പത്തുവയസ്സുകാരി വരച്ച ചിത്രങ്ങള്‍ തെളിവായി സ്വീകരിച്ചു; പ്രതിക്ക് ശിക്ഷ

ന്യൂഡല്‍ഹി : ക്രയോണ്‍സ് ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ തെളിവായി സ്വീകരിച്ചു,പത്തുവയസ്സുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തുവന്ന അമ്മാവനെ ഡല്‍ഹി കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടി വരച്ച ചിത്രങ്ങള്‍ തെളിവായി സ്വീകരിച്ചാണ് കോടതി അമ്മാവന്‍ അക്തര്‍ അഹ്മദിനെ ശിക്ഷിച്ചത്. കൊല്‍ക്കത്ത സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മ മരിച്ചതോടെ മദ്യപാനിയായ അച്ഛന്‍ കുട്ടിയെ ഉപേക്ഷിച്ചു.

തുടര്‍ന്ന് കുട്ടിയുടെ അകന്നബന്ധുവായ അമ്മാവനും അമ്മായിയും അവളെ മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. എട്ടുവയസ്സുമുതലാണ് കുട്ടിയെ അമ്മാവന്‍ പീഡിപ്പിച്ചുതുടങ്ങിയത്. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ 2014 നവംബറില്‍ ബസില്‍വച്ചാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവന്‍ പീഡിപ്പിച്ച വിവരം സന്നദ്ധപ്രവര്‍ത്തകരെ അറിയിച്ചു.

പ്രതിയായ അമ്മാവനെ 2016 ജൂണില്‍ അറസ്റ്റ് ചെയ്തു. മൊഴി നല്‍കാന്‍ പെണ്‍കുട്ടി പ്രാപ്തയല്ലെന്നും നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെക്കൊണ്ട് അമ്മാവനെതിരെ മൊഴി നല്‍കിയിരിക്കുകയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ഈ വാദം കോടതി തള്ളി. വിചാരണ കാലയളവില്‍ പെണ്‍കുട്ടി വരച്ച ചിത്രങ്ങളാണ് കോടതി ജഡ്ജി വിനോദ് യാദവ് തെളിവായി സ്വീകരിച്ചത്. പെണ്‍കുട്ടി ക്രയോണ്‍സ് ഉപയോഗിച്ച് വരച്ച ചിത്രം കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷവും എടുത്തുകാട്ടുന്നതാണെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഒരു വീടും ബലൂണ്‍ കൈയിലേന്തിയ കുട്ടിയുമാണ് ചിത്രത്തില്‍. അഴിച്ചുവച്ച ഉടുപ്പ് ചിത്രത്തിലെ മറ്റെല്ലാ ബന്ധങ്ങളില്‍നിന്നും മാറ്റിയാണ് വരച്ചത്. മങ്ങിയ നിറങ്ങളാണ് കുട്ടി ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ചത്. വീട്ടിലുള്ള ആരോ വസ്ത്രം അഴിച്ചുവച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്ന് വ്യക്തമാക്കുന്നുവെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. വൈദ്യപരിശോധന റിപ്പോര്‍ട്ടിലും കുട്ടി പീഡനത്തില്‍ ഇരയായതായി പരാമര്‍ശിച്ചിരുന്നു. തടവുശിക്ഷയ്ക്കുപുറമെ മൂന്നുലക്ഷം രൂപ പിഴയൊടുക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like