കരുത്താര്‍ജിക്കുന്ന ഇടതുബദല്‍

ജൂണ്‍ എട്ടിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവാണ്. പാര്‍ലമെന്റിന്റെ  കാലാവധി തീരുന്നതിന് മൂന്നുവര്‍ഷംമുമ്പാണ് കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് നേരിയ ഭൂരിപക്ഷംമാത്രമേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ.  ലേബര്‍ പാര്‍ടിക്കെതിരെ കണ്ണഞ്ചിക്കുന്ന വിജയംനേടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തെരേസ മേ നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  യുറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ശക്തമായ വിലപേശലിന് പാര്‍ലമെന്റിലെ വന്‍ ഭൂരിപക്ഷം സഹായിക്കുമെന്ന് പറഞ്ഞായിരുന്നു ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

എന്നാല്‍, തെരേസ മേയെയും അവരുടെ കണ്‍സര്‍വേറ്റീവ് പാര്‍ടിയെയും മുഖ്യധാരാമാധ്യമങ്ങളെയും  ലേബര്‍ പാര്‍ടിയിലെ വലതുപക്ഷവാദികളെയും ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.  കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. 318 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. ഭൂരിപക്ഷത്തിന് എട്ട് സീറ്റിന്റെ കുറവ്.  പാര്‍ലമെന്റിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനംകൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.  ലേബര്‍ പാര്‍ടിയാകട്ടെ 30 സീറ്റും 10 ശതമാനം വോട്ടും അധികമായി നേടി. 261 സീറ്റും ലഭിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് 42.25 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ടിക്ക് 40 ശതമാനം വോട്ട് ലഭിച്ചു.  1997 ഒഴിച്ചുനിര്‍ത്തിയാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ലേബര്‍ പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നത് ഇപ്പോഴാണ്.

ലേബര്‍ പാര്‍ടിയുടെ മികച്ച പ്രകടനത്തിന് പ്രധാന കാരണം ജെറെമി കോര്‍ബിന്റെ നേതൃത്വമാണെന്ന് എല്ലാവരും ഇന്ന് അംഗീകരിക്കുന്നു. കോര്‍ബിന്റെ തത്വാധിഷ്ഠിത ഇടതുപക്ഷനിലപാടുകളാണ് ഇതിന് കാരണം. നവ ഉദാരവല്‍ക്കരണനയങ്ങളെയും ചെലവുചുരുക്കല്‍ നയങ്ങളെയും ശക്തമായി എതിര്‍ത്ത കോര്‍ബിന്‍ ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സാമ്രാജ്യത്വയുദ്ധങ്ങളില്‍ ബ്രിട്ടന്റെ ഇടപെടലിനെയും രൂക്ഷമായി വിമര്‍ശിച്ചതും അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു.

സ്വന്തം പാര്‍ടിയില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടുന്ന ഘട്ടത്തിലാണ് കോര്‍ബിന് ഈ വിജയം നേടാനായത്.  ലേബര്‍ പാര്‍ടിയിലെ ഭൂരിപക്ഷം എംപിമാരും  അദ്ദേഹത്തെ എതിര്‍ക്കുന്ന വേളയിലായിരുന്നു 2015 സെപ്തംബറില്‍ പാര്‍ലമെന്ററി പാര്‍ടി നേതാവായി കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലേബര്‍ പാര്‍ടി അംഗങ്ങളുടെ പിന്തുണയും വോട്ടും നേടിയാണ് കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ വീണ്ടും ഭൂരിപക്ഷം എംപിമാരും കോര്‍ബിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നു. ആ തെരഞ്ഞെടുപ്പിലും കൂടുതല്‍ ഭൂരിപക്ഷത്തോടെ കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയിലെ സാധാരണ അംഗങ്ങളുടെ പിന്തുണയായിരുന്നു കോര്‍ബിനെ തുണച്ചത്.

രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണിബ്ളെയറുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ലേബര്‍പാര്‍ടി നേതാക്കളാണ് കോര്‍ബിനെ എതിര്‍ത്തത്. യുറോപ്പിലെ മറ്റെല്ലാ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ടികളെയുംപോലെ ടോണിബ്ളെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ടിയും വലത്തോട്ടേക്ക് നീങ്ങുന്ന പ്രക്രിയക്ക് രണ്ട് ദശാബ്ദംമുമ്പ് തുടക്കമായിരുന്നു.  ‘ന്യൂലേബര്‍’ എന്ന് സ്വയം പേരിട്ടുവിളിച്ച് ബ്ളെയര്‍ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളെ പുല്‍കുകയും അമേരിക്കന്‍നേതൃത്വത്തിലുള്ള ഇറാഖ് യുദ്ധത്തില്‍ ആവേശത്തോടെ പങ്കെടുക്കുകയുംചെയ്തു.  ബ്ളെയറിസത്തിന്റെ ഈ ഉച്ചാവസ്ഥയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെയും ലേബര്‍ പാര്‍ടിയുടെയും സാമ്പത്തികനയങ്ങള്‍തമ്മില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

ഇടതുപക്ഷത്തോട് കൂറുപുലര്‍ത്തിയ ജെറെമി കോര്‍ബിന്‍ ന്യൂലേബര്‍ ക്യാമ്പില്‍ ചേരാന്‍ വിസമ്മതിച്ചു.  ബ്ളെയറുടെ പിന്തുടര്‍ച്ചക്കാരനായി പ്രധാനമന്ത്രിപദത്തിലെത്തിയ ഗോര്‍ഡന്‍ ബ്രൌണും ടോണിബ്ളെയറുടെ നയങ്ങള്‍തന്നെ  പിന്തുടര്‍ന്നു. എന്നാല്‍, കോര്‍ബിന്‍ ലേബര്‍ പാര്‍ടിയുടെ നേതൃത്വം ഏറ്റെടുത്തതോടെ പാര്‍ടിയുടെ അംഗസംഖ്യ വര്‍ധിച്ചു. കോര്‍ബിനില്‍ സത്യസന്ധനായ തത്വാധിഷ്ഠിത രാഷ്ട്രീയക്കാരനെ കണ്ടെത്തിയ യുവാക്കള്‍ വര്‍ധിച്ചതോതില്‍ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 80 ലക്ഷമായി മെമ്പര്‍ഷിപ്പ് വര്‍ധിച്ചതോടെ യൂറോപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായി ലേബര്‍ പാര്‍ടി മാറി.

ബ്രിട്ടീഷ്രാഷ്ട്രീയം സംബന്ധിച്ച പല തെറ്റിദ്ധാരണകളും  പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ മാറി.  ബ്രിട്ടനില്‍ ഇടതുപക്ഷരാഷ്ട്രീയത്തിനും ഇടതുപക്ഷ പരിപാടികള്‍ക്കും ഒരു പ്രസക്തിയുമില്ലെന്ന ധാരണ തിരുത്താന്‍ ഇത് സഹായിച്ചു. ജെറെമി കോര്‍ബിനെ പോലുള്ളവര്‍ ഇന്നത്തെ കാലത്തിന് ചേരാത്തവരാണെന്നും 1970കളിലെ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നവരാണെന്നുമുള്ള ആസൂത്രിതമായ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞു. ഇന്നത്തെ യുവതലമുറ പ്രത്യേകിച്ചും 25 വയസ്സിന് താഴെയുള്ളവര്‍ അരാഷ്ട്രീയവാദികളാണെന്നും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പ്പര്യമില്ലെന്നുമുള്ള പൊതുവെയുള്ള ധാരണയും തെറ്റാണെന്ന് ബോധ്യപ്പെട്ടു.

ഇടതുപക്ഷനയങ്ങളുടെ ഒരു മാതൃകയാണ് ലേബര്‍ പാര്‍ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.  ‘ഏതാനുംപേര്‍ക്കല്ല; ഭൂരിപക്ഷത്തിനുവേണ്ടി’ എന്ന പേരിലുള്ളതായിരുന്നു പ്രകടനപത്രിക. നേരത്തേ സ്വകാര്യവല്‍ക്കരിച്ച റെയില്‍വേയും പോസ്റ്റല്‍ സര്‍വീസും ഊര്‍ജമേഖലയും ദേശസാല്‍ക്കരിക്കുമെന്ന് പ്രകടനപത്രിക  വാഗ്ദാനംചെയ്തു. ജനങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങള്‍ നല്‍കുന്ന എല്ലാ മേഖലയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രകടപത്രിക പറഞ്ഞു.

സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വിപുലപ്പെടുത്തുമെന്നും തൊഴിലാളികളുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുന്നതിന് തൊഴില്‍നിയമങ്ങള്‍ കൊണ്ടുവരുമെന്നും വാഗ്ദാനംചെയ്തു. സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസ് അധികാരമേറിയാല്‍ ഉടന്‍ നിര്‍ത്തലാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനംചെയ്തു.  രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഏറവും കൂടുതല്‍ ആകര്‍ഷിച്ച വാഗ്ദാനമായിരുന്നു ഇത്.

കോര്‍പറ്റുേകള്‍ക്കും അതിസമ്പന്നര്‍ക്കും ധനകാര്യ ഇടപാടുകള്‍ക്കും നികുതി വര്‍ധിപ്പിച്ച് സാമൂഹ്യച്ചെലവിനായി ചെലവഴിക്കുമെന്ന് പ്രകടനപത്രിക പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ചെലവുചുരുക്കല്‍ നയത്തിന്റെ ഫലമായി വിഷമിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും പ്രകടപത്രിക സ്വാധീനിച്ചു.

ജനകീയമായ പ്രചാരണവും ജെറെമി കോര്‍ബിന്റെ വിജയത്തിന് കാരണമായി.  പാര്‍ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍ ആരംഭിച്ച ‘മൊമന്റം’ എന്ന പേരിലുള്ള ഈ പ്രചാരണത്തിലുടെ വലിയവിഭാഗം ജനങ്ങളെ ലേബര്‍ പാര്‍ടിയുടെ അംഗങ്ങളാക്കി.  തെരേസ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം ആറ് ലക്ഷം പുതിയ അംഗങ്ങളുണ്ടായി.  പ്രത്യേകിച്ചും യുവജനങ്ങളാണ് പാര്‍ടി അംഗങ്ങളായത്.  ചെലവുചുരുക്കല്‍നയത്തിനെതിരെ നടത്തിയ ഈ പാര്‍ലമെന്റേതര ജനകീയപ്രസ്ഥാനം  ലേബര്‍ പാര്‍ടിയുടെ ജനകീയസ്വാധീനം വിപുലമാക്കി.

തെരഞ്ഞെടുപ്പിന് എതാനും ദിവസംമുമ്പ് മാഞ്ചസ്റ്ററിലും ലണ്ടനിലും ഭീകരാക്രമണങ്ങളുണ്ടായി.  ജെറെമി കോര്‍ബിന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഈ ഭീകരവാദ ആക്രമണങ്ങളെ ഇറാഖിലും ലിബിയയിലും സിറിയയിലും ബ്രിട്ടന്‍ നടത്തിയ സായുധ കടന്നാക്രമണങ്ങളുമായി ബന്ധിപ്പിച്ചു.  വലതുപക്ഷമാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും കോര്‍ബിന്‍ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. എന്നാല്‍, ഇറാഖിലും ലിബിയയിലും പാശ്ചാത്യശക്തികള്‍ നടത്തിയ സൈനിക ഇടപെടലാണ് ബ്രിട്ടനെ ഇപ്പോള്‍ പ്രതികാരവാഞ്ഛയോടെ ആക്രമിക്കുന്ന ഇസ്ളാമിക ഭീകരവാദത്തിന് കാരണമായതെന്ന്  ജനങ്ങള്‍ മനസ്സിലാക്കി.

ജെറെമി കോര്‍ബിന്റെയും ലേബര്‍ പാര്‍ടിയുടെയും വിജയത്തിന് യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്.  സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളുടെ  പാപ്പരായ രാഷ്ട്രീയത്തിന് യൂറോപ്പില്‍ അന്ത്യമായെന്നും യഥാതഥമായ ഇടതുപക്ഷരാഷ്ട്രീയം ഉയര്‍ന്നുവരികയാണെന്നും ഇത് തെളിയിക്കുന്നു. അമേരിക്കയില്‍ ഹിലരി ക്ളിന്റനെതിരെ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനര്‍ഥിയായി ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ’ ബെര്‍ണി സാന്‍ഡേഴ്സിന് ലഭിച്ച വര്‍ധിച്ച പിന്തുണയും ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ഥിയായ ഴാങ് ലൂക്ക് മെലന്‍ഷോണിന് 20 ശതമാനം വോട്ട് ലഭിച്ചതും ഇതാണ് തെളിയിക്കുന്നത്. നവ ഉദാരവല്‍ക്കരണത്തിനും വംശീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പൊരുതാനും ബദല്‍മാര്‍ഗം കാണിക്കാനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News