കപ്പല്‍ അപകടം; ഇലക്ട്രോണിക് രേഖകളുടെ പരിശോധന ഇന്ന്; കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കൊച്ചിയിലെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളുടെ പരിശോധന ഇന്നുണ്ടായേക്കും. സംഭവത്തില്‍ അന്വേഷണം ഇഴയുകയാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മല്‍സ്യത്തൊഴിലാളികള്‍. അപകടത്തില്‍ കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മത്സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാതാ ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോയേജ് റെക്കോര്‍ഡര്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തത്. എന്നാല്‍ ഇവ ഡീകോഡ് ചെയ്ത് വിശദമായ പരിശോധന നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍ ഈ നടപടികള്‍ വൈകും.

ഡീകോഡ് ചെയ്തുള്ള പരിശോധനാഫലം വന്നെങ്കിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴികയുള്ളൂ. കേസില്‍ കപ്പല്‍ കിടന്നിരുന്ന സ്ഥാനം നിര്‍ണ്ണായകമാണ് എന്നതിനാല്‍ ഈ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഇന്ത്യന്‍ കടലതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് അപകടമുണ്ടാക്കിയതെങ്കില്‍ കുറ്റം കപ്പല്‍ അധികൃതര്‍ക്ക് മാത്രമാകും. മറിച്ചാണെങ്കില്‍ മല്‍സ്യത്തൊഴിലാളികളുടെ വാദം തള്ളപ്പെടും.

എന്നിരുന്നാലും അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കാതിരുന്ന കപ്പല്‍ ജീവനക്കാര്‍ക്കെതിരെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി നടപടിയുണ്ടാകും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമേ അറസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ കാണാതായ അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ തുടരുന്നത്. നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചിലിനുള്ള പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here