ജനനേന്ദ്രിയം മുറിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി; പോക്‌സോ കോടതിയില്‍ അപേക്ഷ

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണത്തില്‍ തനിക്ക് വിശാസമില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ മൊഴി ശാസ്ത്രിയതെളിവുകള്‍ക്ക് വിരുദ്ധമാണെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവസമയത്ത് അയ്യപ്പദാസ് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ലെക്കോഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മാത്രമല്ല, സംഭവസമയത്ത് പെണ്‍കുട്ടി അയ്യപ്പദാസിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ജനനേന്ദ്രിയം മുറിച്ച സംഭവം അറിഞ്ഞ് അയ്യപ്പദാസ് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിന് മുന്‍പും ശേഷവും പെണ്‍കുട്ടി മണിക്കൂറോളം അയ്യപ്പദാസിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പൊലീസ് കണ്ടെത്തി.

ഹരിസ്വാമിയുടെ ലിംഗം മുറിച്ചത് കാമുകനായ അയ്യപ്പദാസും സുഹൃത്തുക്കളായ മറ്റു രണ്ടു പേരുമാണെന്ന്, സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ദ്ദേശിച്ചതും അയ്യപ്പദാസും സുഹൃത്തുക്കളുമാണ്. എന്നാല്‍ സ്വാമിയുടെ സമീപത്ത് പോയെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. പിന്നീട് സ്വാമിയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തേക്ക് ഓടുകയായിരുന്നെന്നും പെണ്‍കുട്ടി കത്തില്‍ പറഞ്ഞിരുന്നു.

ഈ കത്തിന് പിന്നാലെ ഹരിസ്വാമിയുടെ അഭിഭാഷകനുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതില്‍ താന്‍ തന്നെയാണ് ലിംഗം മുറിച്ചതെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നുണ്ട്. സ്വാമിയുടെ ലിംഗം മുറിക്കാനായി കത്തി വീശിയത് താനാണ്. ഇത്രയും വലിയമുറിവ് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഇവിടെയും അയ്യപ്പദാസ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here