കൊച്ചി മെട്രോയെ നിധി പോലെ കാത്തുസൂക്ഷിക്കണമെന്ന് ഇ ശ്രീധരന്‍; സ്വഭാവത്തിലും മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരണം

കൊച്ചി: കൊച്ചി മെട്രോ സമ്മാനം മാത്രമല്ല, നിധിയായി കരുതി കാത്തു സൂക്ഷിക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മെട്രോ വരുമ്പോള്‍ ഇവിടുത്തെ ജനതയുടെ സ്വഭാവത്തിലും മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ അച്ചടക്കം പാലിക്കണം. സ്റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതു പോലുള്ള കരുതല്‍ മെട്രോയോട് ഉണ്ടാവണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചു.

ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലഭിച്ച പിന്തുണയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെ സന്മനസും അവര്‍ക്ക് തന്നിലുള്ള വിശ്വാസവുമായിരിക്കാം അതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഇ ശ്രീധരന്‍ രാഷ്ട്രപതിയായേക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘അത് അവരുടെ ഭാവന മാത്രമാണ്. രാഷ്ട്രപതിയാകാന്‍ പോകുന്നു എന്ന വാര്‍ത്ത പൂര്‍ണ്ണമായും നിഷേധിക്കുന്നു. അതിന് തനിക്ക് ഒരു മോഹവുമില്ല.’

മെട്രോ നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News