ആശങ്കകളൊഴിയാതെ ബ്രിട്ടണ്‍

ആശങ്കകളും, ദുരന്തങ്ങളും ബ്രിട്ടന്റെ ആകാശത്ത് ഭീതിയുടെ കരിമ്പടം പുതക്കുകയാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അലങ്കാരമായ ലണ്ടനെന്ന മഹാനഗരം ഓരോ നിമിഷവും ഓരോ ദുരന്തത്തെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. ബ്രിട്ടനില്‍ ഒരു മാസത്തിനിടെ മാത്രം നടക്കുന്ന മൂന്നാമത്തെ ദുരന്തമാണ് ഗ്രെന്‍ഫെല്‍ഡ് ഫ്‌ലാറ്റ് സമുച്ചയത്തിലെ തീപിടുത്തം.

ഈ മാസം 4ന് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെയും, മെയ് 22 ന് മാഞ്ചസ്റ്ററിനെ നടുക്കിയ ഭീകരാക്രമണത്തിന്റെയും ആശങ്കകള്‍ വിട്ടൊഴിയും മുമ്പാണ് പടിഞ്ഞാറന്‍ ലണ്ടന്റെ അഭിമാനമായ ഗ്രെന്‍ഫെല്‍ഡ് കെട്ടിട സമുച്ചയത്തിനെ തീ വിഴുങ്ങിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയുണ്ടായ തീ പിടുത്തത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിവരമെങ്കിലും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഈ മാസം 4ന് ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയ ഭീകരര്‍ നഗരത്തെ ചോരക്കളമാക്കുകയായിരുന്നു. 7 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാലത്തിന് സമീപത്തെ ബറോ മാര്‍ക്കറ്റില്‍ നിരവധിപേരെ ഭീകരര്‍ കുത്തി വീഴ്ത്തുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ അറിയാനെ ഗ്രാന്‍ഡെയുടെ സംഗീതപരപാടിക്കിടെയുണ്ടായ ഭീകരവേട്ടയില്‍ കൊല്ലപ്പെട്ടത് 23 പേരാണ്.

ചോര വീഴ്ത്തിയ ഈ മുറിവുകള്‍ ഉണങ്ങും മുമ്പാണ് അധികൃതരുടെ അനാസ്ഥമൂലം 12 ജീവനുകള്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെന്ത് മരിച്ചത്.ഫ്‌ലാറ്റിലെ അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് വന്‍ദുരന്തത്തിലേക്ക് നഗരത്തെ എടുത്തെറിഞ്ഞത്. ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും അപാരമായ മനസാന്നിധ്യമാണ് ലോകത്തിന് മുന്നില്‍ ലണ്ടന്‍ പുറത്തെടുക്കുന്നത്. ദുരന്തങ്ങളെ അതി ജീവിച്ച് ലണ്ടന്‍ ജനത ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News