വെണ്ണക്കല്ലിലെ കവിതയ്‌ക്കെതിരേയും യോഗി ആദിത്യനാഥ്; ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കാത്ത താജ്മഹലിന്റെ രൂപം വിദേശവിശിഷ്ടാതിഥികള്‍ക്ക് ഉപഹാരമായി നല്കരുത്; ഈ തെറ്റു തിരുത്തിയ മഹാനാണ് മോദിയെന്നും യോഗിയുടെ പുതിയ വെളിപാടുകള്‍

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം മുന്‍നിര്‍ത്തി ബിഹാറില്‍ ബിജെപി സംഘടിപ്പിച്ച റാലിയാണ് യോഗീവചനങ്ങള്‍ക്കു വേദിയായത്.

‘വിദേശികളായ വിശിഷ്ടാതിഥികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റു മിനാരങ്ങളുടേയും രൂപങ്ങളാണ് സമ്മാനമായി നല്‍കുന്നത്. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നവയല്ല.’ യുപി മുഖ്യമന്ത്രി പറഞ്ഞു.

‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇത്തരം പിഴവുകള്‍ തിരുത്തപ്പെട്ടു. മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വിദേശരാഷ്ട്രത്തലവന്‍മാര്‍ക്ക് ഭഗവത് ഗീതയോ രാമായണമോ ആണ് സമ്മാനിക്കുന്നത്. വിദേശ രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോഴും അവര്‍ക്ക് ഇത്തരം ഉപഹാരങ്ങള്‍ നല്കുന്നു.’ യോഗി വിശദമാക്കി.
രാമായണം ഒരു വിദേശ രാഷ്ട്രത്തലവന് സമ്മാനിക്കുമ്പോള്‍ അത് ബിഹാറിന്റെ ചരിത്രത്തെയാണ് സൂചിപ്പിക്കുന്നത് എന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

ബിജെപി നേതാക്കളുടെ പതിവുപോലെ ജയ് ശ്രീ രാം എന്നു വിളിച്ചു പറഞ്ഞാണ് യോഗി പ്രസംഗം തുടങ്ങിയത്. ജയ് ഗോമാതാജി എന്ന പുതിയ മുദ്രാവാക്യവും യോഗി ഈ പ്രസംഗത്തില്‍ ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel