പാമ്പന്‍ പാലത്തില്‍ തുടങ്ങിയ ജൈത്രയാത്ര കൊച്ചിയിലെത്തി നില്‍ക്കുമ്പോള്‍; അത് മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ കഥകൂടിയാണ്

മലയാളക്കര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷത്തിമിര്‍പ്പിലാണ്. സംസ്ഥാന ചരിത്രത്തിലെ നാഴികകല്ലായി മാറുന്ന കൊച്ചി മെട്രോ ഉത്ഘാടനത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ പാലക്കാട്ടുകാരന്‍ ഏലാട്ടുവളപ്പില്‍ ശ്രീധരന്റെ പുഞ്ചിരിയാണ് മലയാളികളുടെ മുറ്റത്ത് നിറയുന്നത്. രാജ്യത്തിന്റെ മെട്രോമാന്‍ എന്നറിയുമ്പോഴും മലയാളത്തനിമ ജീവിതത്തിലും പ്രവൃത്തിയിലും കൊണ്ടു നടക്കുന്ന ശ്രീധരനും സ്വപ്‌ന സായൂജ്യത്തിലാണ്.

കൊച്ചിയുടെ ആകാശത്ത് മെട്രോ ഓടിതുടങ്ങുമ്പോള്‍ ശ്രീധരനും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിക്കഴിഞ്ഞു. മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആ ജീവിതവും നിശ്ചയദാര്‍ഡ്യവും നമ്മള്‍ അറിയേണ്ടതു തന്നെ. പതിറ്റാണ്ടുകള്‍ നീണ്ട മെട്രോയെന്ന സ്വപ്‌നം ചൂളം വിളിക്കുമ്പോള്‍ ആ ചൂളം വിളിക്ക് പിന്നില്‍ ഏലാട്ടുവളപ്പില്‍ ശ്രീധരന്റെ പങ്ക് ചരിത്രത്തില്‍ അടയാളപ്പെടുത്തും.

സ്വപ്‌നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് മെട്രോ എത്തിയത് ഒരു പതിറ്റാണ്ട് മുമ്പ് മാത്രമാണ്. വെല്ലുവിളികളുടെ നടുവില്‍ ഡി എം ആര്‍ സി കരാര്‍ ഏറ്റെടുത്തത് തന്നെ ശ്രീധരന്റെ ഉറച്ച മനസ്സിന്റെ ഫലം കൊണ്ടുകൂടിയായിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുപ്പിലെ വെല്ലുവിളികളും സമരങ്ങളുടെയും എതിര്‍പ്പുകളുടെയും ഘോഷയാത്രയ്ക്ക് അപ്പോഴും അവസാനമായിരുന്നില്ല. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ സ്വത സിദ്ധമായ പുഞ്ചിരിയോടെ ശ്രീധരന്‍ മുന്നില്‍ നിന്നു.

മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ശ്രീധരന്റെ പങ്ക് എത്രത്തോളം വലുതാണെന്ന് മലയാളികള്‍ക്ക് ഉറച്ചബോധ്യവുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചപ്പോള്‍ കേരളം ഒന്നടങ്കം രംഗത്തുവന്നതും. ആരില്ലെങ്കിലും ശ്രീധരന്‍ വേണമെന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ മോദിയുടെ ഓഫീസിന്റെ തീരുമാനങ്ങള്‍ കാറ്റില്‍ പറന്നു. ഉദ്ഘാടന വേദിയില്‍ സ്വര്‍ണത്തിളക്കത്തില്‍ ശ്രീധരനുണ്ടാകുമ്പോള്‍ മലയാളികളുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടരും.

അഴിമതിയുടെ കറ പുരളാത്ത ചരിത്രമാണ് മെട്രോമാനെ ലോകത്തിന് മുന്നില്‍ പോലും വിസ്മയമാക്കുന്നത്. കമ്മീഷന്‍ വ്യവസ്ഥയെ അംഗീകരിക്കാതെ അതിന് വഴങ്ങാതെ മുന്നേറുന്നതാണ് ശ്രീധരനെന്ന എഞ്ചിനിയറുടെ കരുത്ത്. കൈക്കൂലി വേണ്ടെന്ന് വച്ചാല്‍ തന്നെ പാതി പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നാണ് ശ്രീധരന്റെ പക്ഷം. വിവാഹ സമ്മാനമായി ലഭിച്ച 15 പവന്‍ സ്വര്‍ണം തിരിച്ചേല്‍പ്പിച്ചടുത്തു നിന്ന് തുടങ്ങുന്നതാണ് ശ്രീധരന്റെ പോരാട്ടം.

അച്ചടക്കം, ജോലിയോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സമയക്ലിപ്തത, പ്രഫഷനല്‍ മികവ് എന്നിവയാണ് തന്റെ വിജയ രഹസ്യമായി ശ്രീധരന്‍ മുന്നോട്ട് വയ്ക്കുന്നത്. വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തിയിലും ഇതെല്ലാം നിലനിര്‍ത്തിയാണ് എണ്‍പത്തിയഞ്ച് വയസ് പിന്നിട്ട ഏലാട്ടുവളപ്പിലുകാരന്‍ മലയാളിയുടെ സ്വന്തം അഹങ്കാരമായത്.

രാജ്യത്തെ ആദ്യ ആധുനിക മെട്രോയായ ഡല്‍ഹി മെട്രോ യാഥാര്‍ഥ്യമാക്കി 2011ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)ന്റെ പടിയിറങ്ങിയ ശ്രീധരന്‍ പിന്നീട് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവായാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ നേതൃത്വം ഏറ്റെടുത്തത്. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കൊച്ചി മെട്രോ കേരളത്തിന്റെ വികസന വഴിയിലെ നാഴിക കല്ലാണ്.
പാലക്കാട് ജില്ലയിലെ കറുകപുത്തൂരില്‍ കീഴൂട്ടില്‍ നീലകണ്ഠന്‍ മൂസതിന്റെയും കാര്‍ത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പില്‍ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളില്‍ ഏറ്റവും ഇളയവനായ ശ്രീധരന്‍ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവില്‍ എന്‍ജിനിയര്‍മാരില്‍ ഒന്നാമനായി മാറുകയായിരുന്നു. റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി 1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ വിശ്രമമില്ലാത്ത 63 വര്‍ഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്.

പാമ്പന്‍പാലം 1964ല്‍ 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പനയും മറ്റാരുടേതുമായിരുന്നില്ല. കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ആദ്യ കപ്പല്‍ റാണിപത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ തലപ്പത്തും ശ്രീധരന്റെ പുഞ്ചിരിയുണ്ടായിരുന്നു. 1990ല്‍ റെയില്‍വേയില്‍നിന്നു വിരമിച്ച് കൊങ്കണ്‍ റെയില്‍വേയുടെ തലപ്പത്തെത്തി. ഏഴുവര്‍ഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റര്‍ കൊങ്കണ്‍പാത പൂര്‍ത്തിയാക്കിയും രാജ്യത്തെ ഞെട്ടിച്ചു.

പിന്നീടാട് രാജ്യത്തെ അത്യാധുനിക മെട്രോ തീര്‍ക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആര്‍സിയിലെത്തിയത്. നിശ്ചിതസമയത്തിന് രണ്ടുവര്‍ഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവര്‍ഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോയുടെ ആദ്യഘട്ടവും യാഥാര്‍ത്ഥ്യമാക്കി ശ്രീധരന്‍ മാജിക്കിന് സാധിച്ചു. നാലരവര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടവും പാളത്തിലായതോടെ സ്വര്‍ണതിളക്കമായിരുന്നു ശ്രീധരന്.
ഇതിനിടെ ജയ്പുര്‍, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേല്‍നോട്ട ചുമതലയും കാര്യക്ഷമമായി പൂര്‍ത്തിയാക്കി.


ജന്മ നാടിനുള്ള ശ്രീധരന്റെ സമ്മാനം കൂടിയാണ് കൊച്ചി മെട്രോ. പച്ചാളം മോഡലിലൂടേയും ഇടപ്പള്ളി പാലത്തിലൂടേയും ശ്രീധരന്‍ കയ്യൊപ്പ് മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പച്ചാളം റെയില്‍വേ പാലം നിര്‍മ്മിക്കാന്‍ 59 കോടിയില്‍ 20 കോടി ഖജനാവിന് തിരിച്ചു നില്‍കി അദ്ദേഹം ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. അതാണ് ശ്രീധരനെന്ന എഞ്ചിനീയറുടെ മാജിക്ക്. എത്ര കുറഞ്ഞ ബജറ്റ് വകയിരുത്തിയാലും അതിലും കുറഞ്ഞ തുകയ്ക്ക് പണി പൂര്‍ത്തിയാക്കി ബാക്കി തുക ഖജനാവില്‍ തിരിച്ചേല്‍പ്പിക്കാന്‍ വേറെ ഏത് എഞ്ചിനയര്‍ക്കാണ് സാധിക്കുക.

ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിലുമുണ്ട് ആര്‍ക്കും അവകാശപ്പെടാനാകാത്ത ശ്രീധരന്‍ ടച്ച്. 108 കോടി രൂപ അനുവദിച്ച പദ്ധതി 78 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ ശ്രീധരനും സാധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ അടിപ്പാത നിര്‍മ്മാണം ശ്രീധരന്‍ ലാഭിച്ച് നല്‍കിയ 30 കോടിയില്‍ പണിയാമെന്നതാണ് മറ്റൊരു സവിശേഷത.
ആര്‍ക്കും കമ്മീഷന്‍ നല്‍കാതെ വ്യക്തമായ പദ്ധതികളുമായി ശ്രീധരന്‍ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കുമ്പോള്‍ എല്ലാം മാറി മറിയും. അവിടെ പണികള്‍ കൃത്യമായി നടക്കും. പാഴ് ചെലവ് വരികയുമില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവില്‍ പണി തീരും. അങ്ങനെ ഖജനാവിന് നേട്ടവുമാകും ജനങ്ങള്‍ക്ക് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ ആശ്വാസവുമാകും.


ഡല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത പുറമേ കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത, തകര്‍ന്ന പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കര്‍മ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. മെട്രോയുടെ ആദ്യഘട്ടത്തില്‍ ലാഭിച്ചു നല്‍കിയത് 300 കോടി കൊച്ചി മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടാക്കന്‍ സാധിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയില്‍ നിന്നും അപ്പുറത്തേക്ക് കേരളം ചിന്തിച്ചു തുടങ്ങിയതിന് കാരണക്കാരനും മറ്റൊരാള്‍ ആയിരുന്നില്ല. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയിലിന്റെയും തെക്കു വടക്ക് അതിവേഗ റെയില്‍പ്പാതയുടെയും സ്വപ്‌നങ്ങളാണ് ശ്രീധരനിലൂടെ മലയാളി ഇപ്പോള്‍ കാണുന്നത്. ആറു പതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ റെയില്‍ സര്‍വീസിലേക്ക് നടന്നുകയറിയ അതേ ചുറുചുറുക്കോടെ ഈ എണ്‍പത്തിയഞ്ചാം വയസ്സിലും പുതിയ ചുമതല ഏറ്റെടുത്ത് പൊന്നാനിയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും ബംഗളൂരുവിലേക്കുമെല്ലാം നിരന്തരം യാത്ര ചെയ്യുന്ന ശ്രീധരന്‍ ഒരു വിസ്മയം തന്നെയാണ്. 2008ല്‍ രാജ്യം പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാളും എത്രയോ ഉയരത്തിലാണ് ഒരു ജനതയുടെ ഹൃദയത്തില്‍ ഏലാട്ടുവിളപ്പില്‍ ശ്രീധരനുള്ളതെന്ന് ഏവര്‍ക്കുമറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News