മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കൊച്ചി: അവധിയും അസുഖവുമെല്ലാം കഴിഞ്ഞ് ശരാശരി 280 ദിവസം കൊച്ചിയില്‍ ജോലിക്കെത്തുന്നവര്‍ അതിനായി യാത്രചെയ്യുന്നത് 26 ദിവസം. തൊഴില്‍മേഖല തിരിച്ചാല്‍ ഈ കണക്ക് മാറും. ഓഫീസ് ജോലിക്കെത്തുന്നവരുടെ കാര്യത്തില്‍ ഇത് പൂര്‍ണമാസമാണ്. ഓഫീസ്‌ജോലി സാധ്യത താരതമ്യേന കുറഞ്ഞ സമീപജില്ലകളില്‍നിന്നുപോലും കൊച്ചിയിലെത്തുന്നവര്‍ ദിവസം ശരാശരി 131 മിനിറ്റ് യാത്രയ്ക്ക് ചെലവിടുന്നു. ആലുവയില്‍നിന്നും ആലപ്പുഴയില്‍നിന്നും വരുന്നവര്‍ ഇതിലുണ്ട്. കണക്കിനെക്കാള്‍ എത്രയോ കൂടുതല്‍ സമയം ബസിലും ട്രെയിനിലുമെല്ലാം കഴിയേണ്ടിവരുന്നവരുടെ എണ്ണം അത്ര കുറവല്ലെന്ന് സാരം.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനം, മെട്രോ പദവിയിലേക്കുകുതിക്കുന്ന നഗരം, ഇപ്പോള്‍ മെട്രോ റെയിലും യാഥാര്‍ഥ്യമായി. എന്നാല്‍ രാജ്യത്ത് ഏറ്റവും വേഗം നഗരവല്‍കൃതമാകുന്ന സ്ഥലം എന്ന പദവിയാകും കൊച്ചിക്ക് കൂടുതല്‍ ചേരുക. 2011ലെ കണക്കനുസരിച്ച് എറണാകുളം ജില്ലയിലെ 68 ശതമാനം ജനങ്ങളും നഗരവാസികളാണ്. 10 വര്‍ഷം മുമ്പുള്ളതില്‍നിന്ന് 51.2 ശതമാനം വര്‍ധനയാണിത്. നഗരവാസികളുടെ എണ്ണം ദേശീയതലത്തില്‍ 31 ശതമാനവും സംസ്ഥാന ശരാശരി 48 ശതമാനവുമായിരുന്നു.

കൊച്ചി നഗരത്തില്‍ വന്നുപോകുന്നവരുടെ കൃത്യമായ കണക്ക് എങ്ങുമില്ല. എന്നാല്‍ കുരുക്കും തിരക്കുമാണ് എവിടെയും. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ മനുഷ്യശേഷിയും ഇന്ധനവുമെല്ലാം നഷ്ടമാകുന്നു. കൂടാതെ മലിനീകരണവും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കണക്കുകൂട്ടലില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ നഗരത്തിലെ വാഹനവേഗം മണിക്കൂറില്‍ ആറുമുതല്‍ എട്ടുവരെ കിലോമീറ്റര്‍ മാത്രമാകും. പ്രഭാത സവാരിക്കാരനും മറികടക്കാവുന്ന വേഗം.

റോഡിന് എന്തിനാണ് 70 അടി വീതിയെന്ന് അതിശയിച്ചിരുന്ന കാലം കൊച്ചിയിലെ പഴമക്കാര്‍ക്കറിയാം. സെവന്റി ഫീറ്റ് റോഡിനെതിരെ ഇവിടെ പ്രകടനം നടന്നിട്ടുണ്ട്. ഇന്ന് അത്തരം എത്ര റോഡുണ്ടായാലും മതിയാകാത്ത സ്ഥിതിയാണ്. നഗരവികസനത്തിന്റെ ആധുനിക സങ്കല്‍പ്പത്തിനു യോജിച്ച രീതിയിലാണ് കൊച്ചി വളര്‍ന്നതെന്ന് പറയാനാകില്ല. ഓഫീസ്സമുച്ചയങ്ങളും മാളുകളും നഗരത്തിനുപുറത്ത് സ്ഥാപിക്കുക എന്നതാണ് ശാസ്ത്രീയമായ രീതി. കലക്ടറേറ്റ് കാക്കനാട്ടേക്കു മാറ്റിയത് അതിന് മാതൃകയായി. പക്ഷെ ഹൈക്കോടതിക്ക് പുതിയ കെട്ടിടമായപ്പോള്‍ അതുണ്ടായില്ല. നഗരത്തിരക്കില്‍നിന്ന് ഒഴിയാന്‍ വിഭാവനംചെയ്ത ബൈപാസുകള്‍ വാണിജ്യകേന്ദ്രങ്ങളും മാളുകളുമായി.

2001ല്‍നിന്ന് 2011ല്‍ എത്തുമ്പോള്‍ കൊച്ചി കോര്‍പറേഷനിലെ ജനസംഖ്യാ വര്‍ധന 0.01 ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. വന്നുപോകുന്നവരും കൊച്ചിയിലെ കുരുക്കും തമ്മിലുള്ള ബന്ധം ഇതില്‍നിന്ന് വായിച്ചെടുക്കാം. പ്രതിമാസം 25 ലക്ഷം പേരെങ്കിലും നഗരത്തില്‍ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. രണ്ടുഘട്ടമായി 7,758 കോടി രൂപ അടങ്കലുള്ള മെട്രോ റെയില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കൊച്ചിയുടെ യാത്രാനുഭവം എന്താകും.

നാവികകേന്ദ്രവും തുറമുഖവും കപ്പല്‍ശാലയും കണ്ടെയ്‌നര്‍ ടെര്‍മിനലും ഇന്‍ഫോ പാര്‍ക്കുമെല്ലാമുള്ള കൊച്ചിയുടെ പൊലിമയ്ക്ക് മെട്രോ റെയിലും വലിയ മുതല്‍ക്കൂട്ടാകും എന്നത് സത്യം. എന്നാല്‍ പുതിയൊരു വാഹനം എന്നതിനപ്പുറം പുതിയൊരു യാത്രാസംസ്‌കാരംകൂടി പരിശീലിപ്പിച്ചാലെ കൊച്ചിയുടെ കുരുക്കുകള്‍ അഴിയു. ജലമെട്രോയും സൈക്കിളുമെല്ലാം ആ ദിശയിലേക്കുള്ള നീക്കമാകട്ടെ. പ്രതിമാസം രണ്ടായിരത്തിലേറെ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്ന നഗരമാണിത്. ഇതില്‍ 85 ശതമാനവും സ്വകാര്യവാഹനങ്ങളാണ്. മേല്‍പ്പാലമില്ലാത്ത നഗരമെന്ന നാണക്കേട് സമീപകാലംവരെ കൊച്ചിക്കുണ്ടായിരുന്നു. ഒരു കാറില്‍ കൂടുതല്‍ ആളുകളെ കൊണ്ടുപോകുന്ന പൂളിങ് സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കണം. മെട്രോ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ ജലപാതാ വികസനവും സബര്‍ബെന്‍ ട്രെയിനുമെല്ലാം വിസ്മൃതിയിലാകാതിരിക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News