പീപ്പിള്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; മൊഴിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയ ഏരൂര്‍ എസ്‌ഐയോട് വിശദീകരണം തേടി

കൊച്ചി: കൈരളി പീപ്പിള്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിയേയും ഭാര്യയേയും ആക്രമിച്ച പ്രതി കെപി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട് പണിയുടെ കരാര്‍ നല്‍കാത്തതിന്റെ പൂര്‍വ്വ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പ്രജീഷിന്റെ ഭാര്യയുടെ മൊഴിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് കൊല്ലം റൂറല്‍ എസ്പി ഏരൂര്‍ എസ്‌ഐയോട് വിശദീകരണം തേടി.

പ്രജീഷിന്റെ സഹോദരിയുടെ വീടിന് സമീപത്ത് വച്ചാണ് സംഭവം. സഹോദരിയുടെ വീടിന്റെ പാലുകാച്ചു കര്‍മ്മം കഴിഞ്ഞ് റോഡിലൂടെ നടന്നു വരുകയായിരുന്ന പ്രജീഷിനെയും ഭാര്യയെയും രാജു പട്ടികളെ അഴിച്ചുവിട്ടു കടിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടമായി എത്തിയ പട്ടികളെ ഓടിപ്പിക്കാന്‍ പ്രജീഷ് കല്ല് എടുക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ രാജു അസഭ്യം പറയുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രജീഷിന്റെ ഭാര്യ ഷൈനി പറഞ്ഞു.

കരാര്‍ നല്‍കാത്തതിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പ് രാജു പ്രജീഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രജീഷ് കൈപ്പള്ളിയും ഭാര്യയും അഞ്ചല്‍ സെന്റ് ജൊസഫ് മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് തന്റെ മൊഴിയെടുത്തില്ലെന്ന് കാട്ടി ഷൈനി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരൂര്‍ എസ്‌ഐയോട് റൂറല്‍ എസ്പി സുരേന്ദ്രന്‍ വിശദീകരണം തേടി.

കെപി രാജുവിനെ ആദ്യം ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ നിന്ന് രക്ഷപെടാനുള്ള സാഹചര്യം ഏരൂരിലെ ചില പൊലീസുകാര്‍ ഒരുക്കിയത് വിവാദമായി. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ശിക്ഷാ നടപടിക്ക് വിധേയമായി ഏരൂരിലേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണെന്ന് സൂചന ലഭിച്ചു.

പ്രതിക്ക് സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാളുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് ഏരൂരിലെ സിപിഐഎം നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News