രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സര്‍വ്വെയില്‍ അദ്വാനിയെയും സുഷമയെയും അമിതാഭ് ബച്ചനെയും പിന്നിലാക്കി മെട്രോമാന്‍ ശ്രീധരന്‍ ഒന്നാമത്

ദില്ലി: മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. എന്നാല്‍ അതിനിടയിലാണ് ശ്രീധരന്റെ പേരിന് മുന്‍തൂക്കം ലഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രമുഖ ദേശിയ മാധ്യമമായ ഇന്ത്യാ ടുഡെ നടത്തിയ ‘കോന്‍ ബനേഗാ രാഷ്ട്രപതി’ സര്‍വ്വേയില്‍ ശ്രീധരനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെയും ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനെയും പിന്നിലാക്കിയാണ് മെട്രോമാന്റെ കുതിപ്പ്.
പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ സര്‍വ്വേയില്‍ മൂന്നിലൊന്നു പേരും പിന്തുണച്ചത് ശ്രീധരനെയാണ്. 11,802 പേരില്‍ 4,659 പേര്‍ ഇ ശ്രീധരന് വോട്ട് ചെയ്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജനപ്രീതിയില്‍ രണ്ടാമതെത്തി. 15 ശതമാനത്തിലധികം പേര്‍ സുഷമ സ്വരാജിന് വോട്ട് ചെയ്തു. 13 ശതമാനം പേരുടെ പിന്തുണയുമായി എല്‍കെ അദ്വാനിയാണ് മൂന്നാമത്.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിക്ക് 11 ശതമാനം വോട്ട് ലഭിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനും അമിതാഭ് ബച്ചനും അഞ്ച് ശതമാനത്തിനടുത്താണ് ജനപ്രീതി. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, പ്രസിഡന്റ് പ്രണബ് മുഖര്‍ജി, മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറും ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, നിയമജ്ഞന്‍ ഫലി എസ് നരിമാന്‍ എന്നിവരെല്ലാം ബഹുദൂരം പിന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News