
തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്കു വിട്ട് സര്‍ക്കാര്‍ ഉത്തരവായി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛനും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജിഷ്ണുവിന്റെ മരണത്തില്‍ സഹപാഠികളും ദുരൂഹതയാരോപിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ ജിഷ്ണുവിനെ അവശനിലയില്‍ കണ്ടത്. കോപ്പിയടിച്ചെന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പല്‍ ബോര്‍ഡ് റൂമിലേക്ക് വിളിപ്പിച്ചതിനുശേഷമായിരുന്നു ജിഷ്ണുവിനെ അവശനിലയില്‍ കണ്ടത്. ജിഷ്ണുവിന് മര്‍ദനമേറ്റിരുന്നതായി പിന്നീട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂക്കിലെ അടിയേറ്റ പാടും, ശകാരിക്കാന്‍ വിളിപ്പിച്ച റൂമില്‍ രക്തക്കറ കണ്ടതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ തുടങ്ങി അഞ്ചു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. കേസ് നിലനില്‍ക്കില്ലെന്ന് പിന്നീട് ഹൈക്കോടതി ഉത്തരവു വന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്കു വിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here