‘എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി തുടങ്ങി; ഈ സര്‍ക്കാരിനൊപ്പം ഞങ്ങളുണ്ട്’; പിണറായി സര്‍ക്കാരിന്റെ കരുതലിനും സ്‌നേഹത്തിനും അയര്‍ലണ്ടില്‍ നിന്നൊരു അനുഭവസാക്ഷ്യം

തിരുവനന്തപുരം: അയര്‍ലണ്ടില്‍ ഡബ്ലിനിലെത്തിയ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയെ കാത്തിരുന്നത് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ കരുതലിനും സ്‌നേഹത്തിനുമുള്ള അനുഭവസാക്ഷ്യമാണ്. സെറിബ്രല്‍ പാല്‍സി ബാധിതനായ ഒരു കുഞ്ഞിന്റെ അമ്മയാണ്, താന്‍ അയച്ച കത്തിനോട് പിണറായി സര്‍ക്കാര്‍ അനുകമ്പയോടും ഗൗരവത്തോടെയും പ്രതികരിച്ച കാര്യം എംഎ ബേബിയോട് പങ്കുവച്ചത്.

എംഎ ബേബി പറയുന്നത് ഇങ്ങനെ:

അയര്‍ലണ്ടില്‍ പുതുതായി രൂപവല്‍ക്കരിച്ച ‘ക്രാന്തി’ എന്ന സാംസ്‌ക്കാരിക സംഘടനയുടെ പരിപാടിയില്‍ സംബന്ധിക്കുവാന്‍ ഡബ്ലിനില്‍ എത്തി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി മനോജ്, മാങ്ങാനംകാരി പ്രീതി എന്നിവര്‍ക്കൊപ്പമാണ് താമസം. സ്‌നേഹവും സന്തോഷവും പകരുന്ന പ്രകൃതക്കാരാണ് ഇരുവരും. എന്നാല്‍ അവരുടെ ജീവിതത്തില്‍ കടന്നുവന്ന, ഇന്ന് പത്തു വയസ്സായ, മകന്‍ ഉണ്ണിക്കുട്ടന്റെ രോഗം ബന്ധുക്കളുടെയും കൂട്ടുകാരുടെയും കരുതലിന്റെ വിഷയമാണ്.

നൂറു ശതമാനവും സെറിബ്രല്‍ പാല്‍സി (Cerebral pasly) ബാധിതനാണ് ഈ കുഞ്ഞ്. ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സംസ്ഥാന ഗവര്‍മെന്റിന് ചെയ്യാന്‍ കഴിയുന്ന ചില ചെറിയ വലിയ കാര്യങ്ങളെപറ്റി പ്രീതി മനോജ് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഒരു കത്തയച്ച അനുഭവം അവര്‍ എന്നോട് പറഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നവര്‍ ക്ഷമാപൂര്‍വ്വം മനസ്സിലാക്കേണ്ട ഒരു സവിശേഷ അനുഭവമാണ് ഇതെന്നതിനാല്‍ പ്രീതി എന്നോട് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കട്ടെ.

‘ഏകദേശം രണ്ടരമാസങ്ങള്‍ക്ക് മുന്‍പ് എന്റെ മകനെപ്പോലെ നൂറു ശതമാനം ഡിസബിലിറ്റി ഉള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന കഷ്ടപ്പാടുകളെകുറിച്ച് സഖാവ് പിണറായി വിജയന് ഒരു കത്തെഴുതുകയുണ്ടായി. അന്ന് ഏറെ ആശങ്കകളോടെയും പേടിയോടെയുമാണ് ആ കത്ത് തയാറാക്കിയത്. മാധ്യമങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട കര്‍ക്കശക്കാരനായ, ചിരിക്കാത്ത സഖാവ് പിണറായി വിജയനെ ഏറെ ഭയപ്പാടോടെയാണ് ഞാന്‍ നോക്കിയിരുന്നത്. എന്നാല്‍ എന്നെയും എന്റെ കുടുംബത്തെയും ഏറെ ആഹ്ലാദിപ്പിക്കുന്ന പ്രതികരണമാണ് പിണറായി ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ആദ്യത്തെ ഒരുമാസം ഒന്നും സംഭവിച്ചില്ല. അപ്പോള്‍ വളരെ നിരാശപ്പെട്ടു. എന്നാല്‍ ഏകദേശം ആറാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഹങ്ങളെ തകിടംമറിച്ച്‌കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ശ്രീ ശിവശങ്കര്‍ IAS ഫോണ്‍ വിളിച്ചു. കത്തിലെ വിഷയങ്ങളില്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടാണ് വിളിച്ചത്. വിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ശാശ്വതമായ ഒരു പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് തന്നു. പിന്നീട് എനിക്ക് ലഭിച്ചത് സഖാവ് പിണറായിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്താണ്. ഞാന്‍ ഉന്നയിച്ച ഓരോ വിഷയവും സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നി. കൈക്കൂലി നല്‍കാതെയും ശുപാര്‍ശക്കാരില്ലാതെയും ഒരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ എന്നെ പോലെയുള്ള സാധാരണക്കാര്‍ക്കും സാധിക്കും എന്ന് എനിക്കും എന്റെ കുടുംബത്തിനും ബോധ്യപ്പെട്ടു. കൂടാതെ സഖാവിന്റെ കത്ത് ലഭിച്ചോ എന്ന് CM ന്റെ ഓഫീസില്‍ നിന്നും നേരിട്ട് വിളിച്ചും അന്വേഷിച്ചു.

പിന്നീട് ഞങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ ശ്രീമതി മിനി ആന്റണി IAS ന്റെ ആയിരുന്നു. എന്റെ കുട്ടിയുടെ വിവരങ്ങള്‍ എല്ലാം ശ്രദ്ധാപൂര്‍വ്വം അന്വേഷിച്ചു കേട്ട അവര്‍ ഗവര്‍മെന്റ് ഇതുപോലെയുള്ള കുട്ടികള്‍ക്കായി ചില ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞു. കത്തില്‍ ഞാന്‍ ഉന്നയിച്ച ഒരു വിഷയമായിരുന്നു Diaper ന്റെ ലഭ്യതക്കുറവ്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ കുറിച്ച് ശ്രീമതി മിനി ആന്റണി സംസാരിച്ചപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. അതുപോലെ ഉന്നയിച്ച ഓരോ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നു എന്നറിയുന്നത് വളരെ പ്രതീക്ഷയും ആശ്വാസവും പകരുന്നു.

വികസിത രാജ്യങ്ങളില്‍ മാത്രമേ ഇതുപോലെ ഫെസിലിറ്റികള്‍ സാധ്യമാകു എന്നാണ് ഇതുവരെ കരുതിയിരുന്നത്. മറ്റു പലരുടെയും ചിന്ത വ്യത്യസ്തമാകാന്‍ വഴിയില്ല. പക്ഷെ ഇച്ഛാശക്തിയുള്ള ഒരു ഗവര്‍മെന്റ് ഉണ്ടെങ്കില്‍ ഇന്ത്യയിലെ കേരളത്തിലും ഇതൊക്കെ സാധിക്കും എന്ന് ഈ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോധ്യപ്പെടുത്തി.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നത് എല്‍.ഡി.എഫ് വന്നു ഓരോന്നും ശരിയായി തുടങ്ങി എന്ന് മാറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നവ കേരള സൃഷ്ട്ടിക്കായി ഈ സര്‍ക്കാരിനൊപ്പം ഞങ്ങളും ഉണ്ട്. ഈ ഗവര്‍മെന്റിനോടുള്ള നന്ദി ഞങ്ങളുടെ ഹൃദയത്തില്‍ തട്ടി അറിയിക്കുന്നു.

എന്റെ മകന്‍ ഉണ്ണികുട്ടനും അതുപോലെ ഡിസബിലിറ്റി മൂലം കഷ്ട്ത അനുഭവിക്കുന്ന അനേകം കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്.’

പ്രീതിയുടെ ഈ പ്രതീക്ഷ അനുസരിച്ച് ഉണ്ണികുട്ടനും അതുപോലെ കടുത്ത രോഗപീഡ അനുഭവിക്കുന്ന മറ്റു കുട്ടികള്‍ക്കും ആശ്വാസം പകരാന്‍ സമയബന്ധിതമായി പ്രവര്‍ത്തന പദ്ധതികള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് പറയാന്‍ കഴിയും. വരുന്ന നാല് വര്‍ഷങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ ഇടതുപക്ഷത്തിനെതിരെ കഴമ്പില്ലാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആ നിലപാട് തിരുത്തും എന്നും കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News