കൊച്ചി പഴയ കൊച്ചിയല്ല; കേരളം വികസനത്തിന്റെ പുതിയ ട്രാക്കില്‍; മെട്രോ നാടിന് സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; നാടും നഗരവും കനത്ത സുരക്ഷയില്‍

കൊച്ചി: കേരളത്തിന്റെ വികസന സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന കൊച്ചി മെട്രോ അല്‍പ്പ സമയത്തിനകം നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 മണിക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരിക്കും കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുക.

ശനിയാഴ്ച രാവിലെ 10.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ പ്രധാനമന്ത്രി കൊച്ചിയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം 10.35ന് പാലാരിവട്ടം സ്റ്റേഷനിലെത്തും. ഇവിടെ നിന്നും മുഖ്യമന്ത്രി പിണറായിക്കൊപ്പം മെട്രോ ട്രെയിനില്‍ പത്തടിപ്പാലത്തേക്കും തിരിച്ചും യാത്രചെയ്യും. പിന്നീട് 11 മണിയോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് ഉദ്ഘാടനം നിര്‍വഹിക്കുക.

നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം സ്റ്റേഷന്‍ വരെ കനത്ത സുരക്ഷയൊരുക്കും. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങള്‍ വരെ 17ന് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണ ക്യാമറകളും ഉദ്ഘാടന വേദികളില്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാ കാവല്‍ ആരംഭിച്ചിട്ടുണ്ട്. എസ്പിജിയുടെ നിരീക്ഷണത്തിന് പുറമെ 2000 പോലീസുകാരെയും സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News