
കൊച്ചി: കേരളം കണ്ട സ്വപ്നം കൊച്ചിയുടെ ആകാശത്തേക്ക് കുതിച്ചുപാഞ്ഞു. ഒരു ജനതയുടെ മഹാസ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ അത് സംസ്ഥാന വികസനത്തിന്റെ നാഴികകല്ലായി മാറി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിച്ച കൊച്ചി മെട്രോ കേരളത്തിന്റെയാകെ മനസ്സ് നിറയ്ക്കുന്നു.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മെട്രോ നാടിന് സമര്‍പ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള സംഘം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്യ്തശേഷം തിരിച്ചെത്തിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യത്തിന് അഭിമാന നിമിഷമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ത്തിയായ രാജ്യത്തെ ആദ്യ മെട്രോയ്ക്ക് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നു. മുഖ്യമന്ത്രിയേയും കൊച്ചിയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
മെട്രോ ഉദ്ഘാടനം വിവാദമാക്കാന്‍ ശ്രമിച്ചവര്‍ നിരാശരായെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി തുടങ്ങിയത്. ഉദ്ഘാടനം പ്രധാനമന്ത്രി ചെയ്യണമെന്നതായിരുന്നു ആദ്യം മുതലുള്ള സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന് അഭിമാന മുഹുര്‍ത്തമാണെന്നും കേരളത്തിന്റെ സാമ്പത്തിക വികസനകുതിപ്പില്‍ മെട്രോ നിര്‍ണായകമാകുമെന്നും പിണറായി വ്യക്തമാക്കി.
ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായ മെട്രോയെന്നായിരുന്നു വെങ്കയ്യനായിഡു പറഞ്ഞത്. ഏത് വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയനും മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കുംവേണ്ടിയുള്ള ‘കൊച്ചി വണ്‍ കാര്‍ഡ’ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും പുറത്തിറക്കി. വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയര്‍ സൌമിനി ജയിന്‍, കെ വി തോമസ് എംപി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങള്‍ക്കായുള്ള മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതലാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കായുള്ള യാത്ര മാത്രമാണ് തീരുമാനച്ചിട്ടുള്ളത്. ഞായറാഴ്ച അഗതികള്‍ക്കും അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി മെട്രോയാത്ര നടത്തും. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് മെട്രോ ട്രെയിനുകള്‍ ഓടുക.
ഇപ്പോള്‍ 11 സ്റ്റേഷനാണുള്ളത്. മൂന്നു കോച്ചുള്ള ആറു ട്രെയിനാണ് ആലുവ മുതല്‍ പാലാരിവട്ടംവരെ ഇരുവശത്തേക്കും ഓടുക. ഒമ്പതു മിനിറ്റ് വ്യത്യാസത്തിലാണ് ഓരോ ട്രെയിനും എത്തുക. ഒരു ട്രെയിനില്‍ ആയിരത്തോളം പേര്‍ക്ക് കയറാം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളിയാഴ്ചമുതല്‍തന്നെ കനത്ത സുരക്ഷാവലയത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here