കുടിവെള്ളത്തിനും നിരോധനമേര്‍പ്പെടുത്താന്‍ മോദിസര്‍ക്കാര്‍; നോട്ടിനും കന്നുകാലിക്കും അലങ്കാരമത്സ്യത്തിനും നായ്ക്കള്‍ക്കും ശേഷം മോദിയുടെ നോട്ടം വെള്ളത്തില്‍

മോദി സര്‍ക്കാര്‍ നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും കൂടി സര്‍ക്കാരായി മാറുകയാണ്. നോട്ട് നിരോധനത്തില്‍ തുടങ്ങിയ മോദിയുടെ ഇടപെടല്‍ കന്നുകാലി കശാപ്പിനും അലങ്കാര മത്സ്യങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വരെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ കുടിവെള്ളത്തിലും കൈ വെക്കുന്നു. വെള്ളം ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തെ ജലസ്രോതസ്സുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരാന്‍ പോകുകയാണ്.

അതിന് വേണ്ടി ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ഉള്‍പ്പെടുന്ന വെള്ളവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രത്തിന് നിയമനിര്‍മ്മാണത്തിന് അധികാരപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേന്ദ്ര ലിസ്റ്റിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ കീശയിലെ പണം രായക്‌രാമാനം അസാധുവാക്കി കോര്‍പറേറ്റുകളേയും കള്ളപ്പണക്കാരേയും രക്ഷിച്ച നരേന്ദ്ര മോദി ആയതുകൊണ്ട് ഭയന്നേ തീരൂ. പണത്തിന്റെ കാര്യത്തില്‍ പേടിഎമ്മിന് ലഭിച്ച സുവര്‍ണ്ണാവസരം ഓര്‍ക്കണമെന്നും 24 കെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടറിലെഴുതിയ ലേഖനത്തിലൂടെ പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് വ്യക്തമാക്കുന്നു.

എന്റെ കിണറും എന്റെ വെള്ളവും സുരക്ഷിതമാണ് എന്ന് ആശ്വസിക്കുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ താക്കീത് നിസാരമായി തള്ളിക്കളയാവുന്നതല്ല. നമ്മുടെ കിണറുകള്‍ക്ക് സര്‍ക്കാര്‍ മീറ്റര്‍’ പിടിപ്പിച്ച് നമുക്ക് തന്നെ വെള്ളം അളന്നു തരുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകുന്നതോടെ പൊതുസംവിധാനങ്ങള്‍ നേരെ ചൊവ്വേ നടക്കാത്തവയാണെന്ന് കുറ്റപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച സേവനം നലകാന്‍ ജലസ്രോതസ്സുകളുടെ നോക്കിനടത്തിപ്പിനും കൈകാര്യം ചെയ്യലിനുള്ള ചുമതല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കും. മീറ്ററുകള്‍ പിടിപ്പിക്കാനും വെള്ളം അളന്നുതരാനുമുള്ള അധികാരം അവര്‍ക്കാകുമെന്നും സാറ ജോസഫ് ചൂണ്ടികാട്ടി.

വെള്ളം പൊതുപട്ടികയിലാക്കി കേന്ദ്രനിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. സംസ്ഥാന കേന്ദ്ര പട്ടികകളില്‍ നിന്ന് മാറ്റി വെള്ളം പൊതുപട്ടികയിലാക്കാന്‍ നേരത്തെ തന്നെ ശിപാര്‍ശ ഉണ്ടായിരുന്നു. ജലവിഭവ മന്ത്രാലയവും സംസ്ഥാന കേന്ദ്ര പട്ടികകളില്‍ നിന്ന് മാറ്റി വെള്ളം പൊതുപട്ടികയില്‍ പെടുത്തണമെന്ന അഭിപ്രായക്കരായിരുന്നു. എന്നാല്‍, ‘നിയമമന്ത്രാലയം’ എതിര്‍ത്തു. ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു കാരണം. അതുകൊണ്ട് കാര്യങ്ങള്‍ നടക്കാതെ പോയി. ഇപ്പോള്‍ ഭരണഘടനാവിരുദ്ധത നീക്കുന്നതിനാണ് ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതെന്നും സാറാ ജോസഫ് ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here