സംസ്ഥാന ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ജൂലൈ ഒന്നിന് രാജ്യവ്യപകമായി ഏകീകരിച്ച നികുതി ഘടന നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായതാണ് സമിതി.

കേരളാ ചരക്കുസേവന നികുതി ബില്‍ 2017ന്റെ ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍ 2016 ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസാക്കിയിരുന്നു. ജൂലൈ ഒന്നുമുതലാണ് ജി.എസ്.ടി രാജ്യത്ത് നടപ്പാക്കുന്നത്. അതിന് മുന്നോടിയായി അതാത് സംസ്ഥാനങ്ങള്‍ നിയമം പാസാക്കണം. ഇതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ അനേകം ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നത് സംബന്ധിച്ച് വിമന്‍ ഇന്‍ കളക്ടീവ് സിനിമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് സര്‍ക്കാര്‍ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചത്.

പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധന്‍ അന്തരിച്ച ഐ.എസ്. ഗുലാത്തിയുടെ വീട് പുതുക്കി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഗുലാത്തിയുടെ വിധവ ലീല ഗുലാത്തി മാത്രമാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here