മെട്രോമാനും ചെന്നിത്തലയ്ക്കും വേണ്ടി മുഖ്യമന്ത്രി ഇടപെടുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ചു

ദില്ലി: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എം എല്‍ എ മാരെയും ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി രംഗത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടിക പുന: പരിശോധിക്കണമെന്ന ആവശ്യവുമായാണ് പിണറായി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എറണാകുളത്ത് നിന്നുള്ള എംഎല്‍എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനും ശ്രീധരനും സ്ഥലം എം എല്‍ എ പി ടി തോമസിനും വേദിയില്‍ ഇരിപ്പടം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പതിമൂന്ന് പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു നല്‍കിയത്. എന്നാല്‍, മോദിയടക്കം ആറു പേര്‍ക്ക് മാത്രമേ വേദിയില്‍ സ്ഥാനം നല്‍കാനാവൂ എന്ന് പിഎംഓ വ്യക്തമാക്കുകയായിരുന്നു. മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനമുള്ളത്. ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here