ശ്രീവത്സം ഗ്രൂപ്പിന്റെ മുപ്പതോളം അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്; പിള്ളയുടെയും ബന്ധുക്കളുടെയും ബാങ്ക് ലോക്കറുകളും സീല്‍ ചെയ്തു

കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന്റെ മുപ്പതോളം അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. എംകെആര്‍ പിള്ളയുടെയും ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് ലോക്കറുകളും സീല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം ഉടന്‍ നിലവില്‍ വരും. നാഗലാന്റില്‍ നിന്നും മറ്റും ലഭിച്ച രേഖകള്‍ ഇതുവരെ കൊച്ചിയില്‍ എത്തിക്കാനാകാത്തതും അന്വേഷണ വേഗതയെ ബാധിച്ചിട്ടുണ്ട്

കേരളത്തിലും നാഗാലാന്റിലുമടക്കമുള്ള ബാങ്ക് അക്കൗണ്ടുകളാണ് താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുള്ളത്. നാഗാലാന്റ്, ഡല്‍ഹി, ബാംഗളൂര്‍ എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെ പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് എക്കൗണ്ടുകള്‍ എംകെആര്‍ പിള്ളക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ കണ്ടെത്താന്‍ കഴിഞ്ഞ അക്കൗണ്ടുകള്‍ മാത്രമാണ് മരവിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ എക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ആദായ നികുതി വൃത്തങ്ങള്‍ പറഞ്ഞു.

ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. രേഖകള്‍ കൊണ്ടുവന്ന് പരിശോധിച്ച ശേഷമേ ശ്രീവത്സം ഗ്രൂപ്പ് ഉടമയും നാഗാലാന്റ് മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ എംകെ രാജേന്ദ്രന്‍പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.

കൊച്ചിയിലെയും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെയും ആദായനികുതി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം ഉടന്‍ നിലവില്‍ വരും. നാഗാലാന്റിലും ഡല്‍ഹിയിലും ബാംഗളൂരിലുമായി വ്യാപിച്ചു കിടക്കുന്ന എംകെആര്‍ പിള്ളയുടെ സാമ്രാജ്യത്തിന്റെ ആസ്തി നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസും നികുതി വെട്ടിപ്പും ബിനാമി ഇടപാടുകളും കണ്ടെത്തുന്നതിനും വളരെ സമഗ്രമായ അന്വേഷണത്തിനാണ് ആദായനികുതി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here