍ക്കം ഉയരുമ്പോള്‍ കോടതിയെ സമീപിച്ച് വ്യക്തത വരുത്തുക എന്നതാണ് ജനാധിപത്യ രീതി. അതേ ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. അതുതന്നെ മന്ത്രിസഭായോഗ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യത്തില്‍. അല്ലാതെ രാധാകൃഷ്ണന്‍ ആരോപിക്കുന്നതുപോലെ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന് ഒരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതിന് കഴിയുകയുമില്ല.

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്ന ആരോപണം നൂറുശതമാനവും അസത്യമാണ്. മന്ത്രിസഭായോഗം കഴിഞ്ഞ ഉടന്‍ തീരുമാനങ്ങളും അതിന്‍റെ പരമാവധി വിശദാംശങ്ങളും മാധ്യമങ്ങള്‍ക്ക് താമസംവിനാ നല്‍കുന്നുണ്ട്. മാത്രമല്ല, അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ചുരുക്കം ചില സംസ്ഥാനങ്ങളിലേ ഈ രീതിയില്‍ വിവരം ലഭ്യമാക്കുന്നുള്ളൂ. മന്ത്രിസഭായോഗം കഴിഞ്ഞ ഉടന്‍ വാര്‍ത്താലേഖകരെ കാണുന്ന ഉമ്മന്‍ചാണ്ടിയുടെ രീതിയില്‍ രാധാകൃഷ്ണന്‍ വലിയ മതിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഉമ്മന്‍ചാണ്ടി സമര്‍ഥമായി മാധ്യമങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവസാന കാലത്ത് നടന്ന അഴിമതി നിറഞ്ഞ ഭൂമി ഇടപാടുകളിലെ തീരുമാനങ്ങളെല്ലാം മന്ത്രിസഭാ തലത്തിലാണുണ്ടായത്. ഒന്നുപോലും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിരുന്നില്ല. മാസങ്ങള്‍ക്കുശേഷമാണ് പലതും പുറത്തുവന്നത്. ആ രീതി ഇപ്പോഴില്ല. എല്ലാ തീരുമാനങ്ങളും മുമ്പത്തെക്കാള്‍ വേഗത്തില്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്നുണ്ട്.

മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്ന ആരോപണവും ലേഖനത്തിലുണ്ട്. എന്നാല്‍ അതിന് ഉപോദ്ബലകമായി ഒന്നും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ല. തികഞ്ഞ കൂട്ടുത്തരവാദിത്തത്തിലാണ് മന്ത്രിസഭ മുമ്പോട്ടു പോകുന്നത്. അതിന് അപവാദമായ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് രൂപീകരിക്കുന്ന നയമാണ് മന്ത്രിസഭ നടപ്പാക്കുന്നത്. യുഡിഎഫിന്‍റെ രീതികളുമായി അതിനൊന്നും താരതമ്യമില്ല. വകുപ്പുകള്‍ അതത് മന്ത്രിമാര്‍ അവരുടെ സാമ്രാജ്യങ്ങളാക്കി അടക്കി ഭരിച്ചിരുന്ന കാലം അസ്തമിച്ചു എന്നത് ജനാധിപത്യത്തില്‍ ശുഭകരമായ മാറ്റമാണ്. ഭരണഘടന നല്‍കുന്ന അധികാരം പല കാരണങ്ങളാല്‍ അട്ടത്തുവച്ചാണ് യുഡിഎഫ് മുഖ്യമന്ത്രിമാര്‍ ഭരിച്ചിരുന്നത്.  ആ സ്ഥിതി മാറി. ഓരോ വകുപ്പിനും അതിന്‍റേതായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എല്ലാ വകുപ്പുകള്‍ക്ക് മീതെയും മുഖ്യമന്ത്രിയുടെ മേല്‍നോട്ടമുണ്ട്. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പല മാധ്യമ പ്രവര്‍ത്തകരും അറിയാത്ത ഒരു കാര്യം ഓരോ വകുപ്പിന്‍റെയും പ്രവര്‍ത്തനം മുഖ്യമന്ത്രി കൃത്യമായി അവലോകനം ചെയ്യുന്നുണ്ട് എന്നതാണ്. യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി വിവിധ വകുപ്പുകളുടെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായി യോജിച്ചും ഏകോപിച്ചും നീങ്ങുന്നതിനെ പ്രശംസിക്കുന്നതിന് പകരം മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യമില്ല എന്ന് ആരോപിക്കുന്നത് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയാണ്.

ഉടനെ ആരെങ്കിലും അഗ്നിശമന പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍  ഈ സര്‍ക്കാരിനെ ജനങ്ങള്‍ അഞ്ചുവര്‍ഷം സഹിക്കില്ല എന്ന ലേഖകന്‍റെ ശാപവാക്കുകള്‍ തുടക്കത്തില്‍ ഉദ്ധരിച്ചിരുന്നു. മറ്റുപലതുംപോലെ ആ പ്രസ്താവനയും ലേഖകന്‍ വിശദീകരിച്ചിട്ടില്ല. അതിനാല്‍ അതിന് ഗൗരവമായ മറുപടി അര്‍ഹിക്കുന്നില്ല. സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കേരളമാകെ നടന്ന വിവിധ പരിപാടികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇടതുപക്ഷത്തിന് വോട്ടു ചെയ്തവരോ പിന്തുണച്ചവരോ മാത്രമല്ല, കേരളത്തില്‍ സിപിഐ എം ഭരണം വരുന്നതിനെ എതിര്‍ത്തവര്‍പോലും സര്‍ക്കാരിന് അനുഗ്രഹം ചൊരിയാന്‍ വരുന്നുണ്ട്. അവരില്‍ ബുദ്ധിജീവികളും കലാകാരډാരും സാഹിത്യകാരډാരും കൃഷിക്കാരും തൊഴില്‍രഹിതരും തൊഴിലാളികളും വ്യവസായികളും കച്ചവടക്കാരുമെല്ലാമുണ്ട്. കാരണം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആനുകൂല്യമോ പിന്തുണയോ അംഗീകാരമോ കിട്ടാത്ത ജനവിഭാഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1100 രൂപയാക്കുകയും കുടിശ്ശിക വീടുകളില്‍ എത്തിക്കുകയും ചെയ്ത സര്‍ക്കാരിനെ അധഃസ്ഥിത ജനവിഭാഗങ്ങള്‍ കാത്തുസൂക്ഷിക്കും.  ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കാത്തവരായി ആരുണ്ട്, മുന്‍വിധികള്‍ കൊണ്ടും പക്ഷപാതിത്വം കൊണ്ടും അന്ധരായ കുറേ മാധ്യമ പ്രവര്‍ത്തകരല്ലാതെ?

അഞ്ചുവര്‍ഷം ഈ സര്‍ക്കാരിനെ ജനങ്ങള്‍ സഹിക്കില്ല എന്ന് പറയുന്ന ലേഖകനോട് സാമാന്യ ബുദ്ധിക്കാര്‍ക്ക് ഒരു ചോദ്യമുണ്ട്: ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ മാറ്റണമെന്നുണ്ടെങ്കില്‍ അതിന് അവസരം വരുന്നത് അഞ്ചുവര്‍ഷം കൂടുമ്പോഴല്ലേ? അതല്ലാതെ എന്തു വഴിയാണുള്ളത്? സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭരണഘടനയിലെ 356-ാം അനുഛേദമോ? കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ കാലാവസ്ഥയും ബൊമ്മൈ കേസിലെ വിധിക്കുശേഷം 356-ാം അനുഛേദത്തിന് പല്ലുപോയെന്നും അറിയുന്ന മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ അങ്ങനെയൊന്നും ചിന്തിക്കാനിടയില്ല എന്ന് വിശ്വസിക്കട്ടെ.

ലേഖനത്തിന്‍റെ അവസാന ഭാഗത്തെത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കര്‍ത്താവ് മനഃശാസ്ത്രജ്ഞനായി മാറുന്ന രസകരമായ കാഴ്ചയുണ്ട്. അവിടെയാണ് ലേഖനം വ്യക്തിഹത്യയുടെ  തെളിഞ്ഞ രൂപം പ്രാപിക്കുന്നത്. ‘മാനസിക ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഉപബോധതലത്തില്‍ അജ്ഞാതമായ ഭയം അലട്ടുന്നതുപോലെയാണ് പുറമെ കര്‍ക്കശക്കാരനായ അദ്ദേഹത്തിന്‍റെ രീതികള്‍’. മാധ്യമ പ്രവര്‍ത്തകര്‍ മനഃശാസ്ത്രം പഠിച്ചുകൂടെന്ന് നമുക്ക് പറയാന്‍ കഴിയില്ല. മനഃശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും വിലയിരുത്തുന്നത് അസാധാരണമാണ്. മുമ്പ് രാധാകൃഷ്ണന്‍ മറ്റാരുടെയെങ്കിലും മനോനില ഈ രീതിയില്‍ പരിശോധിച്ചതായും തെളിവില്ല.  സൈക്കോ അനാലിസിസിന്‍റെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ഫ്രോയ്ഡിനെ ‘മനഃശാസ്ത്രപരമായ അപഗ്രഥനത്തിന്‍റെ’ ഘട്ടത്തില്‍ ലേഖനത്തില്‍ ഉദ്ധരിക്കാമായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ചത് ആത്മവിശ്വാസം കൊണ്ടാവാം. കാതലായ വിമര്‍ശനം നടത്തുന്നതില്‍ പരാജയപ്പെടുമ്പോഴും തന്‍റെ പക്ഷപാതിത്വവും മുന്‍വിധികളും പൊതിഞ്ഞുവയ്ക്കണമെന്ന് തോന്നുമ്പോഴും മനഃശാസ്ത്രത്തെ കൂട്ടുപിടിച്ചതുകൊണ്ട് കാര്യമുണ്ടോ?

എളിയ നിലയില്‍നിന്ന് ഉയര്‍ന്ന് അസാധാരണമായ കര്‍മശേഷിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്.  സിപിഐഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ നീണ്ട പതിനേഴുവര്‍ഷം സമാനതകളില്ലാത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും നേരിട്ട് പാര്‍ടിയെ പോറലേല്‍ക്കാതെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അങ്ങനെയൊരു നേതാവിനെയാണ് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത്. ഇത്  വ്യക്തിഹത്യയുടെ
പരിഷ്കൃ ത രൂപമല്ലെങ്കില്‍ പിന്നെ എന്താണ് വ്യക്തിഹത്യ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News