സാംസ്‌കാരിക ഫാസിസത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മന്ത്രി എകെ ബാലന്‍; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ഡോക്യുമെന്ററി വിലക്കിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: അന്തര്‍ദേശീയ ഡോക്യുമെന്ററി ഫെസ്റ്റില്‍ നിന്നും മൂന്നു ഡോക്യുമെന്ററികളെ കേന്ദ്രം വിലക്കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി എകെ ബാലന്‍. സര്‍ക്കാര്‍ നിലപാട് നാളെ കോടതിയെ അറിയിക്കുമെന്നും സാംസ്‌കാരിക രംഗത്തെ ഫാസിസത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എകെ ബാലന്‍ അറിയിച്ചു.

ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണിത്. ഈ സിനിമകള്‍ക്ക്പിന്നണിയില്‍ മലയാളികളുണ്ട്. അവരാരും ദേശദ്രോഹികളല്ല. ഇന്ത്യയിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളെക്കുറിച്ചും ജനകീയപ്രക്ഷോഭങ്ങളെക്കുറിച്ചും സിനിമയെടുക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല. സമഗ്രാധിപത്യ ഭരണകൂടത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ കൈകടത്തല്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കേരളം ഇതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും എകെ ബാലന്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ ഡോക്യുമെന്ററി സംവിധായകര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി തളളിയിരുന്നു. ഡോക്യുമെന്ററികളുടെ സംവിധായകരല്ല, ഡോക്യുമെന്ററി ഫെസ്റ്റ് സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയാണ് കോടതിയെ സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തളളിയത്.

ജെഎന്‍യു പ്രക്ഷോഭത്തെക്കുറിച്ചുള്ള മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക തിരുവനന്തപുരം സ്വദേശി കാത്തു ലൂക്കോസ്, കശ്മീര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ അഭിമുഖം ഉള്‍പ്പെട്ട ഇന്‍ ദി ഷേഡ് ഒഫ് ഫാളന്‍ ചിനാര്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകരായ ഷോണ്‍ സെബാസ്റ്റ്യന്‍, ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ചിത്രങ്ങള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here