രാജ്യാന്തര ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും; ബിജു മുത്തത്തിയുടെ ‘മീനാക്ഷിപ്പയറ്റ്’ രാവിലെ 11.45ന് നിളയില്‍

തിരുവനന്തപുരം: പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ച റോജര്‍ റോസ് വില്യംസിന്റെ ‘ലൈഫ് ആനിമേറ്റഡ്’, പ്രാന്തിക്ക് ബസുവിന്റെ ‘സഖിസോണ’ എന്നീ ചിത്രങ്ങളാണ് പത്താമത് മേളയുടെ ഉദ്ഘാടന ചിത്രങ്ങളായി തിരശീലയിലെത്തുന്നത്.

റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് സഖി സോണ. പത്രപ്രവര്‍ത്തകനായ റോണ്‍ സസ്‌ക്കിംഗ് ഓട്ടിസം ബാധിച്ച മകനെക്കുറിച്ചെഴുതിയ പുസ്തകം ആധാരമാക്കിയുള്ളതാണ് റോജര്‍ റോസ് വില്യംസിന്റെ ‘ലൈഫ് ആനിമേറ്റഡ്’ എന്ന 91 മിനിറ്റുള്ള ചിത്രം. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പാലസ്ഥീനില്‍ നിന്നുള്ള മായി മസ്രിയുടെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജര്‍മ്മന്‍ മാസ്റ്റര്‍ വിന്‍ ആന്‍ഡേഴ്‌സന്റെ ചിത്രങ്ങളും മേളയുടെ ആകര്‍ഷണമാണ്. അന്തരിച്ച ചലം ബനൂര്‍ക്കര്‍, ജോണ്‍ ബെര്‍ഗര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തിലും തീയറ്ററിലെത്തും.
ബിജു മുത്തത്തി സംവിധാനം ചെയ്ത മീനാക്ഷിപ്പയറ്റ് ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആണുങ്ങളുടെ കുത്തകയായിരുന്ന കളരിപ്പയറ്റില്‍ ആധിപത്യം നേടിയ 75കാരിയ മീനാക്ഷി ഗുരുക്കളുടെ അഭ്യാസ ജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. രാവിലെ 11.45ന് നിളാ തീയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

തുടര്‍ന്ന് പക്ഷികളുടെ പ്രജനനത്തെക്കുറിച്ചുള്ള ബാബുകാമ്പ്രത്തിന്റെ മദര്‍ ബേര്‍ഡും പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള ചിത്രവും പ്രദര്‍ശിപ്പിക്കും. രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്ക് വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതോടെ മേള ഇത്തവണ വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ചലച്ചിത്ര അക്കാദമി വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ജൂണ്‍ 20വരെയാണ് മേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here