കൊച്ചി മെട്രോ എത്ര കോടി ലാഭിച്ചു; അറിയാം; മെട്രോമാന്‍ ശ്രീധരന്‍ പറയുന്നു

കൊച്ചി: എല്ലാ ആശങ്കകളും വിവാദങ്ങളും മറികടന്ന് മലയാളികളുടെ അഭിമാനമായ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പൂര്‍ണ്ണ സജ്ജമായിരിക്കുകയാണ്. മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പരിശ്രമഫലമായാണിത്.

രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ല. അതു നടപ്പാക്കാന്‍ കെഎംആര്‍എല്‍ സജ്ജമാണ്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമൊത്തുള്ള പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും ശ്രീധരന്‍ പറഞ്ഞു. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം. നിര്‍മാണജോലി ടെന്‍ഡര്‍ ചെയ്യുന്നതിലെ പ്രത്യേകതമൂലമാണ് ഈ ലാഭമുണ്ടായത്.

ഡിഎംആര്‍സിയുടെ ജോലികള്‍ മത്സരബുദ്ധിയോടെ കരാറുകാര്‍ ഏറ്റെടുക്കും. ചെയ്യുന്ന ജോലിക്കുള്ള പണം വേഗത്തില്‍ കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ഈ ലാഭം ബാക്കിയുള്ള പേട്ടവരെയുള്ള പാതയുടെ നിര്‍മാണത്തില്‍ പ്രതീക്ഷിക്കാനാകില്ല. സ്ഥലം ഏറ്റെടുക്കലെല്ലാം പ്രതിസന്ധിയിലാണ്.ഒന്നാംഘട്ടത്തിലെ 25 കിലോമീറ്റര്‍ പാതയും ഈ നാലുവര്‍ഷത്തിനകം പൂര്‍ത്തിയാകാത്തതില്‍ തനിക്ക് വലിയ നിരാശയുണ്ട്. വൈറ്റിലമുതലുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതാണ് തടസ്സമായത്.

കൊച്ചി മെട്രോ നിര്‍മാണത്തിന് നാട്ടുകാരുടെ സഹകരണം വേണ്ടുവോളം കിട്ടി. ഡിഎംആര്‍സിയിലുള്ള വിശ്വാസമായിരുന്നു കാരണം.
മെട്രോശൃംഖല കിഴക്കോട്ടും പശ്ചിമ കൊച്ചിയിലേക്കും നീളണം. എങ്കില്‍ മാത്രമെ ഉദ്ദേശിച്ച പ്രയോജനം കിട്ടൂ. പശ്ചിമ കൊച്ചിക്ക് ഭൂഗര്‍ഭപാതയാണ് നല്ലത്. സ്റ്റേഷനുകള്‍ക്കു മാത്രം സ്ഥലമെടുത്താല്‍ മതി. ഭൂമി വിട്ടുനല്‍കുന്നവരെ സ്റ്റേഷനുകളുടെ ഭാഗമായി ബഹുനില മന്ദിരങ്ങള്‍ നിര്‍മിച്ച് പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News